ഏഷ്യയിൽ ക്രൈസ്തവ പീഡനം കൂടുന്നു; ഇന്ത്യയിലും

ലണ്ടൻ: ലോകത്തിനു മതങ്ങളെ സംഭാവന ചെയ്ത ഏഷ്യ മതപീഡനത്തിന്റെ കേന്ദ്രമായി മാറുന്നു. ഭൂഖണ്ഡത്തിലെ മൂന്നിലൊന്നു ക്രൈസ്തവരും പീഡിപ്പിക്കപ്പെടുന്നു. ബ്രിട്ടനിലെ ഓപ്പൺ ഡോർ എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലുകൾ.
കമ്യൂണിസ്റ്റ് ചൈനയും ലോകത്തിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ഉത്തരകൊറിയയും പീഡനത്തിൽ മുന്നിൽ നിൽക്കുന്നു. സഹിഷ്ണുതയും അഹിംസയും ലോകത്തിനു നല്കിയ ഇന്ത്യയിൽ മതപീഡനം അതിഭീകരമായി വർധിച്ചുവരുന്നു. മതപീഡനത്തിൽ മുന്നിൽനിൽക്കുന്ന 50 രാജ്യങ്ങളുടെ പട്ടികയാണ് ഓപ്പൺ ഡോർ ഓരോ വർഷവും പുറത്തുവിടുന്നത്.
ഇന്ത്യക്കു പത്താം സ്ഥാനം. ചൈനയ്ക്ക് 27ാം സ്ഥാനം. ഇതാദ്യമായാണ് ഇന്ത്യ ആദ്യ പത്തിലെത്തുന്നത്. ലോകത്തു മൊത്തം 24.50 കോടി ക്രൈസ്തവർ പീഡനം നേരിടുന്നതായാണ് അനുമാനം. മുൻ വർഷം ഇത് 21.50 കോടി ആയിരുന്നു. ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഉത്തരകൊറിയക്കാണ്. കഴിഞ്ഞ 18 വർഷമായി അവർ സ്ഥാനം നിലനിർത്തുന്നു.
ഏഷ്യയിൽ ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് പീഡനം അതിതീവ്രം. ചൈന, നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ വളരെ കൂടുതലാണ്. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടിയ ഗണത്തിലും. ചൈന കഴിഞ്ഞ വർഷത്തെ 43ൽനിന്ന് 27ാം സ്ഥാനത്തേക്ക് ഉയർന്നു. 2019ൽ ചൈനയിൽ അഞ്ചു കോടി ക്രൈസ്തവർ സർക്കാരിന്റെ ഏതെങ്കിലുമൊരുതരത്തിലുള്ള പീഡനം നേരിടേണ്ടിവരുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
ചൈനയിൽ 93-115 ദശലക്ഷം പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും 10-12 ദശലക്ഷം കത്തോലിക്കരും ഉണ്ടെന്നാണ് അനുമാനം. വളർച്ചാനിരക്ക് തുടരുകയാണെങ്കിൽ 2030ൽ ചൈന ക്രൈസ്തവരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തും. എന്നാൽ മതത്തെ ഭീഷണിയായി കാണുന്ന ചൈനീസ് സർക്കാർ ഏതു വിധേനയും ഇതു തടയാനുള്ള ഊർജിതശ്രമം നടത്തുന്നു. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന പേരിൽ പള്ളികൾ റെയ്ഡ് ചെയ്ത് അടച്ചുപൂട്ടുന്നു. പുരോഹിതരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്യുന്നു. ക്രൂശിതരൂപത്തെ അപമാനിക്കൽ, ഓൺലൈൻ ബൈബിൾവില്പന നിരോധിക്കൽ, ക്രിസ്മസ് ആഘോഷം വിലക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ മതസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നു. വിശ്വാസികളുടെ എണ്ണം വർധിക്കുന്നതിൽ സർക്കാരിനുള്ള അമർഷം, പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ഉരുക്കുമുഷ്ടി, സൈബർ നിരീക്ഷണം തുടങ്ങിയ ഘടകങ്ങൾ ചൈനയിലെ മതപീഡനത്തിന്റെ പ്രധാന ഘടകങ്ങളാണെന്ന് ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു.
ചൈനയേക്കാൾ കൂടിയ നിലയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചു വർഷം മുന്പ് 28ാം സ്ഥാനത്തുനിന്നാണ് ഇന്ത്യ പത്താം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നത്. ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കും ഇന്ത്യയിൽ സുരക്ഷിതത്വമില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രൈസ്തവർക്ക് സ്വാഭാവിക ജീവിതം തന്നെ നയിക്കാനാവുന്നില്ല. തീവ്രദേശീയവാദമാണ് ഇന്ത്യയിലെ മതപീഡനത്തിന്റെ അടിസ്ഥാനമെന്ന് ഓപ്പൺ ഡോർ പറയുന്നു.
അൾജീരിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, മാലി, മൗറിത്താനിയ തുടങ്ങിയവയാണ് മതപീഡനത്തിൽ മുന്നിൽനിൽക്കുന്ന മറ്റു ലോകരാജ്യങ്ങൾ.