ഫൗസ്റ്റീന ഒരു വലിയ പ്രകാശത്തിന് നടുവില്‍ ദൈവപിതാവിനെ കാണുന്നു

60
എന്റെ അടുത്ത കുമ്പസാരത്തില്‍ എനിക്ക് അനുവാദം ലഭിച്ചു. അന്നു വൈകുന്നേരം ഞാന്‍ നൊവേന ആരംഭിച്ചു. ലുത്തീനിയായുടെ അവസാനത്തില്‍ ഒരു വലിയ പ്രകാശത്തിന്റെ നടുവില്‍ ദൈവപിതാവിനെ ഞാന്‍ കണ്ടു. ഈ പ്രകാശത്തിനും ഭൂമിക്കും ഇടയിലായി ക്രൂശിതനായ ഈശോയെ കണ്ടു. ദൈവം ഭൂമിയിലേക്കു നോക്കുമ്പോള്‍ യേശുവിന്റെ മുറിവുകളിലൂടെ നോക്കേണ്ടിയിരിക്കുന്ന. ഈശോയെപ്രതിയാണ് ദൈവം ഭൂമിയെ അനുഗ്രഹിക്കുന്നതെന്ന് എനിക്കു മനസ്സിലായി.
61
ഓ ഈശോയെ, എനിക്ക് ഒരു കുമ്പസാരക്കാരനെ തിരഞ്ഞെടുത്തുതന്ന അങ്ങയുടെ കരുണയെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. അദ്ദേഹത്തെ (ഫാ. സൊപോച്ച്ക്കോ) ഞാന്‍ കണ്ടുമുട്ടുന്നതിനു മുമ്പായി ദര്‍ശനത്തിലൂടെ അദ്ദേഹത്തെ വെളിപ്പെടുത്തിയതിനു നന്ദി പറയുന്നു. ഫാ. ആന്ഡ്രാഷിന്റെ അടുക്കല്‍ കുമ്പസാരിക്കാന്‍ പോയപ്പോള്‍ ഈ ഉള്പ്രേരണകളില്നിന്നു വിടുതല്‍ ലഭിക്കുമെന്നു ഞാന്‍ വിചാരിച്ചു. എന്നാല്‍ അദ്ദേഹം അതില്‍നിന്ന് എന്നെ ഒഴിവാക്കിയില്ല. ‘സിസ്റ്റര്‍ ഒരു ആത്മീയ പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുക’ എന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.
തീക്ഷ്ണമായ ഒരു ചെറിയ പ്രാര്‍ത്ഥനയ്ക്കുശേഷം ഞാന്‍ വീണ്ടും ഫാ. സൊപോച്ച്ക്കോ, ഞങ്ങളുടെ ചാപ്പലില്‍, അള്‍ത്താരയ്ക്കും കുമ്പസാരക്കൂടിനും ഇടയില്‍ നില്ക്കുന്നതായി കണ്ടു. ഞാന്‍ അന്ന് ക്രാക്കോവില്‍ ആയിരുന്നു. ഈ രണ്ടു ദര്‍ശനങ്ങളും എന്റെ ആത്മാവിനെ ഉണര്‍ത്തി. കാരണം, ദര്‍ശനത്തില്‍ കണ്ട സാഹചര്യത്തില്‍ത്തന്നെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. എന്റെ ജൂണിയറേറ്റിന്റെ മൂന്നാം വര്‍ഷത്തില്‍ വാര്സോയില്വച്ചും, ക്രാക്കോവില്‍ വച്ച് രണ്ടാമതും അദ്ദേഹത്തെ കണ്ടു. ഓ ഈശോയെ, ഈ ഉപകാരത്തിന് ഞാന്‍ നന്ദി പറയുന്നു! മറ്റുള്ളവര്‍ അവര്‍ക്ക് ഒരു കുമ്പസാരക്കാരന്, അതായത് ഒരു നിയന്താവ്, ഇല്ലെന്നു പറയുമ്പോള്‍ എനിക്കു പേടി തോന്നാറുണ്ട്. എന്തെന്നാല്‍ എനിക്ക് ഈ സഹായം ഇല്ലാതിരുന്നപ്പോള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഞാന്‍ നന്നായറിയുന്നു. ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഒരു ആത്മപിതാവില്ലെങ്കില് വഴിതെറ്റിപ്പോകാന്‍ എളുപ്പമാണ്!
62
മന്ദത ബാധിച്ചതും വിരസവുമായ ജീവിതമേ, നിന്നില്‍ എത്രമാത്രം നിധികള്‍ ഒളിഞ്ഞു കിടക്കുന്നു! വിശ്വാസത്തിന്റെ കണ്ണുകൊണ്ടു നോക്കുമ്പോള്‍ ഓരോ മണിക്കൂറും വ്യത്യസ്തമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വിരസതയും മന്ദതയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ മണിക്കൂറില്‍ എന്നിലേക്കു വര്‍ഷിക്കുന്ന കൃപകള്‍ അടുത്ത മണിക്കൂറില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല. കൃപകള്‍ വീണ്ടും എനിക്കു ലഭിക്കുമായിരിക്കും, എന്നാല്‍, അതേ കൃപകളായിരിക്കുകയില്ല. കടന്നുപോകുന്ന നിമിഷങ്ങള്‍ ഒരിക്കലും മടങ്ങിവരുന്നില്ല. അതില്‍ അടങ്ങിയിരിക്കുന്നതിന്, ഒരിക്കലും മാറ്റമില്ല: നിത്യതയ്ക്കുവേണ്ടി അതു മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു.
63
(25) ദൈവം ഫാ. സൊപോച്ച്ക്കോയെ വളരെ സ്നേഹിക്കുന്നുണ്ടാകണം. ചില സമയങ്ങളില്‍ ദൈവം അദ്ദേഹത്തെ അത്രമാത്രം സംരക്ഷിക്കുന്നതു കണ്ടിട്ടാണ് ഞാനിതു പറയുന്നത്. ദൈവത്തിന് ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുണ്ടെന്ന് അറിയുമ്പോള്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)