യൗസേപ്പ് ആശാരിപ്പണിയിലേക്ക് തിരിയാന്‍ ഇടയായത് എങ്ങനെ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 23/100

തന്റെ പിതാവിന്റെ മരണശേഷം പല തരത്തിലുള്ള ദുരിതങ്ങളിലൂടെ ജോസഫിന് കടന്നുപോകേണ്ടതായി വന്നു. ജോസഫിന്റെ കരുണാർദ്രഭാവം എല്ലാവർക്കും അറിവുള്ളതായിരുന്നതിനാൽ, ചിലർ കൗശലത്തിൽ ഇടപെട്ട് അവനുണ്ടായിരുന്ന വസ്തുവകകൾ പലതും സ്വന്തമാക്കി. പ്രത്യേകിച്ച് അവന്റെ ഭവനത്തിലെ സേവകരിൽ ചിലർ അവർക്ക് ഇഷ്ടപ്പെട്ടതെല്ലാം കരസ്ഥമാക്കി കൊണ്ടുപോയി. ജോസഫ് ഇതെല്ലാം കണ്ടിട്ടും ഒരു ഇഷ്ടക്കേടും അവരോട് കാണിച്ചില്ല. പാപംചെയ്തു ദൈവത്തെ വേദനിപ്പിക്കരുതെന്നും അവരുടെ ആത്മാവിനെ നഷ്ടപ്പെടുത്തരുതെന്നും ഉപദേശിക്കുക മാത്രമാണു ചെയ്തത്. അവർ അവന്റെ വാക്കുകൾക്ക് ഒരു വിലയും കല്പ്പിച്ചില്ല. മാത്രമല്ല ജോസഫിന്റെ കരുണാമസൃണവും സ്നേഹപൂർണ്ണവുമായ പെരുമാറ്റം കൂടുതൽ അവരുടെ സ്വാർത്ഥതയെ തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്.

സത്യന്ധമല്ലാത്ത പ്രവൃത്തികളിൽനിന്ന് അവർ പിന്തിരിയുന്നില്ലെന്ന് കണ്ട് ജോസഫ്, അവർ ദൈവത്തെ കൂടുതൽ വേദനിപ്പിക്കാതിരിക്കട്ടെ എന്നു കരുതി തിന്മയിലൂടെ അവർ നേടിയതിന്റെയെല്ലാം ഉടമസ്ഥാവകാശം അവർക്ക് വിട്ടുകൊടുത്തു. ഇത് ജോസഫിന്റെമേൽ ആ വ്യക്തികൾ കൂടുതൽ അസഭ്യവർഷം നടത്താനുള്ള ഒരു കാരണമായിത്തീർന്നു. കാരണം സാത്താൻ തന്റെ രോഷം മുഴുവൻ വിശുദ്ധന്റെമേൽ പ്രയോഗിക്കാനായി ആ വ്യക്തികളെ പ്രചോദിപ്പിക്കുകയും യഥേഷ്ടം ഭരിക്കുകയും ചെയ്തിരുന്നു.

തീർച്ചയായും തന്റെ ഹൃദയാർദ്രതയിൽ പങ്കുചേർന്ന അവർ തന്നെ ജോസഫിനെ കുറ്റപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകവഴി സാത്താൻ അവന്റെ കൗശലത്തിൽ വിജയിക്കുകതന്നെ ചെയ്തു.  ഈ ഉപദ്രവങ്ങളെല്ലാം നിഷ്ടളങ്കനായ ജോസഫ് അത്ഭുതാവഹമായ ക്ഷമയോടും ശാന്തതയോടുംകൂടി സ്വീകരിച്ചു. ഒരിക്കൽപോലും അവരോടു നീരസം പ്രകടിപ്പിച്ചതുമില്ല. 

ജോസഫിന്റെ ബന്ധുക്കൾ കൂസലെന്യെ അവന്റെ ഭൂമിയും സ്വത്തുക്കളും സ്വന്തമാക്കി. അതിനു പാരിതോഷികമെന്നോണം ജോസഫിനോട് അവരോടൊപ്പം വന്നു താമസിച്ചുകൊള്ളുവാൻ ആവശ്യപ്പെട്ടു. ഒരിക്കലും അവരുടെ തീരുമാനങ്ങൾക്ക് കീഴ്പ്പെടുവാൻ ജോസഫ് തയ്യാറായില്ല. അവൻ അവരിൽനിന്ന് ഒഴിഞ്ഞുമാറി അവരുടെ പദ്ധതികളെ തകിടം മറിച്ചുകളഞ്ഞു. ജറുസലേമിൽ പോയി താമസിക്കാന്‍ അവന്‍ നേരത്തെതന്നെ നിശ്ചയിച്ചിരുന്നു. അപ്പോള്‍ ദൈവാലയത്തിനടുത്ത് അവന് ആയിരിക്കാമല്ലോ. അവന്റെ തീരുമാനത്തില്‍ നിന്ന് അവനെ പിന്തിരിപ്പിക്കാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവനെ ഭീഷണിപ്പെടുത്തി കാര്യം നേടുവാന്‍ അവര്‍ വിഫലശ്രമം നടത്തി. അവരുടെ കുറ്റാരോപണങ്ങളും അപമര്യാദയായ പെരുമാറ്റങ്ങളും ജോസഫ് ക്ഷമയോടെ സഹിച്ചു. ഒരിക്കല്‍പ്പോലും കുപിതനായില്ല.

അവശേഷിച്ചിരിക്കുന്ന സ്വത്തുക്കളില്‍ നിന്ന് ജോസഫിനെ അടിച്ചോടിക്കുവാന്‍ അവന്റെ ബന്ധുക്കള്‍ വീണ്ടും പരിശ്രമം തുടങ്ങി. ഈ പുതിയ പരീക്ഷണത്തെ എങ്ങനെ അഭിമുഖീകരിച്ച് മുമ്പോട്ടു പോകണം എന്നറിയാന്‍ ദൈവത്തിന്റെ സഹായത്തിനും പ്രകാശത്തിനും വേണ്ടി അവന്‍ അപേക്ഷിച്ചു. രാത്രിയില്‍ മാലാഖയിലൂടെ ദൈവം അവന് ഉത്തരമരുളി. അവനു സ്വന്തമായതെല്ലാം വില്‍ക്കുവാന്‍ മാലാഖ അവനോട് ആവശ്യപ്പെട്ടു. വിറ്റുകിട്ടുന്ന തുകയില്‍ ഒരു ഭാഗം ദരിദ്രര്‍ക്കായി മാറ്റിവയ്ക്കണം. മറ്റൊരു ഭാഗം അവന്‍ ജറുസലേമില്‍ കൊണ്ടുപോയി ദേവാലയത്തില്‍ സമര്‍പ്പിക്കണം. മൂന്നാമത്തെ ചെറിയൊരു ഭാഗം മാത്രമേ സ്വന്തം ഉപയോഗത്തിനായി സൂക്ഷിക്കാവു. കാരണം അവന്‍ ദരിദ്രനായി ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.

ജറുസലേമില്‍ താമസിക്കുവാനും ആശാരിപ്പണി പരിശീലിച്ച് ആ തൊഴിലിലൂടെ അനുദിനാവശ്യങ്ങള്‍ നിറവേറ്റുവാനും അവനെ ഉപദേശിച്ചു. അവനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ദൈവം വ്യത്യസ്തമായി ക്രമപ്പെടുത്തുന്നതുവരെ ഈ നിലയില്‍ മുമ്പോട്ട് പോകുവാന്‍ ആവശ്യപ്പെട്ടു. മുമ്പ് അവന്‍ ദൈവത്തോട് പറഞ്ഞിരുന്നതുപോലെ ഏകസ്ഥജീവിതം നയിക്കണമെന്നും അവന്റെ ആന്തരിക നിഷ്‌കളങ്കതയ്ക്ക് ഭംഗം വരാതിരിക്കേണ്ടതിന് കഴിവതും എല്ലാവരില്‍ നിന്നും അകന്ന് ഒറ്റയ്ക്ക് ജീവിക്കണമെന്നു നിര്‍ദ്ദേശിച്ചു. ദൈവത്തിന്റെ സംരക്ഷണവും പരിപാലനയും അവിടുത്തെ കൃപാവരങ്ങളുടെ സമൃദ്ധിയും അവന് ഒരിക്കല്‍ക്കൂടി വാഗ്ദാനം ചെയ്യപ്പെട്ടു.

ഇതെല്ലാമായിരുന്നു ജോസഫിന് അത്യാവശ്യമായിരുന്നതും. നിര്‍ദ്ദദേശങ്ങള്‍ എത്രയും വേഗം പാലിക്കുവാന്‍ അവന്‍ ബന്ധശ്രദ്ധനായി. തന്റെ സമ്പാദ്യങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജോസഫിന് വളരെയധികം പീഡനങ്ങളും ആക്ഷേപങ്ങളും സഹിക്കേണ്ടതായി വന്നു. ഉപദ്രവങ്ങള്‍ സഹിക്കാതെ വീടിനും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. അവര്‍ അവനോട് മോശമായി പെരുമാറാന്‍ തുടങ്ങി. ആക്ഷേപവര്‍ഷം അവന്റെമേല്‍ ചൊരിഞ്ഞു. കണ്ടുമുട്ടിയവരെല്ലാം അവനെ ധൂര്‍ത്തനെന്നും പിതാവിന്റെ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നവനെന്നും വിളിക്കുകയും ചിലരെല്ലാം അവന്റെ നേരെ ആക്രോശിക്കുകയും ചെയ്തു. ‘വിഡ്ഢി, ഭ്രാന്തന്‍, ഒന്നിനും കൊള്ളരുതാത്തവന്‍, മടിയന്‍, നാടുതെണ്ടി നടക്കുന്നവന്‍’ എന്നെല്ലാം അവനെ വിളിച്ചു. ജോസഫ് ഇതെല്ലാം ക്ഷമയോടെ ചസഹിച്ചു. ഒരിക്കലും ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. ബന്ധുക്കള്‍ തന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതിനെപ്പറ്റി പരാതിപ്പെടുവാന്‍ ജോസഫിന് അവകാശമുണ്ടായിരുന്നു. എങ്കിലും, അവന്‍ അങ്ങനെ ചെയ്തില്ല. അവനെല്ലാം നിശ്ശബ്ദദമായി സഹിക്കാനാണ് ഇഷ്ടപ്പെട്ടത്.

ജോസഫിന്റെ സമ്പാദ്യങ്ങള്‍ വില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഇനിയും യാതൊന്നും കൈവശപ്പെടുത്തുവാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ ബന്ധുക്കള്‍ അവന്റെ മേല്‍ കൈവയ്ക്കാനും മടിച്ചില്ല. അവരുടെ മുഷ്ടിപ്രയോഗങ്ങളും അതുവഴിയുണ്ടായ പരുക്കുകളും വേദനയും ജോസഫ് ക്ഷമയോടും ശാന്തതയോടുംകൂടി സഹിച്ചു. ഒരു പ്രതികാരചിന്തയും അവനെ സ്വാധീനിച്ചില്ല.

തറയില്‍ സാഷ്ടാംഗം പ്രണമിച്ച്, ഈ ശത്രുക്കളുടെ കരങ്ങളില്‍ നിന്ന് വിശുദ്ധനായ ദാവീദിനെയും കൂടെയുള്ളവരെയും പണ്ട് രക്ഷിച്ചതുപോലെ തന്നെയും രക്ഷിക്കണമേയെന്ന് നല്ല ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. വേദനിക്കുന്ന തന്റെ വിശ്വസ്ത സേവകനം സഹായിക്കാന്‍ ദൈവം തിരുമനസ്സായി. ആന്തരികമായി അവിടുന്ന് അവനോടു സംസാരിച്ചു. അവിടുത്തെ സംരക്ഷണവും സഹായവും അവന് ഉറപ്പു നല്‍കി. ഈ പീഡനങ്ങളെല്ലാം ക്ഷമയോടെ സഹിക്കുവാന്‍ അവനെ പ്രോത്സാഹിപ്പിച്ചു. കാരണം അവ ഉന്നതമായ പ്രതിഫലം അവന് നേടിക്കൊടുക്കും. ഈ വാഗാദാം ജോസഫിനെ ആശ്വസിപ്പിക്കുകയും ഉന്മേഷഭരിതനാക്കുകയും ചെയ്തു. ഇപ്പോള്‍ അനുഭവിച്ചതിലും കൂടുതല്‍ സഹിക്കുവാന്‍ അവന്‍ തയ്യാറായി. എന്നാല്‍ ദൈവം അത് ആഗ്രഹിച്ചില്ല.

തന്റെ ദൈവത്തിന്റെ മുന്നിൽ വിശ്വസ്തതയും ക്ഷമയും തെളിയിച്ച ജോസഫിനെ കുടുതൽ പീഡനങ്ങൾക്കോ അവഹേളനങ്ങൾക്കോ ദൈവം വിട്ടുകൊടുത്തില്ല. അവനെ സമാധാനത്തിൽ കാത്തുസൂക്ഷിച്ചു. സമ്പാദ്യം വിറ്റുകിട്ടിയതെല്ലാം ജോസഫ് ദൈവത്തിനർപ്പിച്ചു. ദൈവത്തിന് കൂടുതൽ സംപ്രീതിജനകമാണെങ്കിൽ ഒന്നുമില്ലാത്തവനായി ജീവിക്കാനാണ് അവൻ ഇഷ്ടപ്പെട്ടത്. അപ്പോഴേക്കും മാലാഖ അവനു പ്രത്യക്ഷപ്പെട്ട് ജന്മസ്ഥലം വിട്ട് ജറുസലേമിലേക്കു പോകുവാൻ ആവശ്യപ്പെട്ടു.  അവിടെയെത്തിക്കഴിയുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിത്തരുന്നതാണ് എന്നും അറിയിച്ചു. അടുത്ത ദിവസം രാവിലെതന്നെ ജോസഫ് യാത്രയ്ക്കു തയ്യാറായി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles