വി. അല്‍ഫോന്‍സാമ്മയുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം

അന്നക്കുട്ടിക്ക് ഏഴുവയസ്സായപ്പോള്‍ ആദ്യകുര്‍ബ്ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്നത്തെപ്പോലെ കന്യാസ്ത്രികളോ , മഠങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. ചങ്ങനാശ്ശേരിയിലും , ഭരണങ്ങാനത്തും, പാലായിലും മാത്രമായിരുന്നു മഠങ്ങളുണ്ടായിരുന്നത്. കുടമാളൂര്‍ പള്ളിയിലെ വികാരിയായിരുന്ന മുട്ടത്തുപാടത്ത് ഔസേപ്പച്ചനാണ് അന്നക്കുട്ടിയേയും മറ്റു കുട്ടികളെയും പരിശീലിപ്പിച്ചത്. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ദൈവികരഹസ്യം, അതിനുവേണ്ട ഒരുക്കങ്ങള്‍ , കുമ്പസാരത്തിനുവേണ്ടി തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അച്ചന്‍ പറഞ്ഞുകൊടുക്കുകയും നമസ്‌കാരങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. നിസ്സാരകാര്യങ്ങളിലും ഈശോയോട് വിശ്വസ്തത പുലര്‍ത്തണമെന്ന് അച്ചന്‍ ഓര്‍മിപ്പിച്ചു.
വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിന്റെ തലേദിവസം അന്നക്കുട്ടി ആദ്യമായി കുമ്പസാരം നടത്തി പാപമോചനവരം സ്വീകരിച്ചു. ഒരു പാപവും ഏറ്റുപറയുവാന്‍ അവള്‍ക്കുണ്ടായിരുന്നില്ല. കുമ്പസാരത്തിനുശേഷം നല്ല സന്തോഷവും സമാധാനവും കൈവന്നു. ദിവ്യകാരുണ്യ സ്വീകരണത്തിനു വേണ്ട ശുഭ്രവസ്ത്രങ്ങള്‍ തയ്പ്പിച്ചത് വല്യ അപ്പാപ്പന്‍ ഫാ . ജോസഫ് മുട്ടത്തുപാടമായിരുന്നു.
1917 നവംബര്‍ 27 ന് മറ്റു കുട്ടികളോടൊപ്പം അന്നക്കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചു. ഈശോ തന്റെ ഹൃദയത്തില്‍ വസിക്കുന്നതായി അന്നക്കുട്ടി വിശ്വസിച്ചു. ദൈവികമായ അനുഗ്രഹവും ആനന്ദവും അവള്‍ക്ക് അനുഭവപ്പെട്ടു. ഫാ . ജോസഫ് മുട്ടത്തുപാടം, ‘കൊച്ചുത്രേസ്യയുടെ കത്തുകള്‍’ എന്ന പുസ്തകം അന്നക്കുട്ടിക്ക് സമ്മാനമായി നല്‍കി. ഈശോയെ തന്റെ നാഥനായി അവള്‍ സ്വീകരിച്ചു. ഈശോയെ തന്റെ മണവാളനായി അവള്‍ സങ്കല്പിച്ചു.
അവധിക്കാലത്ത് അന്നക്കുട്ടിയെ മുട്ടാറ്റിലെ വല്യമ്മച്ചിയെ കാണിക്കുവാനായി പെണ്ണമ്മ വള്ളത്തില്‍ കൊണ്ടുപോയി. വള്ളത്തിലെ യാത്ര അന്നക്കുട്ടിക്ക് ഹരമായിരുന്നു. മുട്ടാറ്റില്‍, പുളിക്കികളത്തിലെ ‘പുത്തന്‍വീടിന്റെ മുന്‍വശത്ത് തോടുണ്ടായിരുന്നു. അധികം താഴ്ച യില്ലാത്തതുകൊണ്ട് അവിടെ കുളിക്കുവാന്‍ വല്യമ്മച്ചി ( ഏലിക്കുട്ടി ) അനുവദിച്ചു. പക്ഷെ വെള്ളത്തില്‍ നിന്നു കയറുവാന്‍ വലിയ മടിയായി തുന്നു. തോട്ടില്‍നിന്ന് കയറിയിട്ടും അന്നക്കുട്ടി ‘തല തോര്‍ത്താതെ ഓടിനടന്നതായി ഇപ്പോഴും പുലിക്കികളത്തിലെ പഴയ തലമുറക്കാര്‍ പറയുന്നു. വല്യ അമ്മച്ചിയുടെ സഹോദരന്‍ ലൂക്കാച്ചനാണ് സ്‌നേഹത്തോടെ വിളിച്ച് തലതോര്‍ത്തിയത്.
1919 ല്‍ അന്നക്കുട്ടി മൂന്നാംക്ലാസ്സ് പാസ്സായി. അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആര്‍പ്പൂക്കരയില്‍ ഉണ്ടായിരുന്നില്ല . മുട്ടുചിറ ഗവ. സ്‌കൂളില്‍ ചേര്‍ക്കുവാന്‍ പേരമ്മ കുട്ടന്‍ വൈദ്യനെ നിര്‍ബന്ധിച്ചു . അങ്ങനെ വിടുതല്‍ സര്‍ട്ടി ഫിക്കറ്റു വാങ്ങുവാന്‍ അന്നക്കുട്ടിയുമായി കുട്ടന്‍വൈദ്യന്‍ തൊണ്ണന്‍കുഴി സ്‌കൂളിലെത്തി. ഹെഡ്മാസ്റ്റര്‍ നീലകണ്ഠപിള്ളസാര്‍ , സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വൈദ്യന് നല്‍കി . നേരത്തെ കരുതിയിരുന്ന വെറ്റിലയും പുകയി ലയും അന്നക്കുട്ടി വിറയ്ക്കുന്ന കൈകളോടെ സാറിന് കൊടുത്തു. അവള്‍ വികാരവിവശയായി സാറിനോടും സ്‌കൂളിനോടും യാത്രപറഞ്ഞു . ‘കുഞ്ഞിനെ ഈശ്വരന്‍ അനുഗ്രഹിക്കും’ സാറിന്റെ അനുഗ്രഹാശംസകള്‍ ഏറ്റുവാങ്ങി അവര്‍ പടിയിറങ്ങി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.