ആ ബസ് കിട്ടാതെ പോയതിന് പിന്നിലെ ദൈവികപദ്ധതി എന്തായിരുന്നു?

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കമാണ് കാലം. ഒരു സംഗീത ആല്‍ബം എന്ന ആശയവുമായി ഹസ്സന്‍കുട്ടി എന്ന സുഹൃത്ത് പ്രശസ്ത സാഹിത്യകാരനായ എ.കെ. പുതുശ്ശേരിയെ സമീപിച്ചു. പത്തു ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് ആവശ്യം. സംഗീതം ബേണിഇഗ്‌നേഷ്യസ് സഹോദരന്മാര്‍. സംഗീതത്തിനനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തണം എന്നാണ് പദ്ധതി. ആദ്യത്തെ എട്ടു പാട്ടുകള്‍ എഴുതി ത്തീര്‍ത്തു. ഇനി രണ്ടു പാട്ടുകള്‍ കൂടി വേണം. എഴുതാന്‍ ഇരുന്നിട്ട് ശരിയാകുന്നുമില്ല. എഴുതിയതൊട്ട് തൃപ്തി വരുന്നുമില്ല.

അങ്ങനെയിരിക്കെയാണ് ജോലി സംബന്ധമായി കോഴിക്കോ ട്ടേക്കൊരു യാത്ര അനിവാര്യമായി വന്നത്. കോഴിക്കോട്ട് വ്യവഹാരമെ ല്ലാം കഴിഞ്ഞപ്പോള്‍ രാത്രിയായി. വേണമെങ്കില്‍ വിശ്രമിച്ചിട്ടു പിറ്റേന്നു പോകാം. പക്ഷേ, പുതുശ്ശേരി മാഷിന് അത് ശീലമില്ല. നാട്ടില്‍, എറണാകുളത്ത് ഭാര്യയും നാലു കുഞ്ഞുങ്ങ ളും തനിച്ചാണ്. മടങ്ങിപ്പോയേ പറ്റൂ. എത്രയും വേഗം!

നേരിട്ട് ബസ് കിട്ടിയില്ല. അതു കൊണ്ട് തൃശൂര്‍ വരെയുള്ള ഒരു ബസില്‍ കയറി. അവിടെ നിന്നു മറ്റൊരു ബസില്‍ പോകാം എന്ന കണക്കുകൂട്ടലില്‍. തൃശൂര്‍ എത്തിയ പ്പോള്‍ സമയം പാതിരാത്രി. ഇറങ്ങു മ്പോള്‍ ഒരു ബസ് പുറപ്പെടാന്‍ തയ്യാ റായി നില്‍ക്കുന്നു. നല്ല തിരക്ക്. ശ്വാസം പിടിച്ച് ഓടി ഒരു വിധത്തില്‍ ബസിന്റെ ചവിട്ടുപടിയില്‍ കയറിയത് ഓര്‍മയുണ്ട്. ചെക്കര്‍ തള്ളി പുറ ത്തേക്കിട്ടു. കൂടെ ശകാരവും. മാഷ് തെറിച്ചു റോഡില്‍ വീണു. കൈ മുട്ടുകളും കാലുകളും മുറിഞ്ഞു. വേദനയും നീറ്റലും അപമാനവും നിരാശയും. മുറുമുറുപ്പുകളോടെ മാഷ് ബസിന്റെ നമ്പര്‍ നോട്ട് ചെയ്‌തെടുത്തു. ചെയ്ത അനീതിക്കെ തിരെ ഡിപ്പോയില്‍ ഒരു പരാതി കൊടുക്കണം.

ഒന്നര മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നു, അടുത്ത ബസ് വരാന്‍. അതില്‍ കയറി നാട്ടിലേക്കു യാത്രയായി. അല്‍പമൊന്നു മയങ്ങിപ്പോയ മാഷ് ഉണര്‍ന്നത് ഒരു കോലാഹലം കേട്ടാണ്. സ്ഥലം അങ്കമാലി. അവിടെ ഒരു ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ച് കിടക്കുന്നു. യാത്രക്കാര്‍ രക്തത്തില്‍ കുളിച്ച് വഴിയിലാ കെ ചിതറിക്കിടക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് അവരെ വാഹനങ്ങളിലും ആംബുലന്‍സുകളിലും കയറ്റുന്നു. ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ബസിന്റെ നമ്പര്‍ നോക്കിയപ്പോള്‍ മാഷ് ഞെട്ടിപ്പോയി. താന്‍ കയറാന്‍ ശ്രമിക്കുക യും പുറന്തള്ളപ്പെടുകയും ചെയ്ത അതേ ബസ്! മാഷ് ആ വഴിയി ലിറങ്ങി നിന്ന് ആ രാത്രി പൊട്ടിക്കരഞ്ഞു പോയി. ആരാണ് ആ ബസ്സില്‍ നിന്നും തന്നെ തളളിയിട്ടത്!

അന്നു രാത്രി വീട്ടിലെത്തിയപ്പോള്‍ പുതുശ്ശേരി മാഷ് കുറിച്ച പാട്ടാണ്, ‘ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്നീശോയേ…’ ആത്മാവിനെ ആഴത്തില്‍ തൊടുന്ന ഈ ഗാനം ബേണി ഇഗ്‌നേഷ്യസ് ഈണം നല്‍കി അള്‍ത്താര എന്ന ആല്‍ബത്തില്‍ ഉള്‍പ്പെടുത്തി. പോപ്പുലര്‍ മിഷന്‍കാര്‍ ഈ ഗാനം ഏറ്റെടുക്കുകയും ജനങ്ങള്‍ക്കിടയില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തു. ഇരുപത്തഞ്ചാം വര്‍ഷം സമീപിക്കുന്ന ഈ വേളയിലും ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ഈ ഗാനം ഇന്നും ജീവിക്കുന്നു, അവിസ്മരണീയമായ ഒരു ഗാനാനുഭവമായി…

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍
ഞാനാരാണെന്നീശോയേ
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപിയാണല്ലോ ഇവന്‍

മാലാഖവൃന്ദം നിരന്തരം വാഴ്ത്തുന്ന
മാലില്ലാ വാനില്‍ നിന്നും
കാരുണ്യത്തോടെ മനുജനായ് വന്നു നീ
മന്നില്‍ പിറന്നുവല്ലോ

ശത്രുവാമെന്നെ പുത്രനാക്കീടുവാന്‍
ഇത്രമേല്‍ സ്‌നേഹം വേണോ
നീചനാമെന്നെ സ്‌നേഹിച്ചു സ്‌നേഹിച്ചു
പൂജ്യനായ് മാറ്റിയല്ലോ

ഭീരുവാമെന്നില്‍ വീരം പകര്‍ന്നു നീ
ധീരനായ് മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ്‌നേഹവായ്പിന്റെ
ആഴമറിയുന്നു, ഞാന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles