ചരിത്രം പാടിത്തീരാത്ത സഹന കാവ്യം

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ഏറ്റവും അവിസ്മരണീയ രംഗങ്ങള്‍ യേശുവും മാതാവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ചിത്രീകരിക്കുന്നവയാണ്. മാതാവ് എന്തു സഹിച്ചു എന്ന് ചോദിക്കുന്നവരോട് മാതാവ് എന്തു മാത്രം സഹിച്ചു എന്ന് ബോധ്യപ്പെടുത്തുന്ന ധ്യാനങ്ങളിലേക്ക് നയിക്കുന്ന രംഗങ്ങള്‍ ഒരു പിടിയുണ്ട് ആ ചിത്രത്തില്‍.

അന്ത്യയാത്രയില്‍ ഒരിടത്ത് വച്ചാണ് മറിയം യേശുവിനെ കണ്ടു മുട്ടുന്നത്. അമ്മയുടെ കണ്‍മുന്നില്‍ വച്ച് കുരിശിന്റെ ഭാരം താങ്ങാനാവാതെ
മകന്‍ വീഴുകയാണ്. യേശുവിന്റെ ബാല്യത്തില്‍ അവിടുന്ന് വീണു പോയ രംഗമാണ് സമാന്തരമായി കാണിക്കുന്നത്. ജീവന്‍ വീണു പോയാലെന്ന
വണ്ണം മാതാവ് ഓടുകയാണ്, മകനെ താങ്ങാന്‍! അത്ര സ്‌നേഹത്തോടെയാണ് അമ്മ മകനെ വളര്‍ത്തിയത്. അവന്റെ ഒരു ചെറിയ വീഴ്ച പോലും ആ അമ്മയുടെ ഹൃദയത്തെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ധ്വനിപ്പിക്കുന്ന രംഗം. കുരിശോടു കൂടിയുള്ള ആ വീഴ്ച എത്ര ആഴത്തില്‍ അമ്മയെ വേദനിപ്പിച്ചു എന്ന് ആ രംഗം വ്യക്തമാക്കുന്നു. മകന്‍ വീഴുമ്പോള്‍ മനസ്സു കൊണ്ട്, ഹൃദയം കൊണ്ട് ആത്മാവ് കൊണ്ട് അമ്മയും വീഴുകയാണ്!
സ്‌നേഹിക്കുന്ന ഹൃദയമുള്ളവരുടെ ഏറ്റവും വലിയ വേദന പ്രിയപ്പെട്ടവരുടെ വേദനയാണ്. നാം പലപ്പോഴും കേട്ടിട്ടുണ്ട്, ഒരാളെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദികള്‍ അയാളുടെ പ്രിയപ്പെട്ടവരെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നു എന്നും. ഒരു പക്ഷേ, അയാളെ ഉപദ്രവിച്ചാലെന്നതിനേക്കാള്‍ വേദന അയാള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നവരെ ഉപദ്രവിക്കുന്നതിലൂടെ അയാളെ അനുഭവിപ്പിക്കാന്‍ സാധിക്കും എന്നതിനാലാണ് ശത്രുക്കള്‍ ഇത്തരം തന്ത്രം ഉപയോഗിക്കുന്നത്.

ഇത് തന്നെയാണ് മാതാവിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഭൂമിയില്‍ ഈയൊരു മകനേയുള്ളൂ അമ്മയ്ക്ക് ആശ്രയം. ജനനം മുതല്‍ക്കേ പൊന്നു പോലെ സ്‌നേഹിച്ചു കൊണ്ടു നടന്നവനാണ്. അവന്റെ സന്തോഷങ്ങളാണ് അമ്മയുടെ സന്തോഷം. അവന്റെ നന്മയാണ് അമ്മയുടെ നന്മ. അവന്റെ വചനമാണ് അമ്മയ്ക്ക് അമൃതം. ആ മകന്റെ സഹനം അമ്മയുടെ സഹനം തന്നെയാണ്. അവന്‍ വീഴുമ്പോള്‍ സ്വയം വീഴുന്നതിനേക്കാള്‍ വേദനയാണ്.
കാല്‍വരിയില്‍ യേശുവിനെ കുരിശില്‍ തറയ്ക്കുന്ന ഒരു രംഗം പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുരിശ് കമിഴ്ത്തിയിട്ട് ആണിയടിച്ചു കയറ്റുകയാണ്. ആ സമയത്ത് ക്യാമറ മറിയത്തെയാണ് കാണിക്കുന്നത്. യേശു എങ്ങനെയാണോ കിടക്കുന്നത് അങ്ങനെ തന്നെ നിലം പറ്റെ കുനിഞ്ഞു നില്‍ക്കുകയാണ് മാതാവ്. അതേ വേദനയോടെ. അതേ ദുഖം ഉള്ളിലേറ്റി കൊണ്ട്! ഓരോ ആണിയും തറഞ്ഞു കയറുമ്പോള്‍ ആ ഹൃദയം പിളരുന്നത് അമ്മയുടെ മുഖത്ത് ഒരു കണ്ണാടിയിലെന്നതു പോലെ പ്രതിബിംബിച്ചു കാണാം. മകന്റെ ഒരു പ്രതിബിംബം പോലെ അമ്മ നില്‍ക്കുന്ന കാഴ്ചയാണത്. അവന്റെ മനസ്സ് അമ്മ തന്റെ ഹൃദയം കൊണ്ട് ഒപ്പിയെടുക്കുന്നു. അവന്റെ മനസ്സിലെ വേദന സ്വന്തം മനസ്സു കൊണ്ടും അവന്റെ ശരീരത്തിലെ വേദന സ്വന്തം ശരീരം കൊണ്ടും ഒപ്പിയെടുത്ത് സ്‌നേഹാര്‍ദ്രയായ അമ്മ!

ചരിത്രം പാടിത്തീരാത്ത സഹന കാവ്യമാണ് പരിശുദ്ധ കന്യാമറിയം. വിശുദ്ധാത്മാക്കളും ചരിത്രത്തിലെ മഹാത്മാക്കളും അമ്മയെ വാഴ്ത്തുന്നു. ദൈവം പോലും അമ്മയെ വാഴ്ത്തി മതിയായിട്ടില്ലെന്നു തോന്നും. അതു കൊണ്ടല്ലേ, പിന്നെയും പിന്നെയും ഓരോ പുതിയ പുതിയ പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ അമ്മയെ ഈ ഭൂമിയിലേക്ക് വീണ്ടും വീണ്ടും ദൈവം അയക്കുന്നത്? നന്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി! എന്ന് രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി കോടാനുകോടി നാവുകളിലൂടെ നിര്‍ത്താതെ പാടുന്നത്!

തന്റെ നാമത്തില്‍ ഏറ്റവും ചെറിയ കാര്യം പോലും ചെയ്തവന്റെ നന്മകളെ ചരിത്രം ഓര്‍ത്തു വയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുമെന്ന് വാക്കു പറഞ്ഞത് ക്രിസ്തുവാണ്. അപ്പോള്‍ ജീവിതം മുഴുവനും എല്ലാം ക്രിസ്തുവിനായി ഉഴിഞ്ഞു വച്ച ഈ അമ്മയുടെ അപദാനങ്ങള്‍ കാലവും ചരിത്രവും എങ്ങനെ പാടിത്തീര്‍ക്കും? പാടുക ഹൃദയങ്ങളേ, ഭൂമിയിലെ ഏറ്റവും നന്മ നിറഞ്ഞ അമ്മയുടെ വാഴ്ത്തുകള്‍!

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles