നാസി ഭീകരത അതിജീവിച്ച ഇരട്ടകള്‍

1939 രണ്ടാംലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. ജൂതന്മാരെ ഉന്മൂലനം ചെയ്യുക എന്ന ഗൂഢലക്ഷ്യവുമായി ജര്‍മനിയുടെ ചാന്‍സലറായ ഹിറ്റ്‌ലര്‍ നാസി ജര്‍മനി പിടിച്ചടക്കിയ പോളിഷ് പ്രദേശങ്ങളില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിര്‍മ്മിച്ചു. അതിലേറെ കുപ്രസിദ്ധി നേടി ഹോളോകാസ്റ്റ് എന്നറിയപ്പെടുന്ന പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് ക്യാമ്പുകള്‍. എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോവിയറ്റ് സൈന്യം ഓഷ്‌വിറ്റ്‌സ് ക്യാമ്പുകള്‍ മോചിപ്പിച്ചപ്പോള്‍ നാസിപട്ടാളം വെടിവച്ച് കൊന്നത് അനേകം തടവുകാരെയാണ്. അവശേഷിച്ചത് ഡോ. ജോസഫ് മെംഗേലയുടെ കിരാതവൈദ്യപരീക്ഷണങ്ങള്‍ക്ക് ഇരയായ അനേകം ഇരട്ടകളും.

ഫ്രാങ്ക്ഫര്‍ട്ടിലെ ”ഹെറിഡിറ്ററി ബയോളജി ആന്റ് റേഷ്യല്‍ ഹൈജീന്‍” എന്ന സ്ഥാപനത്തില്‍ പ്രശസ്തനായ ഒരു ഗവേഷകന്റെ സഹായിയായി വര്‍ത്തിച്ചിരുന്ന ഡോ. ജോസഫ് മെംഗേല്‍, 1943 മുതല്‍ ഓഷ്‌വിറ്റ്‌സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലി ആരംഭിച്ചു. ആര്യന്‍ വംശത്തെ പരമോന്നതകുലമായി കണക്കാക്കുന്ന നാസി സിദ്ധാന്തത്തെ പിന്‍താങ്ങി ക്‌ളോണിങ്ങ് അടക്കമുള്ള ജനിതകരഹസ്യങ്ങള്‍ പ്രാകൃതവും അസാന്മാര്‍ഗികവുമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ ശ്രമിച്ചു. മെംഗേലിനു ലഭിക്കാവുന്ന പരീക്ഷണ ഇരകളുടെ ഏറ്റവും വലിയ കലവറയായിരുന്നു ഓഷ്‌വിറ്റ്‌സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍. അറവുശാലയില്‍ കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് സമാനമായിരുന്നു പരീക്ഷണശാലയിലെ കുരുന്നുകളുടെ അവസ്ഥ. അവരില്‍പെട്ടതായിരുന്നു വേരാ ക്രെയ്ഗലും അവളുടെ ഇരട്ട സഹോദരിയായ ഓര്‍ഗയും. കേവലം അഞ്ച് വയസ്സ് പ്രായമുളളപ്പോഴാണ് ചെക്കോസ്ലോവാക്കിയായിലെ ഗ്രാമത്തില്‍ നിന്നും ഓഷ്‌വിറ്റ്‌സിലെ ക്യാമ്പിലേക്ക് മാതാപിതാക്കളോടൊപ്പം തടവുപുള്ളികളായി അവര്‍ എത്തിപ്പെട്ടത്. എഴുപത് വര്‍ഷം പിന്നിട്ടിട്ടും ക്യാമ്പിലെ ഓര്‍മ്മകള്‍ അവരെ വേട്ടയാടുന്നു.

ക്യാമ്പിലെത്തുന്നവരെ രണ്ടുഗണങ്ങളിലായി തരംതിരിക്കും. സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍ എന്നിവരടങ്ങുന്ന ദുര്‍ബലരുടെ ഒരു ഗണം. മറ്റൊന്ന് കരുത്തരായവരുടെ ഗണം. സെലക്ഷന്‍ റാംമ്പുകളെന്ന് വിളിക്കപ്പെടുന്ന ഈ സ്ഥലങ്ങളില്‍ കഴുകന്‍കണ്ണുകളുമായി മെംഗേല്‍ തന്റെ പരീക്ഷണവസ്തുക്കളെ തിരഞ്ഞുകൊണ്ടിരിക്കും. ഇരട്ടകളെയും, കുള്ളന്‍മാരെയും, റോമാസിനെയും, ശാരീരികവൈകല്യമുള്ളവരെയും തന്റെ പരീക്ഷണത്തിനായി മെംഗല്‍ കൊണ്ടുപോകും. ദുര്‍ബലരടങ്ങുന്ന ഗണത്തെ നേരെ ഗ്യാസ് ചേമ്പറുകളില്‍ എത്തിക്കും. മരണത്തിലേക്കാണ് നടന്നുനീങ്ങുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരു ചെറിയ ചെറുത്തുനില്‍പിനെങ്കിലും അവര്‍ ശ്രമിച്ചേനെ. ഒരു വലിയ ഷവര്‍ റൂം എന്ന് തോന്നിപ്പിക്കുന്ന ചേമ്പറിലേക്ക് ശുദ്ധീകരിക്കാനെന്ന വ്യാജേന സ്ത്രീകളേയും, പുരുഷന്‍മാരെയും, കുട്ടികളെയും വിവസ്ത്രരാക്കി നിര്‍ത്തും. വാതിലുകള്‍ അടച്ചുകഴിഞ്ഞാല്‍ സൈക്കോണ്‍-ബി പെല്ലെറ്റുകള്‍് എറിയും. ഞൊടിയിടയില്‍ പെല്ലെറ്റുകള്‍ വിഷപുകയായി മാറും. അപകടം മനസ്സിലാക്കിയവര്‍ ശുദ്ധവായുവിനായി വാതിലിനടുത്തേക്ക് പാഞ്ഞടുക്കും. വാതിലുകള്‍ വലിച്ചുതുറക്കാനുള്ള ശ്രമം ഒരു വലിയ രക്തചൊരിച്ചിലിന് വഴിയൊരുക്കും.

കൗമാരത്തില്‍ ലോഡ്‌സ് ഗെറ്റോയില്‍ നിന്നും ക്യാമ്പിലേക്കെത്തപ്പെട്ട ലോനാ ജാക്‌സും നേരെ ഗ്യാസ് ചേമ്പറിലേക്കാണ് എറിയപ്പെട്ടത്. എന്നാല്‍ അവള്‍ തന്റെ ഇരട്ടയാണെന്ന് സഹോദരി പറഞ്ഞപ്പോള്‍ ചേമ്പറില്‍ നിന്നും പരീക്ഷണശാലയിലേക്ക് മാറ്റി. ലാബില്‍ പ്രവേശിച്ച ലോനാ അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചിത്രശലഭങ്ങളുടെ ശേഖരം എന്ന് തോന്നിക്കുമാറ് ഒരു ചുവര് മുഴുവന്‍ പച്ചയും, ചാരയും, നീലയും നിറങ്ങളിലുളള കണ്ണുകള്‍. മനുഷ്യനേത്രങ്ങള്‍ അണിനിരത്തിയ ആ ചുവര്‍ തന്നെ തുറിച്ചുനോക്കുന്നതായി ലോനയ്ക്കു തോന്നി. അവള്‍ തലചുറ്റിവീണു.

ഒരിക്കല്‍ മെംഗേല്‍ നൂറ് ഇരട്ടകളില്‍ വായിലും, ലൈംഗീകാവയങ്ങളിലും അണുബാധയുണ്ടാക്കുന്ന നോമാ ഡിസീസ് പരത്തുന്ന ബാക്ടീരിയയെ കുത്തിവച്ചു. പലരിലും ലക്ഷണങ്ങള്‍ പ്രകടമാകുകയും, ചിലര്‍ മരിക്കുകയും ചെയ്തു. മരിച്ച ഇരട്ടകളുടെ സഹോദരനെയും, സഹോദരിയേയും കൊന്നുകളയും. ഹൃദയത്തില്‍ നേരിട്ട് മരുന്നുകള്‍ കുത്തിവച്ച് കൊല്ലുന്ന പ്രാകൃതരീതിക്ക് ഇരയായത് അനേകം കുരുന്നുകളാണ്. മരവിപ്പിക്കാനായി യാതൊരു മരുന്നുകളും ഉപയോഗിക്കാതെ നേരിട്ട് അവയവങ്ങള്‍ മുറിച്ചുമാറ്റുക മെംഗലിന്റെ പതിവായിരുന്നു. മെംഗലിന്റെ പല പ്രാകൃതപരീക്ഷണങ്ങള്‍ക്കും ദൃക്‌സാക്ഷിയായി മോട്ടി അലോണ്‍. പരീക്ഷണശാലയിലെ ഓരോ കുരുന്നും അറിയപ്പെട്ടിരുന്നത് തങ്ങളുടെ കൈകളില്‍ പച്ചകുത്തപ്പെട്ട അക്കങ്ങളിലൂടെയാണ്.

1945ല്‍ ഓഷ്‌വിറ്റ്‌സില്‍ നിന്നും രക്ഷപ്പെട്ട മെനാഖം മൂന്നാം വയസ്സില്‍ ക്യാമ്പില്‍ തന്റെ ഇരട്ട സഹോദരനൊപ്പം എത്തിയതാണ്. മെനാഖ തന്റെ അസ്തിത്വം തന്നെ മറന്നുപോയിരുന്നു. അയാന കിം റോണ്‍ എന്ന ഇസ്രായേലി ജീനിയോളജിസ്റ്റിന്റെ സഹായത്താല്‍ തന്റെ പേരും സ്ഥലവും അയാള്‍ കണ്ടെത്തുകയുണ്ടായി. ഉക്രെയിനിലെ മന്‍കാസ് എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച മെനാഖിന്റെ യഥാര്‍ത്ഥ പേര് ഏലിയാസ് ഗോട്ടസ്മാന്‍ എന്നാണ്. ഏലിയാസ് തന്റെ ഇരട്ട സഹോദരനായ ജീനോമിനോടും, അച്ഛനോടുമൊപ്പം ക്യാമ്പിലെത്തിയതാണ്. അച്ഛന്‍ ക്യാമ്പിനകത്ത് വച്ച് കൊല്ലപ്പെട്ടു. ഇപ്പോള്‍ 74കാരനായ ഏലിയാസ് തന്റെ സഹോദരനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

1945 ജനുവരി 26 ഇന്നും ഭീതിയോടെയാണ് വേരാ ക്രെയ്ഗല്‍ ഓര്‍മ്മിക്കുന്നത്- ”കാവല്‍ക്കാര്‍ വലിയ ഭീതിയിലായിരുന്നു. ബാറാക്കിനു മുകളില്‍ പെട്രോള്‍ ഒഴിച്ച് അവര്‍ കത്തിച്ചു. അമ്മയോടും സഹോദരിയോടുമൊപ്പം ക്യാമ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച വേരയെ ഒരു നാസിപട്ടാളക്കാരന്‍ തല്ലിചതയ്ക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം സോവിയറ്റ് സേന ക്യാമ്പില്‍ പ്രവേശിച്ചു. പരീക്ഷണശാലയിലെ ഓരോ കുട്ടിയുടെയും മൊഴിയെടുത്തു. എങ്കിലും മെംഗല്‍ അതിവിദഗ്ധമായി രക്ഷപ്പെട്ടു”.

ഓഷ്‌വിറ്റ്‌സിലെ ഇരകളായ പല കുരുന്നുകളും ഇന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരാണ്. മോട്ടി അലന്‍ തന്റെ അമ്മയോടും സഹോദരനോടുമൊപ്പം ഇസ്രായേലില്‍ ജീവിക്കുന്നു. ദുരിതങ്ങളൊന്നും ഇപ്പോള്‍ അയാളെ അലട്ടുന്നില്ല. ഇസ്രായേലില്‍ കുടിയേറി എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഓഷ്‌വിറ്റ്‌സിലെ നരകയാതനകള്‍ ഇന്നും പേടിസ്വപ്‌നങ്ങളായി വേര ക്രെയ്ഗലിനെ അലോസരപ്പെടുത്തുന്നു. സാമൂഹ്യപ്രവര്‍ത്തകയായ ലോനാ ജാക്‌സ് പിന്നീട് പല തവണ ഓഷ്‌വിറ്റ്‌സ് സന്ദര്‍ശിച്ചു. ക്യാമ്പിലെ കയ്‌പേറിയ അനുഭവങ്ങള്‍ തന്നെ ഇന്നും അലട്ടുന്നു എന്ന് ലോനാ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ പേര് തന്നെ വിസ്മരിച്ച മെനാഖെ ഒടുവില്‍ ഉക്രെയിനിലേക്ക് തിരിച്ചുപോയി. അമ്മയെകുറിച്ചുള്ള അയാളുടെ ഓര്‍മ്മ ഇത്രമാത്രമാണ്. ”അന്ന് ഉച്ചയായിരുന്നു, വെളുത്ത പൂക്കളുള്ള പച്ച പാവാടയാണ് അമ്മ അണിഞ്ഞിരുന്നത്.”

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles