സന്ന്യാസത്തിന്റെ ലാവണ്യം

ഈശ്വര സാക്ഷാത്കാരം തേടിയ എല്ലാ പുണ്യജന്മങ്ങള്‍ക്കു ചുറ്റിലുമുണ്ട് നിറം പിടിപ്പിച്ച കഥകള്‍. ദേവകള്‍ പൂക്കളെറിയുകയും മാലാഖമാര്‍ പാട്ടുപാടുകയും ചെയ്ത പുരാവൃത്തങ്ങള്‍. നമുക്ക് അത്തരം കഥകളെ മാറ്റി നിര്‍ത്തി മനുഷ്യന്റെ ഹൃദയപൂര്‍വമുള്ള അന്വേഷണങ്ങള്‍ ധ്യാനിക്കാം. ബുദ്ധന്റെ ജ്ഞാനോദയം അത്തരത്തിലുള്ള ഒന്നായിരുന്നു. സുഖങ്ങളുടെ മധ്യേ മാത്രം വ്യാപരിച്ചിരുന്ന ഒരു കുമാരന്‍. എത്ര മറച്ചു പിടിച്ചിട്ടും അവസാനം അനിവാര്യമായ പ്രപഞ്ചസത്യം സിദ്ധാര്‍ത്ഥന്റെ വഴിയില്‍ വന്നു നിന്ന് വെളിപാടു കൊടുക്കുന്നു. ഇതാ ഭൂമി. സങ്കടങ്ങളുടെയും ജരാനരകളുടെയും പ്രിഥ്വി. സിദ്ധാര്‍ത്ഥനില്‍ നിന്ന് ബുദ്ധനിലേക്കുള്ള സുദീര്‍ഘമായ യാനം അവിടെ ആരംഭിക്കുന്നു. പ്രകാശകിരണത്തിന്റെ ഒരു നേര്‍ത്ത രേണു. അതിന്റെ ഉറവിടം തേടിയൊരു പ്രയാണം.

എല്ലാ സന്ന്യാസവും അതു തന്നെയാണ്. ജീവിതത്തിലെ ഏതെങ്കിലും ഒരു അനര്‍ഘ നിമിഷത്തില്‍, സ്വപ്‌നത്തിലോ ജാഗരത്തിലോ കണ്ടുമുട്ടിയ പ്രകാശ ദൂതന്റെ കാണാകാലടികള്‍ക്കു പിന്നാലെ പ്രകാശത്തിന്റെ ഉറവിടം തേടിയൊരു യാത്ര. ഈ അനര്‍ഘ നിമിഷം ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിച്ചിട്ടില്ലാത്ത എല്ലാ സന്ന്യാസയാത്രകളും വെറും ഉല്ലാസയാത്രകളാണ്. അതിനെ സന്ന്യാസം എന്നു വേണമങ്കില്‍ വിളിക്കാം, അല്പം നര്‍മബോധത്തോടെ. എല്ലാവരും പോയതു കൊണ്ട് ഞാനും പോകുന്ന വൃഥായാത്രകള്‍! ഫലം ചൂടാതെ…

ഫലം ചൂടാത്ത ഫരിസേയജന്മങ്ങളെ കണ്ട് ഇതാണ് സന്ന്യാസം എന്ന് പുതുതലമുറ തെറ്റിദ്ധരിക്കുന്ന സങ്കടകരമായ കാലമാണിത്. ഓര്‍ക്കണം, ഇതു വഴി കടന്നു പോയ ലക്ഷോപലക്ഷം ധന്യജീവിതങ്ങളെ. പ്രകാശം തൊട്ട ജീവിതങ്ങളാണ് സന്ന്യാസികളായി മാറിയത്. സ്വന്തം സങ്കടങ്ങളേക്കാള്‍ ഉലകിന്റെ നോവുകള്‍ നെഞ്ചിലേറ്റിയവര്‍. ബുദ്ധനെയും മഹാവീരനെയും പോലെ. ഫ്രാന്‍സിസ് അസ്സീസിയെയും മദര്‍ തെരേസയെയും പോലെ. അസംഖ്യം ക്രൈസ്തവ പുണ്യാത്മാക്കളെ പോലെ!

സന്ന്യാസം ഒരുള്‍വിളി തന്നെയാണ്. ഉള്ളില്‍ നിന്നുയിര്‍ക്കൊള്ളുന്ന, ആഴമുള്ള ബോധ്യമായി മാറുന്ന പ്രചോദനം. ഫ്രാന്‍സിസ് ആര്‍ഭാഢങ്ങളില്‍ അഭിരമിക്കുന്നവനായിരുന്നു. പ്രണയസാന്ദ്രമായിരുന്നു, അയാളുടെ സായാഹ്നങ്ങള്‍. എന്നാല്‍, ആദ്യം ഒരു യാചകനും പിന്നീട് ഒരു കുഷ്ഠരോഗിയും ഫ്രാന്‍സിസിന്റെ ആഴങ്ങളെ തൊട്ടു. ആഴങ്ങളെ തോടുന്ന നിമിഷം നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ? ആഴങ്ങള്‍ കണ്ട നിമിഷത്തില്‍ നിങ്ങള്‍ ലോകത്തിന്റെ സങ്കടങ്ങളെയോര്‍ത്ത് കണ്ണീര് പൊഴിച്ചിട്ടുണ്ടോ? കണ്ണാല്‍ അതു വരെ കാണാത്ത ഒരാള്‍ നിങ്ങളുടെ സഹോദരനാണെന്ന് തോന്നിയിട്ടുണ്ടോ? ആരോരുമല്ലാത്തവനു വേണ്ടി അപ്പം പങ്കിടുവാന്‍… അകലങ്ങളിലുള്ളതും അടുത്തള്ളതുമായ സങ്കടജന്മങ്ങള്‍ക്കായി നെഞ്ചില്‍ നോവോടെ പ്രാര്‍ത്ഥിക്കാന്‍… ആ അനുഭവങ്ങളെ ഇന്നും നെഞ്ചില്‍ അമൂല്യമായി സൂക്ഷിക്കുന്നുണ്ടോ? എങ്കില്‍ ഉള്ളിന്റെയുള്ളില്‍ നിങ്ങള്‍ സന്ന്യാസ പാതയിലാണ്. സഞ്ചാരീ, നിനക്കാശംസ!

സന്ന്യാസം പുറമേ നിന്നും ഇടുന്ന കുപ്പായത്തിന്റെ പാരതന്ത്ര്യമല്ല. ഉള്ളില്‍ നിന്നും മുളയ്ക്കുന്ന ചിറകുകളുടെ സ്വാതന്ത്ര്യമാണ്. മറിച്ച് ചിന്തിക്കുന്നതാണ് നമ്മുടെ തെറ്റ്. ആര്‍ക്കും ഒരാളെ സന്ന്യാസ പാതയില്‍ കൊണ്ടു ചെന്നു നിര്‍ത്താന്‍ കഴിയില്ല. കുപ്പായം കൊണ്ട് നിങ്ങളുടെ ഉള്ളിലെ പാകത പ്രാപിക്കാത്ത മനുഷ്യന്റെ കുറവുകളെ മറച്ചു വയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതല്ല സന്ന്യാസം. സര്‍വം ത്യജിച്ച് മഹായോഗിയായിരുന്ന വര്‍ദ്ധമാന മഹാവീരന്‍ ദിഗംബരനായിരുന്നു എന്നോര്‍ക്കണം. ഒരുടയാടയും അണിയാത്തവന്‍. ഉള്ളിലാണ് സന്ന്യാസ വസ്ത്രങ്ങള്‍ ഒരുവന്‍ അണിയുന്നതെന്ന് മഹാവീരനും ബുദ്ധനുമൊക്കെ നല്ല ബോധ്യമുണ്ടായിരുന്നു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ദിഗംബരനായ അസ്സീസിയിലെ ഫ്രാന്‍സിസും ഈ പാഠം തന്നെയാണ് പഠിപ്പിക്കുന്നത്. സന്ന്യാസത്തിന്റെ ചിറക് മുളയ്‌ക്കേണ്ടത് ഉള്ളില്‍ തന്നെ. പുറമേ അണിയുന്നതെല്ലാം ഉള്ളിലേ തേജസ്സിന്റെ അടയാളങ്ങള്‍ മാത്രം. ഉള്ളില്‍ ഒന്നുമില്ലെങ്കില്‍ പുറമേ അണിയുന്നതെല്ലാം വെറും തോല്!

ഫ്രാന്‍സിസ് പാപ്പാ സന്ന്യാസ ജീവിതത്തിന്റെ ആനന്ദത്തെ കുറിച്ചൊക്കെ പറയുന്നത് നമുക്ക് മനസ്സിലാകുന്നുണ്ടോ? അങ്ങനെയൊരാനന്ദമുണ്ട്. തോമസ് മെര്‍ട്ടന്റെ സെവന്‍ സ്‌റ്റോറി മൗണ്ടന്‍ എന്ന ആത്മകഥയുടെ പരിസമാപ്തിയില്‍ തീവ്ര വ്രതനിഷ്ഠകളുള്ള ട്രാപ്പിസ്റ്റ് സന്ന്യാസികളുടെ കൂട്ടത്തില്‍ മെര്‍ട്ടന്‍ അംഗത്വമെടുക്കുന്ന സന്ദര്‍ഭമുണ്ട്. എല്ലാ ലൗകിക സന്തോഷങ്ങളും ഉപേക്ഷിച്ച് സന്ന്യാസത്തിന്റെ യഥാര്‍ത്ഥ സന്തോഷവും സ്വാതന്ത്ര്യവും ആസ്വദിക്കുന്ന ആ നിമിഷത്തെ കുറിച്ച് മെര്‍ട്ടന്‍ പറയുന്നത് അന്നേരം തനിക്ക് ചിരി നിര്‍ത്താനേ കഴിഞ്ഞില്ല എന്നാണ്. എന്തൊരു ചിരിയായിരുന്നു, അത്! ഉള്ളിന്റെയുള്ളില്‍ നിന്നും നുരഞ്ഞു പൊന്തുന്ന കറതീര്‍ന്ന ആഹ്ലാദം!

അത്തരം ആനന്ദങ്ങള്‍ വി. കൊച്ചുത്രേസ്യയും വി. അല്‍ഫോന്‍സാമ്മയും കൊണ്ടു നടന്നിരുന്നു, ഒരു നിധി പോലെ! അവര്‍ ആഹ്‌ളാദിച്ചിരുന്നത്‌ സഹനങ്ങളുടെ നേരത്തായിരുന്നു. സഹനം അവരെ യേശുവിനോട് കൂടുതല്‍ അടുപ്പിച്ചിരുന്നു എന്നൊരു ശക്തമായ ബോധ്യത്തില്‍ നിന്നാണ് അവരുടെ ആനന്ദം പിറവിയെടുത്തത്. ആനന്ദത്തോടെ സന്ന്യാസം സ്വീകരിക്കുന്നവന്‍ മാത്രമാണ് ആ ജീവിതസരണിക്ക് യോഗ്യന്‍. ഉള്ളം പരിശോധിച്ചു നോക്കട്ടെ. എന്തിന് വന്നു, ഇവിടെ? കൈവിട്ടു പോയ ആനന്ദത്തെ വീണ്ടും കണ്ടെത്തുക. അല്ലെങ്കില്‍ വഴിമാറി പോവുക. പിന്നാലെ മാര്‍ഗം തേടി എത്തുന്ന പുതിയ തലമുറയുടെ മുന്നില്‍ ക്രിസ്തുവിന്റെ വെളിച്ചം മറച്ചു പിടിക്കാതെയെങ്കിലും ഇരിക്കുക!

പുതിയ തലമുറ തേടുന്നത് ജീവിത സാക്ഷ്യങ്ങളാണ്. സത്യസന്ധമായ സന്ന്യാസജീവിത സാക്ഷ്യങ്ങളെ. എന്തു കൊണ്ടാണ് ഫ്രാന്‍സിസ് അസ്സീസിയുടെ കാലത്ത് സന്ന്യാസം യുവാക്കളുടെ ആവേശമായിരുന്നത്? സന്ന്യാസം അതിന്റെ നേര്‍ സാക്ഷ്യങ്ങള്‍ കൊണ്ട് പച്ച ജീവിതമായി ആ ജനതയുടെ മുന്നില്‍ ഉണ്ടായിരുന്നു എന്നതു തന്നെ!

ഉള്ളില്‍ നിന്ന് പുറമേയ്ക്കു പ്രസരിക്കുന്ന വെട്ടവുമായി നടക്കുന്നവനെ കാണുമ്പോള്‍ അത് കാണുന്നവന്‍ വെളിച്ചത്തിന്റെ ഉറവിടമായ പരാശക്തിയെ ഓര്‍മിക്കാനിടയാവുന്നു. ആ വെട്ടം അവന്റെ ഉള്ളില്‍ പുതിയൊരു നാളം തെളിയിക്കുന്നു. അതാണ് അവന്റെ സന്ന്യാസ വിളി. വഴി കാണാതുഴലുന്ന നമ്മുടെ ഇളം തലമുറയ്ക്ക് ആര് വിളക്ക് കാണിക്കും?

അഭിലാഷ് ഫ്രേസര്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles