പിതാവിന്റെ നാവിന്റെ കെട്ടുകൾ അഴിച്ച സ്‌നാപകന്റെ പിറവി (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

മംഗളവാര്‍ത്ത മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം

രക്ഷാകര ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുന്ന സംഭവമാണ് സ്‌നാപക യോഹന്നാന്റെ ജനനം. എലിസബത്തിനെ ഒരു ശാപമായി അതു വരെ കരുതിയിരുന്നവരെല്ലാം അവളോടൊത്ത് സന്തോഷിച്ചു. യോഹന്നാന്‍ എന്ന് കുഞ്ഞിന് പേര് നിര്‍ദേശിച്ച് മാലാഖയുടെ കല്പന അനുസരിച്ചപ്പോള്‍ സഖറിയായ്ക്ക് സംസാര ശേഷി തിരിച്ചു കിട്ടി. അപ്പോള്‍ അദ്ദേഹം ദൈവത്തെ വാഴ്ത്തിപ്പാടി.

ഇന്നത്തെ സുവിശേഷ വായന

ലൂക്ക 1. 57 – 66

“എലിസബത്തിന് പ്രസവസമയമായി, അവള്‍ ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍വാസികളും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു. എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്ഛേദനത്തിന് വന്ു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരിടണം എന്ന് അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്റെ അമ്മ അവരോട് പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്ന് വിളിക്കപ്പെടണം. അവര്‍ അവളോട് പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ അവന്റെ പിതാവിനോട് ആംഗ്യം കാണിച്ചു ചോദിച്ചു. അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എ്ല്ലാവരും അത്ഭുതപ്പെട്ടു. തല്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തികൊണ്ട് സംസാരിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി. യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാകുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോട് കൂടെ ഉണ്ടായിരുന്നു.”

 

സുവിശേഷ വിചിന്തനം

അത്ഭുതകരമായിരുന്നു, യോഹന്നാന്റെ ജനനം. ഗര്‍ഭവതിയായിരുന്ന മറിയം എലിസബത്തിനെ സന്ദര്‍ച്ചപ്പോള്‍ ഉദരത്തിലായിരുന്ന യോഹന്നാന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. എങ്കിലും ഉദരത്തില്‍ വളരെ സ്വാഭാവികമായിട്ടാണ് യോഹന്നാന്‍ വളര്‍ന്നതും അവസാനം പിറന്നു വീണതും.

യോഹന്നാന്‍ പിറന്നപ്പോള്‍ അയല്‍ക്കാരും ബന്ധുജനങ്ങളും എലിസബത്തിനോടൊപ്പം ആഹ്ലാദിച്ചു. അതു വരെ അവര്‍ വിചാരിച്ചിരുന്നത് ദൈവശാപം മൂലമാണ് എലിസബത്ത് വന്ധ്യയായി പോയത് എന്നാണ്. എട്ടാം ദിവസം യഹൂദരുടെ പതിവ് പോലെ യോഹന്നാന്റെ പരിച്ഛേദനം നിര്‍വഹിച്ചു. അബ്രഹാമുമായി ദൈവം ഏര്‍പ്പെട്ട ഉടമ്പടിയുടെ അടയാളമായിരുന്നു പരിച്ഛേദനം.

എട്ടാം ദിവസം എന്നാല്‍ ബിബ്ലിക്കലായി നവസൃഷ്ടി എന്നൊരു അര്‍ത്ഥമുണ്ട്. ആറ് ദിവസം കൊണ്ടു സൃഷ്ടി നടത്തുകയും ഏഴാം ദിനം വിശ്രമിക്കുകയും ചെയ്ത ശേഷം വരുന്ന ദിവസമാണ് എട്ടാം ദിവസം. അത് പുതിയ സൃഷ്ടിയുടെ ദിവസമാണ്. പുതിയൊരു തുടക്കം എന്നാണ് അതിന്റെ സൂചന. പരിച്ഛേദനം വഴി ഒരു യഹൂദ ശിശു ദൈവവുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു.

വൈദ്യശാസ്ത്രപരമായ ഒരു കാരണവും എട്ടാം ദിവസം പരിച്ഛേദനം ചെയ്യുന്നതിനുണ്ട്. എട്ടാം ദിവസമാണ് രക്തം നന്നായി കട്ട പിടിക്കുന്നത്. അതിനാല് പരിച്ഛേദനം നടത്താന്‍ ഏറ്റവും അനുയോജ്യമായ ദിവസം ജനനത്തിന്റെ എട്ടാം ദിനമാണ്.

ഒരു ആണ്‍കുട്ടി ജനിച്ച് എട്ടാം ദിനത്തിലാണ് അതിന് പേര് നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് 30 ദിവസത്തിനു മുമ്പ് എപ്പോള്‍ വേണമെങ്കിലും പേരിടാം. സാധാരണയായി അപ്പൂപ്പന്റെ പേരാണ്, ചുരുക്കം സന്ദര്‍ഭങ്ങളില്‍ അപ്പന്റേതും, ആണ്‍കുട്ടികള്‍ക്കു നല്‍കിയിരുന്നത്.

ബൈബിള്‍ പാരമ്പര്യം അനുസരിച്ച് കുഞ്ഞിന്റെ മാതാപിതാക്കളാണ് കുഞ്ഞിന് പേരിട്ടിരുന്നത്. സഖറിയാ മൂകനായിരുന്നതിനാല്‍ കുട്ടിക്ക് എന്തു പേരിടണം എന്ന് അവര്‍ എലസബിത്തിനോട് ചോദിച്ചു. എന്നാല്‍ എലിസബത്ത് ഒരു കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചു. കുട്ടിക്ക് യോഹന്നാന്‍ എന്നു തന്നെ പേരിടണം. ദൈവം കുഞ്ഞിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന പേര് യോഹന്നാന്‍ എന്നാണെന്ന് അവള്‍ അറിഞ്ഞിരുന്നു. ആത്മാവ് അവള്‍ക്ക് വെളിപ്പെടുത്തിയതോ സഖറിയാ നേരത്തെ എഴുതി കാണിച്ചതോ ആകാം.

പതിവിന് വിപരീതമായ ഒരു പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ അവര്‍ ചെന്ന് സഖറിയായോട് ആംഗ്യഭാഷയില്‍ ചോദിക്കുന്നു. സഖറിയാ ഒരു ഫലകത്തിന്മേല്‍ അവന് യോഹന്നാന്‍ എന്നു പേരിടണം എന്ന് എഴുതിക്കാണിക്കുന്നു. യഹോവയുടെ സമ്മാനം, ദൈവം കൃപാപൂര്‍ണനാണ് എന്നെല്ലാമാണ് ആ പേരിന്റെ അര്‍ത്ഥം.

ആ നിമിഷത്തില്‍ സഖറിയായുടെ നാവിന്റെ കെട്ടഴിഞ്ഞു എന്നാണ് ബൈബിള്‍ പറയുന്നത്. അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ചുറ്റും കൂടി നിന്നവര്‍ക്ക് അപ്പോള്‍ ബോധ്യമായി.

അവര്‍ ഭയപ്പെട്ടു എന്ന് സുവിശേഷം പറയുന്നു. അവരില്‍ ദൈവഭയമുണ്ടായി. ദൈവഭയം എന്ന വാക്കിന്റെ ബിബ്ലിക്കല്‍ അര്‍ത്ഥം ദൈവത്തോടുള്ള ആദരവ് എന്നാണ്. ഈ സംഭവം അവര്‍ യൂദയാ മുഴുവന്‍ പറഞ്ഞു പരത്തി. അപ്രകാരം ജനന സമയം മുതല്‍ക്കേ യോഹന്നാന്‍ പ്രസിദ്ധി നേടി.

സന്ദേശം

സഖറിയായ്ക്കും എലിസബത്തിനും കുഞ്ഞുണ്ടായപ്പോള്‍ അവരോടൊപ്പം സന്തോഷിക്കാന്‍ അയല്‍ക്കാരെല്ലാവരും വന്നു. അതു പോലെ മറ്റുള്ളവര്‍ക്ക് നന്മയും അനുഗ്രഹവും ലഭിക്കുമ്പോള്‍ നമ്മളും സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും വേണം.

ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം ജ്ഞാനസ്ാനം വളരെ പ്രധാനപ്പെട്ട ഒരു കൂദാശയാണ്. കുട്ടികള്‍ ജനിക്കുമ്പോള്‍ അവരില്‍ മാതാപിതാക്കളില്‍ നിന്ന് ജനിതകമായി നല്ല സ്വഭാവവും ചീത്ത സ്വഭാവവും ലഭിക്കും. എന്നാല്‍, അവരെ ആധ്യാത്മികമായി രൂപപ്പെടുത്തേണ്ടത് ജ്ഞാനസ്‌നാനം വഴിയാണ്. സഭയുടെ ഭാവി വരുംതലമുറയിലാണ് എന്ന കാര്യം നാം മറക്കരുത്. കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ നാം എത്ര മാത്രം ശ്രദ്ധ പതിപ്പിക്കുന്നുണ്ട? കുഞ്ഞുങ്ങളുടെ ജ്ഞാനസ്‌നാന മാതാപിതാക്കള്‍ അവരെ ആധ്യാത്മികമായ ദത്തെടുക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രാര്‍്ത്ഥിക്കാനും അവരുടെ ആത്മീയ വളര്‍ച്ചയില്‍ സംഭാവന ചെയ്യാനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. കുട്ടികള്‍ക്ക് മതപരമായ വിദ്യാഭ്യാസവും ആധ്യാത്മിക രൂപീകരണവും കൊടുക്കുക തന്നെ വേണം.

മറ്റൊരു കാര്യം എന്താണെന്നു വച്ചാല്‍, ഇന്നത്തെ കാലത്ത് അര്‍ത്ഥമില്ലാത്ത ആകര്‍ഷകമായ പേരുകളാണ് ജനങ്ങള്‍ കുട്ടികള്‍ക്കായി തെരഞ്ഞെടുക്കുന്നത്. ആദ്യ പേര് മുത്തച്ഛന്റെയും മധ്യത്തിലെ പേര് പിതാവിന്റെയും അവസാന പേര് കുടുംബപ്പേരും ആയിരിക്കണം എന്നാണ് നമ്മുടെ പാരമ്പര്യം.

ഇന്നത്തെ കാലത്ത് എത്ര കുട്ടികള്‍ക്ക് തങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥരെ കുറിച്ചറിയാം? നിങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ സ്വര്‍ഗീയ മധ്യസ്ഥനെ കുറിച്ചു പറഞ്ഞു കൊടുക്കുക. അവരുടെ മധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യണം.

പ്രാര്‍ത്ഥന

ദൈവമേ,

സ്‌നാപക യോഹന്നാന്‍ ജനിച്ചപ്പോള്‍, യോഹന്നാന്‍ എന്ന് അവന് പേരിടണം എന്ന് ആംഗ്യഭാഷയില്‍ അറിയിച്ച നേരം തന്നെ സഖറിയാ പുരോഹിതന്റെ നാവിന്റെ കെട്ടഴിയുകയും അദ്ദേഹം സംസാരിക്കാനും ദൈവത്തെ വാഴ്ത്തിപ്പാടാനും ആരംഭിച്ചല്ലോ. നാഥാ, ഞങ്ങളുടെ നാവിന്റെ കെട്ടുകള്‍ അഴിക്കണമേ. അവിടുത്തെ തിരുനാമം വാഴ്ത്തിപ്പാടാന്‍ ഞങ്ങളുടെ നാവുകള്‍ ഉയരട്ടെ. സ്‌നാപക യോഹന്നാനെ പോലെ ഞങ്ങളും യേശുവിന് വഴിയൊരുക്കാനുള്ള കൃപ നല്‍കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles