ദൈവഹിതത്തോട് യെസ് പറഞ്ഞ് നമുക്കു ജീവന്‍ നല്‍കിയ പരിശുദ്ധ മറിയം (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

മംഗളവാര്‍ത്താക്കാലം രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം

ഗബ്രിയേല്‍ മാലാഖയുമായി സംസാരിച്ച ശേഷം ദൈവമാതാവാകുക എന്ന ദൈവവിളിക്ക് പ്രത്യുത്തരം നല്‍കാന്‍ മറിയം സമ്മതം കൊടുക്കുന്നു. തനിക്ക് ഭാവിയില്‍ വന്നു ഭവിക്കാനിരിക്കുന്ന കഠിന സഹനങ്ങളെ കുറിച്ചും മഹത്വത്തെ കുറിച്ചും അന്നേരം മാതാവിന് യാതൊരു ധാരണയും ഇല്ല. എങ്കിലും ജോസഫുമായി കൂടിയാലോചിക്കാന്‍ നില്‍ക്കാതെ തന്റെ സമ്മതം അവള്‍ ദൈവത്തിന് നല്‍കുകയാണ്. ക്ഷമയോടു കൂടി തന്റെ ബുദ്ധിമുട്ടുകള്‍ മാതാവ് ഏറ്റെടുക്കുകയും തന്റെ കടമകള്‍ എളിമയോടെ നിര്‍വഹിക്കുകയും ചെയ്തു.

 

ഇന്നത്തെ സുവിശേഷ വായന
ലൂക്ക 1. 26-38

“ആറാം മാസം ഗബ്രിയേല്‍ ദൂതന്‍ നസ്രത്ത് എന്ന ദേശത്തില്‍ ദാവീദിന്റെ വംശത്തില്‍ പെട്ട ജോസഫ് എന്ന പുരുഷനുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തു വന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി. കര്‍ത്താവ് നിന്നോടു കൂടെ. ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ത്ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോട് പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് നീ യേശു എന്നു പേരിടണം. അവന്‍ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവന് നല്‍കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല. മറിയം ദൂതനോട് ചോദിച്ചു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു; പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍ ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു; ഇതാ കര്‍ത്താവിന്റെ ദാസി. നിന്റെ വാക്ക് പോലെ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുന്നില്‍ നിന്നു മറഞ്ഞു.”

 

വചനവിചിന്തനം

സഖറിയായുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ആറാംമാസമാണ് ഗബ്രിയേല്‍ മാലാഖ മറിയത്തിനു പ്രത്യക്ഷനായത്. ബൈബിളില്‍ മൂന്ന് മാലാഖമാരുടെ പേരുകള്‍ പറയുന്നുണ്ട്.
ഒന്നാമന്‍ മിഖായേല്‍. ദൈവത്തെ പോലെ ആരുണ്ട് എന്നാണ്് ആ പേരിന്റെ അര്‍ത്ഥം.
രണ്ടാമന്‍ റാഫേല്‍: ദൈവത്തിന്റെ സൗഖ്യം എന്നാണ് ആ പേരിന്റെ അര്‍ത്ഥം. ഈ മാലഖയെ പറ്റി നാം തോബിത്തിന്റെ പുസ്തകത്തില്‍ വായിക്കുന്നു.
മൂന്നാമന്‍ ഗബ്രിയേല്‍. ദൈവത്തിന്റെ ശക്തി എന്നാണ് ഇതിന്റെ അര്‍ത്ഥം.

ചെറിയൊരു ഗ്രാമമായിരുന്നു നസ്രത്ത്. അവിടെ ജനങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നു. മരപ്പണിക്കായി നസ്രത്തിലേക്ക് പോയതായിരുന്നു, ജോസഫ്. മറിയത്തിന്റെ പിതാവായ യോവാക്കിം നസ്രത്തുകാരനും മാതാവ് ബെത്‌ലെഹേമില്‍ നിന്നുള്ളവളുമായിരുന്നു. അങ്ങനെയാണ് മറിയം നസ്രത്തില്‍ ജനിച്ചു വളരാന്‍ ഇടയായത്.

നസ്രത്ത് എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം ശാഖ എന്നാണ്. ഏശയ്യായുടെ പുസ്തകം 11.1 ല്‍ പറയുന്ന പ്രവചനം നിവര്‍ത്തിയാകാന്‍ വേണ്ടിയാണ് അത്. അതില്‍ പറയുന്നു: ജെസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും. അവന്റെ വേരില്‍ നിന്നൊരു ശാഖ പൊട്ടിക്കിളിര്‍ക്കും.

മറിയത്തിന്റെ ജനനത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന ഒരു അപ്പോക്രിഫല്‍ ഗ്രന്ഥത്തില്‍ പറയുന്നതനുസരിച്ച് മറിയം ദേവാലയത്തില്‍ വച്ച്, അവള്‍ക്ക് ഏതാണ്ട് 12-15 വയസ്സുള്ളപ്പോള്‍, കന്യാവത്രം സ്വീകരിച്ചിരുന്നു. അതിനാലാണ് ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ എന്നു മറിയം പറയുന്നത്. മറിയം നിത്വകന്യക ആണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്.

ജോസഫിന്റെ മുന്‍ വിവാഹത്തെ കുറിച്ചും അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ വിവരിക്കുന്നുണ്ട്. അത് സത്യമാണോ ഐതിഹ്യമാണോ എന്ന് നമുക്കറിയില്ല. എന്തായാലും ജോസഫിന്റെ കര്‍ത്തവ്യം നിയമപരമായി മറിയത്തെ വിവാഹം ചെയ്ത് മറിയത്തിന്റെ കന്യാത്വം സംരക്ഷിക്കുക എന്നതായിരുന്നു. ദാവീദിന്റെ വംശത്തില്‍ പിറന്നവനായിരുന്നു ജോസഫ്. അതും മിശിഹായെ കുറിച്ചുള്ള പ്രവചനം നിറവേറാന്‍ വേണ്ടിയായിരുന്നു.

മറിയത്തിന്റെ ഹെബ്രായ നാമം മിരിയാം എന്നായിരുന്നു. പഴയ നിയമത്തില്‍ മോശയുടെ സഹോദരിയുടെ പേരും അതു തന്നെയായിരുന്നു. കടലിന്റെ കയ്പ് എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ആദ്യത്തെ മിരിയാം ജനിച്ച സമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ ഫറവോയെ പേടിച്ച് നൈല്‍ നദിയില്‍ എറിയാന്‍ ഇസ്രായല്‍ക്കാര്‍ വിധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചെങ്കടല്‍ കടന്ന ശേഷം മിരിയാമിന്റെ പേരിന്റെ അര്‍്ത്ഥം കടലിന്റെ നാഥ എന്നായി മാറി. മിരിയാം കടല്‍ കടന്ന സ്ത്രീകളുടെ നേതാവായിരുന്നല്ലോ. പുതിയ നിയമത്തിലെ മറിയം നമ്മെ ലോകത്തിന്റെ കടല്‍ കടന്ന് സ്വര്‍ഗം നേടിയെടുക്കാന്‍ സഹായിക്കുന്നു.

ആദവും ഹവ്വയും പാപമില്ലാതെ സൃഷ്ടിക്കപ്പെട്ടതു പോലെ യേശുവും മറിയവും പാപമില്ലാതെ ജനിച്ചവരാണ്. അവരില്‍ ഉത്ഭവ പാപത്തിന്റെ കറ ഇല്ലായിരുന്നു. അതിനാല്‍ മറിയം ശരീരത്തിലും ആത്മാവിലും എല്ലാ കൃപകളും നിറഞ്ഞവളായിരുന്നു. അതിനാലാണ് ദൈവദൂതന്‍ മറിയത്തെ ദൈവകൃപ നിറഞ്ഞവളേ എന്ന് സംബോധന ചെയ്തത്.

ദൈവം മറിയത്തെ തന്റെ രക്ഷാകര ദൗത്യത്തിന് വേണ്ടി മുന്‍കൂട്ടി തെരഞ്ഞെടുത്ത് വിശുദ്ധീകരിക്കുകയായിരുന്നു. വളരെ അത്ഭുതകരമായ വിധത്തിലാണ് യേശു അവളുടെ ഉദരത്തില്‍ ഉരുവാകാന്‍ പോകുന്നത്. അതിനാല്‍ കര്‍ത്താവ് നിന്നോടു കൂടെ എന്ന ദൂതന്റെ വചനം അന്വര്‍ത്ഥമാണ്.

മറിയം ഈ അഭിവാദനം കേട്ട് അസ്വസ്ഥയായതിന് കാരണമുണ്ട്. വളരെ ഉത്തരവാദിത്വം നിറഞ്ഞ വലിയൊരു വിളി ഏതൊരാളെ സംബന്ധിച്ചും അസ്വസ്ഥയുണര്‍ത്തുന്നതാണ്. മറിയം ഒരു പക്ഷേ, ദൈവ കൃപ തേടി കൊണ്ടിരുന്നവളാകാം. എന്നാല്‍, ഇപ്പോഴിതാ ദൈവദൂതന്‍ അവളെ ദൈവകൃപ നിറഞ്ഞവളേ എന്നു വിളിക്കുന്നു. അത് വിശ്വസിക്കാന്‍ അവള്‍ പാടുപെടുകയാവാം.

എന്നാല്‍, ദൈവദൂതന്‍ മറിയത്തെ ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. മറിയം ദൈവ സന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു എന്ന് ദൂതന്‍ പറയുന്നു. അവളുടെ സുകൃതങ്ങളില്‍ ദൈവം സംപ്രീതനായിരിക്കുന്നു.

യേശു എന്ന പേര് ഹീബ്രൂ ഭാഷയില്‍ ജോഷ്വ എന്ന വാക്കാണ്. യഹോവയാണ് രക്ഷ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ശക്തരായ കാനാന്‍കാര്‍ക്കെതിരെ യുദ്ധം നയിച്ച് ഇസ്രായേല്‍ക്കാര്‍ക്ക് വിജയം സമ്മാനിച്ചവനാണ് ജോഷ്വ. പുതിയ ജോഷ്വയായ യേശു സാത്താനെതിരെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് ജനങ്ങളെ വാഗ്ദത്തഭൂമിയായ സ്വര്‍ഗത്തിലേക്ക് നയിക്കുന്നു.

അവന്‍ മഹാനായിരിക്കും. ഭൂമിയില്‍ ജനിച്ച എല്ലാ മഹാന്മാരേക്കാളും അവന്‍ മഹിമയുള്ളവനായിരിക്കും. സോളമനേക്കാള്‍ ജ്ഞാനിയും ദാവീദിനേക്കാള്‍ വലിയ രാജാവും ജോനായെക്കാള്‍ വലിയ പ്രവാചകനും.

അത്യുന്നതന്റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും. ദൈവത്തിന്റെ നേര്‍പുത്രനാണ് യേശു. പരിശുദ്ധാത്മാവായ ദൈവത്താല്‍ ജനനമെടുത്ത യേശു ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുന്നു.

അവന്‍ പരിശുദ്ധനായിരിക്കും. മനുഷ്യാവതാരം ചെയ്ത ദൈവമായതിനാല്‍ യേശു പരിശുദ്ധനാണ്. അവിടുന്നില്‍ പാപമില്ല.

അവന്‍ യാക്കോബിന്റെ ഭവനത്തിന്മേല്‍ ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല. ഇസ്രായേല്‍ ഭവനം 12 വംശങ്ങളാണ്. ഈ വംശങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറി കിടക്കുന്നുണ്ട്. അവര്‍ വിജാതീയരുമായി ഇട കലര്‍ന്നിട്ടുമുണ്ട്. ഇസ്രായേലിലൂടെ സകല ജനത്തിനും വേണ്ടിയുള്ളതാണ് രക്ഷ. യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കുമായി സഭയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു.

താന്‍ പുരുഷനെ അറിയാത്തതിനാല്‍ എങ്ങനെ ഗര്‍ഭം ധരിക്കും എന്ന് മറിയം ചോദിക്കുന്നു. വി. അംബ്രോസും വി. അഗസ്റ്റിനും പറയുന്നതനുസരിച്ച് മറിയം ദൈവത്തോട് ചെയ്ത ഒരു വ്രതമാണ് കന്യാത്വം. അത് ലംഘിച്ച് ദൈവത്തിനെതിരെ പാപം ചെയ്യാന്‍ അവള്‍ ആഗ്രഹിച്ചില്ല. അതിനാലാണ് തന്റെ സംശയം ദൂതനോട് അവള്‍ ചോദിക്കുന്നത്. അതിന് മറുപടിയായി ദൈദൂതന്‍ പറയുന്നത് മറിയം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഗര്‍ഭം ധരിക്കും എന്നാണ്.

ദൈവത്തിന്റെ ശക്തിയുടെ തെളിവായി മറിയത്തിന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്റെ ഗര്‍ഭവിവരവും മാലാഖ അറിയിക്കുന്നു. ഒന്നും ദൈവത്തിന് അസാധ്യമല്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഗബ്രിയേല്‍ തറപ്പിച്ചു പറയുന്നു.

അതിന് മറിയം നല്‍കുന്ന മറുപടിയാണ് മനുഷ്യരക്ഷ സാധ്യമാക്കിയത്. ഇതാ കര്‍ത്താവിന്റെ ദാസി. അവിടുത്തെ വചനം പോലെ എന്നില്‍ നിറവേറട്ടെ. ഒരേ സമയം കന്യാത്വം നഷ്ടപ്പെടുത്താതെ ദൈവപുത്രന്റെ മാതാവകാന്‍ സാധിക്കും എന്ന അറിവ് മറിയത്തെ ആഹ്ലാദവതിയാക്കുന്നു.

സന്ദേശം

ദൈവം പോലും ഗബ്രിയേല്‍ മാലാഖ വഴി ഒരു മനുഷ്യന്റെ സമ്മതം വാങ്ങാന്‍ തയ്യാറാകുന്നു എന്ന് ശ്രദ്ധിക്കുക. അതിനാല്‍ ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്. അത് വീട്ടിലായും കുടുംബാംഗങ്ങള്‍ തമ്മിലായാലും. തെറ്റിദ്ധാരണകളെ ഒഴിവാക്കാന്‍ അത് ഉപകരിക്കും.

ഹവ്വ സാത്താനോട് യെസ് പറഞ്ഞ് പാപത്തെ വിളിച്ചു വരുത്തി. എന്നാല്‍ മറിയമാകട്ടെ, ദൈവത്തോട് യെസ് പറഞ്ഞ് രക്ഷയെ സാധ്യമാക്കി. നമുക്ക് സഭയുടെ പ്രബോധനങ്ങള്‍ അനുസരിക്കുകയും വഴിതെറ്റിക്കുന്നവരില്‍ നിന്ന് അകന്നിരിക്കുകയും ചെയ്യാം.

താന്‍ ദൈവത്തിന് നല്‍കിയ സമ്മതത്തോട് മറിയം എന്നും വിശ്വസ്ഥയായിരുന്നു. ദൈവമാതാവ് എന്ന മഹനീയ സ്ഥാനം ഉണ്ടായിട്ടും ഒരിക്കല്‍ പോലും മറിയം ദൈവത്തോട് തന്റെ സഹനങ്ങളെ കുറിച്ച് പരാതി പറഞ്ഞില്ല. നമ്മുടെ കുരിശുകള്‍ യേശുവിനോടൊത്ത് സഹിക്കാന്‍ കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

ക്രിസ്തീയ ജീവിതത്തോടുള്ള നമ്മുടെ സമര്‍പ്പണം നമുക്ക് ഓര്‍മിക്കാം. എന്നും നമ്മുടെ ദൈവവിളിയോട് വിശ്വസ്തരായിരിക്കാം.

പ്രാര്‍ത്ഥന

ഓ സ്വര്‍ഗീയ പിതാവായ ദൈവമേ,

അവിടുത്തെ വിശ്വസ്ത ദാസിയായ മറിയം അങ്ങയുടെ തിരുഹിതത്തിന് മുന്നില്‍ സമ്പൂര്‍ണമായി കീഴടങ്ങുകയും സര്‍വാത്മനാ ആമ്മേന്‍ പറയുകയും ചെയ്തുവല്ലോ. അമ്മയുടെ അനുസരണമാണല്ലോ ഞങ്ങള്‍ക്കായി ദൈവസുതനെ നല്‍കാന്‍ ഇടയാക്കിയത്. പരിശുദ്ധ അമ്മയെ പോലെ ദൈവമേ അങ്ങയുടെ ഇഷ്ടത്തിന് കീഴടങ്ങാനും ഇതാ കര്‍ത്താവിന്റെ ദാസി/ദാസന്‍ എന്ന് ഏറ്റു പറഞ്ഞു കൊണ്ട് ദൈവ വചനത്തെ ജീവിതത്തില്‍ സ്വീകരിക്കാനും ആവശ്യമായ അനുഗ്രഹം നല്‍കണമേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles