പരിശുദ്ധ മറിയം എന്ന പ്രകാശഗോപുരം

~ കെ ടി പൈലി ~

മാതാവിന്റെ വണക്കം പണ്ട് എല്ലാ കുടുംബങ്ങളിലും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു, പ്രത്യേകിച്ച് മെയ് മാസങ്ങളില്‍. കുടുംബങ്ങളില്‍ എല്ലാവരും ഒത്തുകൂടി എല്ലാദിവസവും വണക്കമാസാചരണം നടത്തിയിരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ സന്തോഷമായിരുന്നു ആ ദിനങ്ങള്‍. നല്ല മാതാവേ, മരിയേ……എന്നു തുടങ്ങുന്ന ഗാനം എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും സന്ധ്യാനേരത്ത് മുഴങ്ങികേട്ടിരുന്നു. ഇന്നത് എന്തുകൊണ്ടോ കേള്‍ക്കുന്നില്ല എന്നതാണ് ദു:ഖസത്യം. അമ്മയെ വണങ്ങാത്ത ഭവനം ഫലശൂന്യവും ദൈവാനുഭവമില്ലാത്തതായി ഭവിക്കുന്നു.

സ്ത്രീ-അമ്മ എന്നീ പദങ്ങളുടെ പൂര്‍ണ്ണത പരിശുദ്ധ മറിയത്തിലാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. സ്ത്രീത്വത്തിന്റെ മഹത്വവും അവള്‍ അമ്മയാണ് എന്നതുതന്നെയാണ്. സമയത്തിന്റെ പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ തിരുസുതനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി (ഗലാ-4/4). രക്ഷാകരപദ്ധതിയില്‍ സ്ത്രീയുടെ പങ്ക് ഇവിടെ വ്യക്തമാകുന്നു. ദൈവകൃപ നിറഞ്ഞ മറിയം എല്ലാ സ്ത്രീകള്‍ക്കും ഒരനുഗ്രഹമാണ്. സ്ത്രീയുടെ വ്യക്തിമാഹാത്മ്യം വിളിച്ചോതുന്ന ഈ അമ്മ അങ്ങനെ സകല ജനപഥങ്ങളുടെയും അമ്മയായി.

സ്വന്തം കുഞ്ഞിനു ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തി സംരക്ഷിക്കുന്നവളാണ് അമ്മ. ആ അമ്മയില്ലാതെ മക്കളില്ല, തലമുറകളില്ല. എന്നാല്‍ ആധുനികലോകത്തില്‍ ഏറ്റവും വിപണനമൂല്യമുള്ള വസ്്തുവായിതീര്‍ന്നിരിക്കുന്നു സ്ത്രീ. സ്ത്രീ സൗന്ദര്യം വമ്പന്‍ പരസ്യങ്ങളിലും, ആഘോഷങ്ങളിലും, മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. സ്ത്രീ വിപണനവസ്തു ആകുമ്പോള്‍ കുടുംബങ്ങള്‍ തകരുന്നു, പീഢനങ്ങളും, കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നു.

അവഗണിക്കപ്പെട്ടിരുന്ന സ്ത്രീസംസ്‌കാരത്തിന് ഏറ്റവും വലിയ മൂല്യം കല്പിച്ചത്് ദൈവപുത്രനായ ക്രിസ്തുവാണ്. സ്ത്രീയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ക്രിസ്തുദര്‍ശനത്തിന്റെ കാതലായ പ്രഖ്യാപനമാണ്. അതുകൊണ്ടാണ് അവനെ അനുഗമിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ് എന്ന് നാം കാണുന്നത്. ഭയം കൂടാതെ ക്രിസ്തുവിനെ കുരിശുയാത്രയില്‍ അനുഗമിച്ചതും, അവനെ തെല്ലും ഭയമില്ലാതെ തന്റെ തൂവാല കൊണ്ട്് മുഖം തുടച്ചതും വെറോണിക്ക എന്ന സ്ത്രീയായിരുന്നു. അതിനു കാരണം ക്രിസ്തു അവരോടു കാണിച്ച സ്‌നേഹവും, കരുതലും, കാരുണ്യവുമായിരുന്നു. അമ്മയെ അറിഞ്ഞ മകന് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അതുകൊണ്ട് സ്്ത്രീകളെ അവിടന്ന് ആദരിച്ചു വിലമതിച്ചു.

സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തിലൂടെ തങ്ങളുടെ സ്‌ത്രൈണതയുടെ പരിപൂര്‍ണ്ണ അര്‍ത്ഥം കണ്ടെത്തി സ്വന്തം കുടുംബത്തിലും, സമൂഹത്തിലും നന്മചെയ്യാന്‍ കഴിയും. ഇന്ന് നടമാടുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുവാന്‍ അവള്‍ക്കു കഴിയും. കാരണം പ്രപഞ്ചത്തിന്റെ നിലനില്പും ഐശ്വര്യവും സ്ത്രീയുടെ വിശുദ്ധിയിലും, സ്‌നേഹത്തിലും അധിഷ്ഠിതമാണ്. കാരണം അവള്‍ അമ്മയാണ്, യേശുവിന്റെ അമ്മ: ദൈവത്തിന്റെ അമ്മ.. മാതൃത്വത്തിന്റെ മഹത്വം വിളംബരംചെയ്തുകൊണ്ട് ഉപനിഷത്തില്‍ പറയുന്നു,”നിന്റെ അമ്മയാകട്ടെ നിന്റെ ദേവി”. ഇതാ നിന്റെ അമ്മ എന്ന് പറഞ്ഞുകൊണ്ട് കുരിശില്‍ കിടന്ന് തന്റെ അമ്മയെ യോഹന്നാന് ഏല്‍പ്പിച്ച യേശുക്രിസ്തു ലോകത്തിന് നല്‍കിയതും ഈ അമ്മയേയാണ്. ഹൃദയത്തില്‍ എറ്റുവാങ്ങുന്ന ഈ സ്ത്രീയെ ബഹുമാനിക്കാനും സ്‌നേഹിക്കാനും കഴിയുമ്പോഴാണ് നമ്മുടെ സംസ്‌കാരവും ജീവിതവും ധന്യമാകുന്നത്്. അവള്‍ അടിമയല്ല വിപണനവസ്തുവല്ല എന്ന തിരിച്ചറിവ് ഇന്ന് ലോകത്തില്‍ അനിവാര്യമാണ്. ലോകത്തിന്റെ നിലനില്പ് സ്ത്രീത്വത്തിന്റെ മഹത്വത്തില്‍ അധിഷ്ഠിതമാണ് എന്നതാണ് സത്യം. കരകാണാകടലിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ലൈറ്റ് ഹൗസ് മാര്‍ഗദീപമാകുന്നതുപോലെ ഈ ലോകജീവിതത്തിന്റെ അനന്തതയില്‍ വെളിച്ചം പകര്‍ന്ന് പ്രകാശഗോപുരമായി പരിശുദ്ധ മറിയം നിലകൊള്ളുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles