സൂര്യൻ ഉദിച്ചതു പോലെ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ

ഒരു തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ പഞ്ചക്ഷതധാരി ആയ ദൈവദാസി മരിയ എസ്പരാൻസായ്ക്ക് പ.മറിയം പ്രത്യക്ഷപ്പെട്ടു.മരിയ എസ്പരാൻസാ1928ൽ വെനിസ്വേലയിലെ ബാരൻ കാസിൽ ജനിച്ചു.അഞ്ചാമത്തെ വയസ്സിൽ വിശുദ്ധ കൊച്ചുത്രേസ്യ അവൾക്ക് പ്രത്യക്ഷപ്പെട്ട് ഒരു റോസാപ്പൂവ് നൽകുകയുണ്ടായി. തുടർന്ന് നിരവധി വിശുദ്ധരുടെ ദർശനം അവൾക്ക് ലഭിച്ചുകൊണ്ടിരുന്നു.ഒരു കന്യാസ്ത്രീയാകാൻ ആഗ്രഹിച്ചെങ്കിലും വിശുദ്ധ ഡോൺബോസ്കോ പ്രത്യക്ഷപ്പെട്ട് ഒരു കന്യാസ്ത്രീയാകാൻ അല്ല,വിവാഹിതയാകാനുള്ള വിളിയാണ് അവൾക്കുള്ളതെന്നും സ്വർഗത്തിനായി ഒരു പ്രത്യേക ശുശ്രൂഷ അവൾ നയിക്കും എന്നും അറിയിച്ചു.വിശുദ്ധൻ നൽകിയ അടയാളങ്ങൾ പോലെ തന്നെ അവൾ തന്റെ ഭർത്താവായ ജിയോ ബിയാഞ്ചിനിയെ കണ്ടുമുട്ടുകയും 1956 ഡിസംബർ എട്ടിന് വിവാഹിതരാവുകയും ചെയ്തു.

അധികം താമസിയാതെ പരിശുദ്ധ മറിയം ഒരു ദർശനത്തിലൂടെ ഒരു ഗ്രാമ പ്രദേശത്തിലെ ഒരു പ്രത്യേക സ്ഥലം അവൾക്ക് കാണിച്ചു കൊടുത്തു കൊണ്ട് ഈ സ്ഥലം അവർ വാങ്ങണമെന്നും അത് ഒരു മരിയൻ തീർത്ഥാടന കേന്ദ്രമായി മാറും എന്നും അറിയിച്ചു. വലിയ നീല ചിത്രശലഭങ്ങൾ ആയിരിക്കും ഈ സ്ഥലത്ത് തന്റെ സാന്നിധ്യത്തിന്റെ അടയാളം എന്നും മാതാവ് പറഞ്ഞു. അവിടെ താൻ ജനങ്ങളുടെയും രാജ്യങ്ങളുടെയും അനുരഞ്ജക എന്ന് അറിയപ്പെടും എന്നും മാതാവ് പറഞ്ഞു.
1974 ൽ മാതാവ് ദർശനത്തിൽ കാണിച്ച സ്ഥലം അവർ കണ്ടെത്തുകയും വാങ്ങുകയും ചെയ്തു. അതിന് ബെഥാനിയ എന്ന പേരുമിട്ടു. അവിടെ ഒരു ഗ്രോട്ടോ ഒരുക്കി ജനങ്ങൾക്ക് പ്രാർത്ഥനയ്ക്കായി തുറന്നുകൊടുത്തു.
1976 മുതൽ മരിയയ്ക്ക് പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷങ്ങൾ ദർശിക്കാനായി. പക്ഷേ, പൊതുജനങ്ങൾക്ക് അവ ദർശിക്കാൻ ആയിരുന്നില്ല. 1984 ഓഗസ്റ്റ് 25ന് 108 പേർ സമ്മേളിച്ചിരിക്കെ പരിശുദ്ധ മറിയം ഏവർക്കും പ്രത്യക്ഷയായി. അത് വലിയൊരു സ്വർഗീയ അനുഭവങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഈ പ്രത്യക്ഷപ്പെടൽ ദർശിച്ചവരുടെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ ” നീല ചിത്രശലഭങ്ങൾ അടുത്തുള്ള കാട്ടിൽ നിന്നും പറന്നു വന്നു. ഒപ്പം റോസാപ്പൂവിന്റെ വലിയ സുഗന്ധം പ്രദേശമാകെ നിറഞ്ഞു. അപ്പോൾ തൂവെള്ള നിറത്തിൽ സൂര്യൻ ഉദിച്ചത് പോലെ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.”
സ്ഥലത്തെ ബിഷപ്പായിരുന്ന പിയോ ബെല്ലോ റിക്കാർഡോ മൂന്നുവർഷത്തെ അന്വേഷണ പഠനങ്ങൾ നടത്തി ഈ പ്രത്യക്ഷം പ്രത്യേക സ്വർഗീയ ഇടപെടൽ തന്നെയാണെന്ന് അംഗീകരിച്ചു.ഇവിടെ പ്രാർത്ഥിക്കുന്നവർക്ക്
ക്ഷമിക്കുവാനും ക്ഷമ ചോദിക്കുവാനുമുള്ള കൃപ ലഭിക്കുന്നു. ഒരു ദിവ്യകാരുണ്യ അത്ഭുതവും പല രഹസ്യാത്മക അനുഭവങ്ങളും ഇവിടെ ജനങ്ങൾ ദർശിച്ചു.
1991 ഡിസംബർ എട്ടിന് ഇവിടത്തെ ഗ്രോട്ടോയിൽ വിശുദ്ധ കുർബാനമധ്യേ തിരുവോസ്തിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി. ബഥാനിയായിൽ നിന്ന് അധികം അകലെയല്ലാത്ത ഒരു അഗസ്തീനിയൻ ആശ്രമത്തിൽ ഈ തിരുവോസ്തി വണക്കത്തിനായി സൂക്ഷിച്ചിരിക്കുന്നു.
മറ്റൊരു അനുഭവം ഇതാണ്. പഞ്ചക്ഷതധാരി യായ മരിയ എസ്പരാൻസായുടെ ഹൃദയ ഭാഗത്തുനിന്ന് ചുവന്ന ഒരു റോസാപ്പൂവ് പുറത്തുവരുന്നു.ഈ സംഭവത്തിന് ഡോക്ടർമാരും നിരവധി സാധാരണ ജനങ്ങളും വൈദികരും ദൃക്സാക്ഷികൾ ആണ്.15 തവണ ശക്തമായ വേദനയോടെ റോസാപ്പൂവ് പുറത്തേക്ക് വരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ഈ റോസാപ്പൂക്കളുടെ ഇതളുകൾ മരിയ ജനങ്ങൾക്ക് നൽകുകയാണ് പതിവ്.

2005 ഓഗസ്റ്റ് ഏഴിന് മരിയ എസ്പരാൻസാ മരിച്ചു എങ്കിലും ഈ തീർത്ഥകേന്ദ്രം അവളുടെ ഏഴു മക്കൾ ഇപ്പോഴും നോക്കി നടത്തുന്നു.ഇവിടെയുള്ള അരുവിയിലെ ജലം ഉപയോഗിച്ച് നിരവധി രോഗ സൗഖ്യങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നീല ചിത്രശലഭങ്ങളും റോസാപ്പൂവിന്റെ സുഗന്ധവും ചില ദിവസങ്ങളിൽ പ്രാർത്ഥനയ്ക്ക് ഇടയിൽ പരിശുദ്ധ മറിയത്തിന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് ഇപ്പോഴും അനുഭവഭേദ്യം ആകാറുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles