വി. കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞാല്‍ ഈശോ എത്ര നേരം നമ്മുടെ ഉള്ളിലുണ്ടാകും?
നമ്മുടെ മനസ്സില്‍ പലപ്പോഴും വന്നിരിക്കാന്‍ സാധ്യതയുള്ളൊരു ചോദ്യമാണ് മേല്‍ പറഞ്ഞത്. വി. കുര്‍ബാനയായി നമ്മിലേക്ക് എഴുന്നള്ളിയിരിക്കുന്ന യേശു എത്ര നേരം നമ്മുടെ ഉളളില്‍ ഉണ്ടാകും?
കത്തോലിക്കാ സഭയുടെ വേദോപദേശം പ്രകാരം വി. കുര്‍ബാന സ്വീകരിച്ച ഉടനെ യേശുവിന്റെ ദിവ്യസാന്നിധ്യം നമ്മില്‍ ഇല്ലാതാകുന്നില്ല. ‘തിരുവോസ്തി കൂദാശാവചനങ്ങള്‍ ഉച്ചരിച്ച് വാഴ്ത്തുന്ന നിമിഷം മുതല്‍ യേശുവിന്റ ശരീര രക്തങ്ങളായി മാറിയ അപ്പമോ വീഞ്ഞോ അലിഞ്ഞില്ലാതാകുന്ന നിമിഷം വരെ അത് യേശുവിന്റെ ശരീര രക്തങ്ങള്‍ തന്നെയാണ്’ (CCC 1377).
നാം യേശുവിന്റെ ശരീര രക്തങ്ങള്‍ അപ്പത്തിന്റെ രൂപത്തില്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ എത്രനേരം നമ്മുടെ ശരീത്തില്‍ യേശുവിന്റെ സാന്നിധ്യം ഉണ്ടാകും എന്നത് വിശദീകരിക്കുന്ന ഒരു സംഭവം വി. ഫിലിപ്പ് നേരിയുടെ ജീവിതത്തിലുണ്ട്.
ഒരിക്കല്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിക്കെ ഒരാള്‍ കുര്‍ബാന സ്വീകരിച്ച ശേഷം വേഗം പള്ളി വിട്ടു പോയി. അയാളുടെ മനോഭാവം യേശുവിന്റെ സാന്നിധ്യം അനുഭവിക്കാത്ത ഒരുവനെ പോലെ ആയതിനാല്‍ വിശുദ്ധന്‍ ഒരു പാഠം നല്‍കാന്‍ ഈ അവസരം ഉപയോഗിച്ചു.
വിശുദ്ധന്‍ തിരിയുമായി രണ്ട് അള്‍ത്താര ബാലന്മാരെ പുറത്തേക്കു പോയ ആളുടെ പിന്നാലെ അയച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു; നമ്മള്‍ ഉള്ളില്‍ വഹിക്കുന്ന യേശുവിന് അര്‍ഹമായ ആദരവ് നാം നല്‍കണം. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോള്‍ ആ മനുഷ്യന്‍ പശ്ചാത്തപിച്ചു. മേലില്‍ ദൈവസാന്നിധ്യത്തെ ആദരിക്കും എന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
അതിനാലാണ് വി. കുര്‍ബാന സ്വീകരിച്ച ശേഷം 15 മിനിറ്റെങ്കിലും നാം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കണം എന്ന് പറയുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.