വി. യൗസേപ്പിതാവിന് മരണാസന്നരോട് പ്രത്യേകമായിട്ട് ഉണ്ടായിരുന്ന ദൈവകൃപയെക്കുറിച്ച് അറിയാമോ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 16/100

നല്ലവനായ ദൈവം നമ്മുടെ ജോസഫിൽ ചൊരിഞ്ഞ അനന്തമായ കൃപകളിൽ നിരാലംബരായ മരണാസന്നരോടുള്ള ജോസഫിന്റെ പ്രത്യേകമായ താല്പര്യം വേറിട്ടു നില്ക്കുന്നു. മരണസമയത്ത് ഒരാത്മാവിന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ സാത്താൻ അവന്റെ സർവ്വശക്തിയും പ്രയോഗിക്കുമെന്ന് ജോസഫിന് വ്യക്തമായി അറിയാമായിരുന്നു. മരണാസന്നർ അനുഭവിക്കുന്ന ദുരിതാവസ്ഥയിലേക്ക് ഒരിക്കൽ അവന്റെ മാലാഖ അവന്റെ ശ്രദ്ധ തിരിച്ചുവിട്ടു. അതേസമയം അവരോട് വലിയ സ്നേഹവും അനുകമ്പയും തന്റെ ഹൃദയത്തിൽ ദൈവം നിക്ഷേപിച്ചിട്ടുണ്ടെന്ന് ജോസഫിന് വെളിവാക്കപ്പെടുകയും ചെയ്തു.

തീക്ഷ്ണമായ പ്രാർത്ഥനയോടെ ജോസഫ് അവരെ പരിചരിച്ചിരുന്നു. കാരണം അവരുടെ പ്രത്യേകമദ്ധ്യസ്ഥനായി ദൈവം അവനെ മുൻകൂട്ടി നിയോഗിച്ചിരുന്നു. ഈ ലോകജീവിതത്തിൽ വച്ചുതന്നെ ആ സ്നേഹശുശ്രൂഷ ആരംഭിക്കണമെന്ന് ദൈവം നിശ്ചയിച്ചിരുന്നു. ആയതിനാൽ, അന്ത്യനിമിഷങ്ങളിൽ ആത്മാക്കൾക്കു വേണ്ട സഹായമെന്തെന്ന് തിരിച്ചറിയുവാൻ ദൈവം അവനെ പ്രാപ്തനാക്കി. മരണവിനാഴികയാണ് ഒരാത്മാവിന്റെ പരലോകജീവിതം നിത്യസന്തോഷമോ നിത്യദുഃഖമോ എന്ന് നിർണ്ണയിക്കുന്നത്. അതു മനസ്സിലാക്കിയ ജോസഫിന്റെ ഹൃദയം മരണാസന്നരായ ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടിയുള്ള ദാഹത്താൽ ജ്വലിച്ചു.

ഒരാൾ മരണാസന്നനാണെന്ന് മനസ്സിലാക്കിയാൽ പിന്നെ ജോസഫിന് ഊണും ഉറക്കവും ഇല്ലായിരുന്നു. ഒരു നല്ലമരണം പ്രാപിച്ച്  അബ്രാഹത്തിന്റെ മടിയിൽ ആ ആത്മാവ് നിത്യവിശ്രമം കൊള്ളുവാനായി മണിക്കൂറുകൾ മുട്ടിന്മേൽ നിന്ന് ജോസഫ് മരണാസന്നർക്കായി പ്രാർത്ഥിച്ചിരുന്നു. ഇങ്ങനെയുള്ള ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിന് ജോസഫ് വിശ്രമം വേണ്ടെന്നുവയ്ക്കുക മാത്രമല്ല പലപ്പോഴും ഒന്നും ഭക്ഷിക്കുകപോലുമില്ലായിരുന്നു. സാത്താന്റെ എല്ലാ തന്ത്രങ്ങളെയും പരാജയപ്പെടുത്താനായി അവൻ തന്റെ സർവ്വശരണവും ദൈവകരുണയിൽ അർപ്പിച്ചിരുന്നു.

ജോസഫിന്റെ പ്രാർത്ഥനാസഹായത്താൽ മരണാസന്നർ കൂടുതൽ ആത്മീയശക്തി പ്രാപിക്കുകയും തിന്മയുടെ ശക്തി ക്ഷയിക്കുകയും ചെയ്തിരുന്നു. ഈ നിർണ്ണായകനിമിഷത്തിൽ ജോസഫിന്റെ സാന്നിദ്ധ്യം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിരുന്ന ആത്മാക്കളെ നിത്യരക്ഷയിലേക്ക് ആനയിക്കുവാനുള്ള വിശേഷാൽ കൃപ ദൈവം ജോസഫിന് നല്കിയിരുന്നു. അങ്ങനെയുള്ള ആത്മാക്കൾ ശുദ്ധീകരണസ്ഥലത്ത് പീഡിപ്പിക്കപ്പെട്ടിരുന്നില്ല. ഇതെല്ലാം ഗ്രഹിച്ചതിനനുസൃതമായി ജോസഫ് ആശ്വാസം കൊള്ളുകയും ദൈവത്തിന് ഉന്നതമായ നന്ദിയർപ്പിക്കുകയും ചെയ്തിരുന്നു.

പരസ്നേഹത്തിന്റെ ഈ മഹോന്നത്രപ്രവൃത്തിയിൽ സാത്താൻ അതീവരോഷാകുലനായിത്തീർന്നു. ഒരു രാത്രിയിൽ ജോസഫിന്റെ സഹായത്താൽ ഒരാത്മാവുകൂടി തനിക്ക് നഷ്ടപ്പെട്ടപ്പോൾ കോപാക്രാന്തനായ സാത്താൻ ഭയാനകമായ രൂപത്തിൽ ജോസഫിന്റെ മുമ്പിൽ കടന്നുചെന്നു. ഈ പ്രവൃത്തിയിൽനിന്ന് പിന്തിരിയുന്നില്ലെങ്കിൽ ജോസഫിനെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ആ ഭീകരരൂപത്തെ ദർശിച്ച ജോസഫ് ഭയന്നു വിറച്ചുപോയി. പെട്ടെന്നുതന്നെ സഹായത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുകയും അങ്ങനെ ആ പുരാതനസർപ്പം അപ്രത്യക്ഷനാവുകയും ചെയ്തു.

ജോസഫ് തന്റെ പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു. പിശാചിനെ ഭയപ്പെട്ട് ദൈവത്തിന് വളരെ സംപ്രീതിജനകമായ ഈ പ്രവൃത്തി ഉപേക്ഷിക്കരുതെന്നും മരണാസന്നരെ സഹായിക്കുന്ന പ്രാർത്ഥന തുടരണമെന്നും ദൈവം അവനെ ആഹ്വാനം ചെയ്തു. ഈ ആന്തരിക ശബ്ദം ജോസഫിന് ആശ്വാസവും വലിയ പ്രചോദനവും നല്കി. മരണാസന്നരോടുള്ള സ്നേഹത്തിൽ ജ്വലിച്ച് അവർക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥന പൂർവ്വാധികം ശക്തിയോടെ തുടരുകയും ചെയ്തു.

മരണവിനാഴികയിൽ ജോസഫിന്റെ സാന്നിദ്ധ്യം ലഭിക്കുന്നത് ഏറ്റവും ഭാഗ്യപ്പെട്ടതായി ഓരോരുത്തരും കരുതി. കാരണം നിത്യശത്രുവിന്റെ ആക്രമണങ്ങളിൽനിന്ന് രക്ഷിക്കുക മാത്രമല്ല ജോസഫ് ചെയ്തിരുന്നത്. അതിനുപരിയായി, ആ വിശുദ്ധാത്മാവിന്റെ പ്രാർത്ഥനയുടെ ഫലമായി അവരുടെ ആത്മാക്കൾ സ്വർഗ്ഗഭാഗ്യത്തിന് അർഹമായിത്തീരുകയും ചെയ്തിരുന്നു.

ഈ ഉപവിപ്രവൃത്തിയുടെ പരിണിതഫലമായി ചില അധമമനുഷ്യരാൽ പല പീഡനങ്ങളും ദുരിതങ്ങളും ജോസഫിന് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ മനുഷ്യർ പിശാചിനാൽ പ്രേരിതരായിട്ടാണ് അങ്ങനെയൊക്കെ ചെയ്തത്. എങ്കിലും ദൈവത്തിന് പ്രീതികരവും അയൽക്കാരന് ഉപകാരപ്രദവുമായ ഈ ശുശ്രൂഷയിൽനിന്ന് ജോസഫ് പിന്തിരിഞ്ഞില്ല.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles