വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 6

1) വിശുദ്ധ ഫൗസ്റ്റീനായുടെ ദൗത്യം
ഈശോമിശിഹാ, തന്റെ ദിവ്യസന്ദേശം സര്‍വ്വലോകത്തെയും അരിയിക്കുവാനായി തന്റെ കരുണയുടെ ‘അപ്പസ്തോല’യായും ‘കാര്യനിര്‍വാഹക’യായും വിശുദ്ധ ഫൗസ്റ്റീനയെ തിരഞ്ഞെടുത്തു. അവിടുന്ന് അരുളിച്ചെയ്തു: ‘പഴയ നിയമകാലത്ത് ഇടിമുഴക്കത്തിന്റെ ശക്തിയോടെ എന്റെ പ്രവാചകരെ ഞാന്‍ അയച്ചു. ഇന്നു സകലജനപഥങ്ങളുടെയും അടുക്കലേക്ക് എന്റെ കരുണയുമായി ഞാന്‍ നിന്നെ അയയ്ക്കുന്നു. വേദനിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ ശിക്ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, എന്റെ കരുണാര്‍ദ്ര ഹൃദയത്തോടു ചേര്‍ത്തുവച്ച്, അവരെ സുഖപ്പെടുത്തുവാനാണു ഞാന്‍ ആഗ്രഹിക്കുന്നത്’ (ഡയറി 1588).
വിശുദ്ധ ഫൗസ്റ്റീനയുടെ ദൗത്യം മൂന്നു കര്‍ത്തവ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്
വിശുദ്ധ ലിഖിതങ്ങളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതുപോലെ ദൈവത്തിന്റെ കരുണാര്ദ്രസ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസസത്യങ്ങള്‍ പ്രഘോഷിക്കുകയും, ലോകത്തെ ഇതിലേക്ക് അടുപ്പിച്ചുകൊണ്ടുവരികയും ചെയ്യുക.
സര്‍വ്വലോകത്തിനും, പ്രത്യേകിച്ച് പാപികള്‍ക്കുവേണ്ടി ദൈവികതുണയ്ക്കായി യാചിക്കുക. ഈശോമിശിഹാ ആവശ്യപ്പെട്ടിരിക്കുന്നതുപോലെ ദൈവിക കരുണയ്ക്കു വേണ്ടിയുള്ള പുതിയ ഭക്താനുഷ്ഠാനങ്ങള്‍ അഭ്യസിക്കുക. അവ ‘ഈശോയെ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു’ എന്ന കൈയൊപ്പുള്ള കരുണയുടെ ഈശോയുടെ ചിത്രം വണങ്ങുക, ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച കരുണയുടെ തിരുനാള്‍ ആഘോഷിക്കുക, ദൈവകരുണയുടെ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക, ‘ദൈവകരുണയുടെ അത്ഭുതമണിക്കൂറായ 3 PM’ ന് ഈശോമിശിഹായുടെ പീഢാനുഭവം അനുസ്മരിച്ചുകൊണ്ടു പാപികള്‍ക്കായി പ്രാര്‍ത്ഥിക്കുക.
ദൈവകരുണയെ പ്രഘോഷിക്കുന്നതിനുള്ള പ്രസ്ഥാനങ്ങള്‍ ആരംഭിക്കുക. അവര്‍ ദൈവകരുണയെക്കുറിച്ച് സര്‍വ്വലോകത്തോടും പ്രഘോഷിക്കുകയും ദൈവകരുണയ്ക്കായി യാചിക്കുകയും ചെയ്യണം. അതേസമയം വിശുദ്ധ ഫൗസ്റ്റീനായിലൂടെ വെളിപ്പെടുത്തിത്തന്ന വിശുദ്ധിയുടെ വഴിയെ പിഞ്ചെന്നുകൊണ്ട് ക്രൈസ്തവ പരിപൂര്‍ണ്ണതയ്ക്കായി പരിശ്രമിക്കുകയും ചെയ്യണം. ഈ വിശുദ്ധിയുടെ മാര്‍ഗ്ഗം പ്രായോഗികമായി, ദൈവത്തോട് കൊച്ചുകുട്ടികള്ക്കടുത്ത ആശ്രയമനോഭാവത്തിലും ദൈവതിരുമനസ്സുമാത്രം ജീവിതത്തില്‍ പൂര്‍ത്തീകരിക്കുകയും അനുദിനം ഏറ്റവും കുറഞ്ഞത് ഒരു കാരുണ്യപ്രവൃത്തിയെങ്കിലും ചെയ്തുകൊണ്ട് സഹോദരങ്ങളോടു കാരുണ്യത്തോടെ വര്‍ത്തിക്കുന്നതിലും അടങ്ങിയിരിക്കുന്നു.
വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറി, ദൈവം ആവശ്യപ്പെട്ടതനുസരിച്ച്, തന്റെ ജീവിതത്തിന്റെ അവസാനത്തെ നാലു വര്‍ഷങ്ങളില്‍ എഴുതിയ അവളുടെ ജീവിതാനുഭവക്കുറിപ്പുകളാണ്. വര്‍ത്തമാനകാലത്തെയും പൂര്വ്വകാലത്തെയും ജീവിതാനുഭവങ്ങളുടെ, പ്രധാനമായും ദൈവവുമായുള്ള അവളുടെ ആത്മാവിന്റെ ‘കണ്ടുമുട്ട’ലുകളുടെ ഒരു വിവരണമാണ് ഇതില്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. വളരെ ഗൗരവത്തോടുകൂടെ ഈ ഓര്‍മ്മക്കുറിപ്പുകളെ പഠനവിഷയമാക്കിയെങ്കില് മാത്രമേ അവളുടെ ദൗത്യത്തോടു ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അവയില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.
വളരെ ആദരണീയനും പണ്ഡിതനുമായ ദൈവശാസ്ത്രജ്ഞന് റവ. പ്രൊഫസര്‍ ഇഗ്നേസി ഈ ദൗത്യം ഏറ്റെടുത്തു പൂര്‍ത്തിയാക്കി. തന്റെ ദൈവശാസ്ത്രപരവും പണ്ഡിതോചിതവുമായ പഠന റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം ‘ദൈവകരുണ ദൈവകരുണയോടുള്ള ഭക്തിയുടെ അടിസ്ഥാന ഘടകങ്ങള്‍’ എന്നപേരില്‍ പ്രസിദ്ധീകരിച്ചു.
ഈ ദൈവശാസ്ത്രപരമായ പഠന റിപ്പോര്‍ട്ടിനോടു താരതമ്യപ്പെടുത്തുമ്പോള്‍ വിശുദ്ധ ഫൗസ്റ്റീനായുമായി ബന്ധപ്പെട്ട് ദൈവകരുണയെക്കുറിച്ച് അതുവരെ നമുക്കുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളെല്ലാം വളരെക്കുറച്ചുമാത്രം ഉള്‍ക്കൊള്ളുന്നവയോ, അപ്രധാനമായ കാര്യങ്ങളെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നവയോ ആയി കാണപ്പെട്ടു. ഉദാഹരണത്തിന്, ചിലത് ദൈവകരുണയുടെ ജപമാല ചൊല്ലുന്നതിനോ ദൈവകരുണയുടെ മണിക്കൂര്‍ ആചരിക്കുന്നതിനോ മാത്രം പ്രാധാന്യം നല്കുന്നവയാണ്.
റവ. റോസ്ക്കി ഒരു കാര്യത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അദ്ദേഹം പറയുന്നു: ‘ദൈവകരുണയുടെ അടിസ്ഥാന ഘടകങ്ങളെ ഉള്‍ക്കൊള്ളുന്നതിനു മുന്‍പ്, ഇക്കാര്യം നാം അറിഞ്ഞിരിക്കണം. വളരെ പ്രസിദ്ധവും പ്രിയപ്പെട്ടതുമായ നൊവേനകളോ ലുത്തീനിയകളോ അവയില്‍ നാം കണ്ടെത്തുകയില്ല.’
ഈ പ്രാര്‍ത്ഥനകളും ഭക്ത്യാഭ്യാസങ്ങളും നാം അനുഷ്ഠിക്കുമ്പോള്‍, ദൈവകരുണയിലുള്ള നമ്മുടെ വിശ്വാസത്തിനും ശരണത്തിനും സഹോദരങ്ങളോടുള്ള കാരുണ്യമനോഭാവത്തിനും അുസൃതമായി, ദൈവമായ കര്‍ത്താവ് നമുക്കു പ്രത്യേകമായ അനുഗ്രഹങ്ങള്‍ വാഗ്ദനം ചെയ്തിട്ടുണ്ട്. ഇതാണ്, മറ്റു പ്രാര്‍ത്ഥനകള്‍ക്കും ഭക്ത്യാഭ്യാസങ്ങള്ക്കും ഉപരിയായി ഇവ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാന കാരണം. റവ. റോസ്ക്കി ദൈവകരുണയോടുള്ള ഭക്തിയില്‍ അഞ്ച് അടിസ്ഥാന ഘടകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
(തുടരും)