കണ്ണുനീർ താഴ്‌വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾ …

ഒരു പ്രതിസന്ധി ഘട്ടത്തിൽ തീരുമാനമെടുക്കാനായ്
സഹായിക്കണമെന്നു പറഞ്ഞാണ്
ആ ദമ്പതികൾ എൻ്റെയടുത്തെത്തിയത്.
അവരുടെ രണ്ടാമത്തെ കുഞ്ഞിന്
അഞ്ചു മാസം പ്രായമേയുള്ളൂ,
അപ്പോഴേക്കും അവൾ മൂന്നാമത് ഗർഭിണിയായി. അപ്രതീക്ഷിതമായ
ആ വാർത്ത അവരെ വിഷമത്തിലാക്കി.
വീട്ടുകാരിൽ ഭൂരിഭാഗം പേരും
ഇരുചെവിയറിയാതെ കുഞ്ഞിനെ നശിപ്പിക്കണം എന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്.
അതു കേട്ട് ഭർത്താവും
ആ തീരുമാനം നിറവേറ്റണമെന്ന
ആഗ്രഹം പ്രകടിപ്പിച്ചു.
ആ വാക്കുകൾ ഭാര്യയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ഞാനവരോടു ചോദിച്ചു:
“എത്ര മക്കൾ വേണമെന്നായിരുന്നു
നിങ്ങളുടെ ആഗ്രഹം?”
” നാല് “
“അങ്ങനെയെങ്കിൽ മൂന്നാമത്തെ
കുഞ്ഞിനെ മറ്റുള്ളവർ പറയുന്നത്
കേട്ട് കളയണമോ?”
അതിന് മറുപടി പറഞ്ഞത്
ഭാര്യയായിരുന്നു:
“അച്ചാ, ഇതു തന്നെയാണ്
ഞാൻ ചേട്ടനോട് പറഞ്ഞത്.
എന്തു നാണക്കേട് സഹിക്കാനും
ഞാൻ തയ്യാറാണ്. ദൈവം മൂന്നാമത്തെ കുഞ്ഞിനെ ഇത്തിരി നേരത്തെ
തന്നുവെന്ന് കരുതിയാൽ പോരെ?
എന്നെ കൊന്നാലും ശരി കുഞ്ഞിനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.
ചേട്ടൻ്റെയും വീട്ടുകാരുടെയും നിർബദ്ധമാണ് എന്നെ വിഷമത്തിലാക്കുന്നത്.
അച്ചനറിയുമോ,
ഞാനും എൻ്റെ ചേച്ചിയും തമ്മിൽ എട്ടുമാസത്തെ വ്യത്യാസമേയുള്ളൂ.
എൻ്റെ മാതാപിതാക്കൾ
എന്നെ നശിപ്പിച്ചില്ലല്ലോ?
കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് അപ്പനും അമ്മയുമാണെന്ന് പറയുന്നത്. ചിലപ്പോൾ ഈ മൂന്നാമത്തെ കുഞ്ഞായിരിക്കും നാളെ
ഒരു അത്താണിയായ് മാറുക.”
അവളുടെ നിശ്ചയദാർഡ്യത്തിനു മുമ്പിൽ ഭർത്താവിൻ്റെ ശിരസുതാണു:
“അച്ചാ,
ഇവളുടെ ഇഷ്ടം അതാണേൽ
അതു നടക്കട്ടെ. എന്തായാലും അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം.”
ഞാനയാളോടു പറഞ്ഞു:
“ഇവളുടെ ഇഷ്ടമാണെങ്കിൽ നടക്കട്ടെ എന്നല്ല പറയേണ്ടത്. പൂർണ്ണമനസോടെ സമ്മതിക്കുകയാണ് വേണ്ടത്.”
ഞാനവർക്കു വേണ്ടി പ്രാർത്ഥിച്ചു.
സന്തോഷത്തോടെ അവർ യാത്രയായി.
മൂന്നാമത്തെ കുഞ്ഞിൻ്റെ പിറന്നാൾ ക്ഷണിക്കാൻ അവരിരുവരും വന്നിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ്
അദ്ദേഹമെന്നെ ഫോൺ വിളിച്ചിരുന്നു:
“അച്ചാ, അന്ന് ആ തീരുമാനമെടുക്കാൻ സഹായിച്ചതിന് നന്ദി. എൻ്റെ ഭാര്യയ്ക്ക് ബ്ലീഡിങ്ങിൻ്റെ പ്രശ്നമാണ്. ഗർഭപാത്രം
സർജറി ചെയ്ത് മാറ്റണമെന്നാണ് പറയുന്നത്…..
അന്ന് ആ തീരുമാനമെടുത്തില്ലെങ്കിൽ….”
വാക്കുകൾ മുഴുമിപ്പിക്കാനാകാതെ
അയാൾ വിതുമ്പി.
ഏതൊരു വ്യക്തിയും ജീവൻ്റെ
വക്താവാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ നുറുകാരണങ്ങൾ പറയുമ്പോഴും ഒരു കാരണമെങ്കിലും പറഞ്ഞ്
അതിൻ്റെ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നവർ
ഇന്ന് കുറഞ്ഞു വരികയല്ലെ?
“ഞാന് ജീവന്റെ അപ്പമാണ്‌”
(യോഹ 6 : 48) എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്.
ഓരോ അപ്പനും അമ്മയും എന്നു വേണ്ട ഏതൊരു വ്യക്തിയും ജീവൻ്റെ അപ്പമാകുക എന്ന വിളി സ്വീകരിച്ചിരിക്കുന്നവരാണെന്ന
ബോധ്യം നമ്മിൽ ആഴപ്പെടട്ടെ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles