ക്രൈസ്തവജീവിതം സഹനത്തിന്റെ ജീവിതം

ക്രിസ്തുവിന്റെ പീഡാസഹനത്തിലൂടെ മനുഷ്യവേദന ഒരു പുതിയ പശ്ചാത്തലത്തില്‍ രൂപം കൊണ്ടു. ക്രിസ്തുവിന്റെ കുരിശിലൂടെ രക്ഷ സാധിതമാകുക മാത്രമല്ല, മനുഷ്യന്റെ സഹനംതന്നെ രക്ഷിക്കപ്പെട്ടു. പുതുമുഖമണിഞ്ഞു. യേശുവിന്റെ സഹനത്തിലൂടെയാണ് സാധിതമായ രക്ഷയുടെ മഹത്വം വെളിവാകുന്നത്. ഓരോ മനുഷ്യനും ഈ രക്ഷയില്‍ ഭാഗഭാഗിത്വമുണ്ട്, രക്ഷയുടെ നിദാനമായ സഹനത്തില്‍ പങ്കുകൊള്ളുവാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു. ഈ രക്ഷാകരമായ പ്രകാശധാരയില്‍ ഓരോ ക്രിസ്തുശിഷ്യനും തന്റേതായ സംഭാവന ചെയ്യേണ്ടതുണ്ട്. വീരോചിതമായ ക്രിസ്തു സാക്ഷ്യത്തിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെടേണ്ടത്. സഹനത്തിലൂടെ രക്ഷ സാധിച്ചുകൊണ്ട് മാനുഷീക സഹനത്തെ യേശു പവിത്രീകരിക്കുകയും രക്ഷാകരമാക്കിത്തീര്‍ക്കുകയും ചെയ്തു. അങ്ങനെ ഓരോരുത്തരും സ്വസഹനത്തിലൂടെ ക്രിസ്തുവിന്റെ രക്ഷാകരസഹനത്തില്‍ പങ്കുകാരാകുന്നു.

ക്രൈസ്തവജീവിതം സ്തുതിയുടെയും സൗഖ്യത്തിന്റെയും ജീവിതം മാത്രമല്ല, അത് സഹനജീവിതം കൂടിയാണ്. ക്രിസ്തുവിലുള്ള സഹനമാണ് ക്രിസ്ത്യാനിയുടെ സഹനം. സഹനം ഉള്‍ക്കൊള്ളുന്ന ആദ്ധ്യാത്മികതയാണ് ക്രൈസ്തവന്റേത്. സഹനത്തിന്റെ മൂല്യത്തെക്കുറിച്ച് നാം ബോധമുള്ളവരായിരിക്കണം. ആദ്ധ്യാത്മിക സഹനം കൂടാതെ ദൈവത്തോട് ഐക്യപ്പെടുക അസാധ്യമാണ്. ഒരാത്മാവ് തന്നെത്തന്നെ പരിപൂര്‍ണ്ണമായി ത്യജിച്ച് കുരിശിന്മേല്‍ തറയ്ക്കപ്പെടുമ്പോഴാണ് വാസ്തവത്തില്‍ അത് ഈശോയ്ക്ക് മഹത്വം പ്രധാനം ചെയ്യുന്നതും. ഈശോയുടെ ഹൃദയത്തോട് വളരെ സൗമ്യപ്പെടുന്നതും. സാവധാനം ക്രിസ്തുവിന്റെ കുരിശിനോട് ആത്മീയമായി ഐക്യപ്പെട്ടുകൊണ്ട് കുരിശുവഹിച്ചു തുടങ്ങുമ്പോള്‍ സഹനത്തിന്റെ രക്ഷാകരമൂല്യം അവനു വ്യക്തമാക്കപ്പെടുന്നു. അപ്പോഴാണ് മനുഷ്യന്‍ വേദനയില്‍ ആന്തരികസമാധാനവും ആത്മീയ സന്തോഷവും അനുഭവിക്കുന്നത്. അങ്ങനെ, യേശുവിനേപ്പോലെ യേശുവിനോടുകൂടി താനും രക്ഷാകരകര്‍മ്മത്തില്‍ തന്റേയും തന്റെ സഹോദരന്മാരുടെയും രക്ഷയ്ക്കായി പ്രവര്‍ത്തിക്കുകയാണെന്ന ബോധം അവനുണ്ടാകുന്നത്. അതുവഴി വലിയൊരു ദൗത്യത്തില്‍ പങ്കുചേരുന്നു എന്ന ബോധ്യവും അവനു ലഭിക്കുന്നു.

ഒരു ക്രിസ്ത്യാനിയുടെ ജീവിതം സഹനത്തിന്റെ ജീവിതമാണ്. കുരിശ് കൂടാതെ ഒരുവനും ക്രിസ്ത്യാനിയായിരിക്കാന്‍ സാധിക്കുകയില്ല. സഹനം സന്തോഷം പോലെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. കാരണം യേശു നടന്ന അതേ വഴിയിലൂടെയാണ് ഓരോ ക്രൈസ്തവനും നടക്കേണ്ടത്. ‘അവനില്‍ വസിക്കുന്നുവെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’
(1 യോഹ.2:6). യേശു നടന്ന വഴി കുരിശിന്റെ വഴിയായിരുന്നു. യേശുശിഷ്യന്റെ മാര്‍ഗവും ഇതുതന്നെ. ക്രൂശിതനായ ക്രിസ്തുവിനോട് അനുരൂപരാകുന്നതിന് ജീവതത്തിലുടനീളം നാം സഹനം പ്രതീക്ഷിക്കണം. അങ്ങനെ കുരിശിനെ സന്തോഷപൂര്‍വം തഴുകുന്ന എല്ലാ ആത്മാക്കളും നിത്യജീവന്റെ പ്രകാശത്തില്‍ പ്രവേശിക്കുന്നതിന് അത് ഇടവരുത്തുന്നു. യേശുവിനെ കുരിശില്‍ നിന്നും വേര്‍തിരിക്കുക അസാധ്യമാണ്. യേശുവിനോട് നമ്മെ യോജിപ്പിക്കുമ്പോള്‍ യേശുവിന്റെ കുരിശിനോട് നാം ഒന്നു ചേരുന്നു. നമ്മള്‍ കുരിശിനെ കണ്ടെത്തുമ്പോള്‍ യേശുവിനെയും കണ്ടെത്തുന്നു. ഒരു യഥാര്‍ഥ സ്‌നേഹിതന്‍ കുരിശിനെ സ്‌നേഹിക്കുന്നു. കുരിശിനെ സ്‌നേഹിക്കുമ്പോള്‍ യേശുവിനെ സ്‌നേഹിക്കുന്നു.

ഈശോയുടെ സഹനം അഥവാ കുരിശ് രക്ഷാകരവ്യക്തിത്വത്തിന്റെ പൂര്‍ണ്ണതയിലേക്ക് തന്നെ നയിച്ച ഒരു ആവശ്യഘടകമായിരുന്നു. ഈശോയുടെ രക്ഷാകരദൗത്യം ഏറ്റുവാങ്ങുന്ന ഓരോ ക്രൈസ്തവനും അവിടുത്തെ രക്ഷാകരവ്യക്തിത്വം ഏറ്റുവാങ്ങണം. അതിനാല്‍ ഈശോയെ മുന്നില്‍ കണ്ടുകൊണ്ട് വരുന്ന കുരിശുകള്‍ ക്ഷമയോടെ സ്വീകരിക്കണം.

ഇന്ന് ഇശോയുടെ സ്വര്‍ഗരാജ്യത്തെ ആഗ്രഹിക്കുന്നവര്‍ വളരെയധികം. എന്നാല്‍ അവിടുത്തെ കുരിശു ചുമക്കാന്‍ സന്നദ്ധതയുള്ളവര്‍ ചുരുക്കം. അവിടുത്തോടുകൂടി ആഹ്ലാദിക്കുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ അവിടുത്തേയ്ക്കുവേണ്ടി സഹിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ വിരളം. ഈശോയുടെ അത്ഭുതങ്ങള്‍ ആദരിക്കുന്നവര്‍ അനേകം എന്നാല്‍ അവിടുത്തെ കുരിശിന്റെ അവമാനം സ്വാഗതം ചെയ്യുന്നവര്‍ ചുരുക്കം. എല്ലാവരും വളരെ സന്തോഷത്തോടുകൂടി വിശുദ്ധ കുര്‍ബാനയില്‍ യേശുവിനെ സ്വീകരിക്കുന്നു. എന്നാല്‍ കുരിശിനോടുകൂടി ഈശോ ഹൃദയവാതില്‍ക്കല്‍ മുട്ടുമ്പോള്‍ അന്ന് തുറന്നുകൊടുക്കുന്നത് വളരെ ചുരുക്കം പേര്‍ മാത്രം. അനര്‍ത്ഥങ്ങളൊന്നുമില്ലാത്തപ്പോള്‍ പലരും ഈശോയെ സ്‌നേഹിക്കുന്നു. അവിടുന്നില്‍ ആശ്വാസം പ്രാപിക്കുന്നിടത്തോളം കാലം അനേകം പേര്‍ അവിടുത്തെ സ്തുതികള്‍ പ്രകീര്‍ത്തിക്കുന്നു.

നമ്മുടെ സഹനം യേശുവിനോടുള്ള സ്‌നേഹത്തിന്റെ പ്രകടനമായിരിക്കണം. തന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അമൂല്യമായ വിലയില്‍ ഒരു വിധത്തില്‍ തങ്ങളുടെ സഹനത്തിലൂടെ അവന്‍ പങ്കുകാരനാകുന്നു. മറ്റെല്ലാമുപരിയായി സഹനം മഹാത്മാവിനെ രൂപാന്തരപ്പെടുത്തുകയും പ്രസാദവരത്തിന് വഴിതെളിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ കുരിശ് ജീവജലത്തിന്റെ അരുവികള്‍ ഒഴുകുന്ന സ്രോതസ്സാണ്. മാനുഷീക ബലഹീനതകളുടെ മധ്യത്തിലാണ് ദൈവികശക്തിയുടെ അരുവികള്‍ കുത്തിയൊഴുകുന്നത്. വേദന തികച്ചും ഫലശൂന്യമായ ഒന്നായി നമുക്കു തോന്നുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പ്രസാദവരം വേദനയെ ഏറ്റം ഫലദായകമാക്കുന്നു. യേശുവിന്റെ സഹനത്തിലെ പങ്കാളി തന്റെ സഹനത്തിലൂടെ ലോകരക്ഷ എന്ന അമൂല്യനിധിയില്‍ തന്റേതായ സംഭാവനകള്‍ നല്‍കുകയും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.
വേദനയും സഹനവും ഒഴിവാക്കുന്ന ലോകത്തിന്, സഹനം ഒരിടര്‍ച്ചയായ ലോകത്തിന്, സഹനത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കാന്‍ ഓരോ ക്രൈസ്തവനും കടമയുണ്ട്. കുരിശിന്റെ പാത കണ്ടെത്തിയവരാണ് സകല വിശുദ്ധരും. വിശുദ്ധര്‍ക്കെല്ലാം സഹനം ഒരു ഹരമായിരുന്നു. അവര്‍ സഹനങ്ങള്‍ ചോദിച്ചുവാങ്ങിയിരുന്നു. പുണ്യത്തിലേക്കും വിശുദ്ധിയിലേക്കും വളരാനുള്ള മാര്‍ഗം സഹനവും സ്വന്തം മനസിന്റെ ത്യഗവുമത്രേ. ഭൂമിയിലെ ജീവിതം പരീക്ഷണകാലഘട്ടമാണ്. അത് മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ മാത്രമേ ആത്മാവിനു ഉപകരിക്കുന്നതൊക്കെ സമ്പാദിക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളു. മരണത്തിനുശേഷം ആത്മാവിനെ ധന്യമാക്കുന്നതൊന്നും നേടുവാന്‍ സാധിക്കുകയില്ല. അതിനാല്‍ വരുന്ന സഹനത്തിന്റെ മുള്‍മുടികള്‍ സന്തോഷത്തോടുകൂടി ധരിച്ചെങ്കില്‍ മാത്രമേ സ്വര്‍ഗ്ഗീയ ജീവിതത്തിന് നാം അര്‍ഹരായിത്തീരുകയുള്ളു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles