പുതുചൈതന്യത്തിലേക്ക് നയിക്കുന്ന നാല്പതുനാൾ
കഠിനമായ ഉപവാസം ഈശോയെ തളർത്തിയില്ല, മറിച്ച് ഒരു മൽപ്പിടുത്തക്കാരന്റെ വിരുതോടെ പരീക്ഷകനായ പിശാചിനെ ഒന്നല്ല മൂന്നുവട്ടം മലർത്തിയടിക്കാനുള്ള ശക്തി അവിടുത്തേക്കു നൽകുകയാണു ചെയ്തതെന്നു സഭാപിതാവായ ജോണ് ക്രിസോസ്റ്റം (+407) നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ നോന്പ് ഒരു വിശുദ്ധകാലഘട്ടമാണെന്ന് (sacred season) മഹാനായ ലെയോ മാർപാപ്പ (+440) എടുത്തുപറയുന്നു.
ഇടയ്ക്കിടെ മുറിഞ്ഞുപോകാത്ത നാല്പതുനാൾ/അന്പതുനാൾ- അനസ്യൂതം തുടരുന്ന ഒരു തപസുകാലമാണ്. നോന്പു നോൽക്കുക, നോന്പുപിടിക്കുക എന്നൊക്കെ പഴമക്കാർ പറയുന്പോൾ അവിടെയും ഇടയ്ക്ക് പിടിവിടാതെ ദൈവത്തോടു നടത്തുന്ന വ്രതബദ്ധമായ ഒരു ഉടന്പടിയുടെയും സമർപ്പണത്തിന്റെയും ഭാവമുണ്ട്. ഇടയ്ക്ക് നോന്പുമുറിക്കുന്നവനെ വീണ്ടും നോന്പുതുടരാൻ പുരാതന നസ്രാണികൾ അനുവദിച്ചിരുന്നില്ല എന്ന് ഉദയംപേരൂർ സുന്നഹദോസ് രേഖകൾ വ്യക്തമാക്കുന്നു. നോന്പ് ഇടമുറിയാത്ത ഒരു കൃപാകാലമാണ്. മനുഷ്യസ്വഭാവത്തെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പുണ്യകാലം!
ഇതു സൂചിപ്പിക്കുന്നതാണ് ബൈബിളിലെ നാല്പത് എന്ന സംഖ്യ. യഹൂദചിന്തയനുസരിച്ച് നാല്പത് എന്നതു നന്മയിലേക്കു പരിവർത്തിക്കുന്ന ഒരു പ്രത്യേക കാലഘട്ടമാണ്. അതു നാല്പതു ദിവസമാകാം; നാല്പതു വർഷങ്ങളാകാം. ഒരു പുതുയുഗപ്പിറവിയുടെ ഒരുക്കകാലമാണത്. നോഹയുടെ കാലത്തെ ജലപ്രളയം നാല്പതു രാപകലുകളായിരുന്നു (ഉല്പ 7:12). പെട്ടകം അറാറത്തു പർവതത്തിൽ ഉറച്ചിട്ടും നാല്പതുദിവസം കഴിഞ്ഞാണ് വെള്ളമിറങ്ങുന്നത് (8:6).
ഭൂമി പുതുക്കിപ്പണിയാൻ ദൈവമെടുത്ത നാല്പതു ദിനങ്ങൾ! മോശയുടെ ജീവിതംതന്നെ പ്രായപൂർത്തിയായതും ഈജിപ്റ്റിൽനിന്നു പലായനം ചെയ്തതും ജനങ്ങളെ നയിച്ചതുമായ നാല്പതു വർഷങ്ങൾ വീതമുള്ള കാലഘട്ടമായാണ് എസ്തപാനോസിന്റെ പ്രസംഗം അടയാളപ്പെടുത്തുന്നത് (നടപടി 7:23,30, 36). നാല്പതു സംവത്സരങ്ങളിലെ മരുഭൂമിയാത്ര ഒരു പുതിയ തലമുറ ഉദയംചെയ്ത കാലംകൂടിയായിരുന്നു (സംഖ്യ 32:13). മോശ കാനാൻദേശം നിരീക്ഷിക്കാനയച്ച ചാരന്മാർ നാല്പതു ദിവസമാണ് ആ ജോലി നിർവഹിക്കാനെടുത്ത സമയം (സംഖ്യ 13:25). ഇസ്രായേലിന്റെ രാജാക്കന്മാർ ഏലി (1 സാമു 4:18), സാവൂൾ (നട 13.21), ദാവീദ് (2 സാമു 5:5), സോളമൻ (1 രാജ. 11:14) എന്നിവരെല്ലാം ഭരിച്ചതു നാല്പതു വർഷമായിരുന്നു.
ദാവീദ് തോൽപ്പിക്കുന്നതുവരെ ഗോലിയാത്ത് ഇസ്രായേൽ ജനത്തെ വെല്ലുവിളിച്ചതു നാല്പതു ദിവസങ്ങളായിരുന്നു (1 സാമു 17:16). ഏലിയ ഹോറെബു മലയിലെത്തിയത് നാല്പതു രാവും നാല്പതു പകലും നടന്നായിരുന്നു (1 രാജ 19:18). നിനിവേ നിവാസികൾ യോനായുടെ പ്രവചനം കേട്ട് നാല്പതു ദിനരാത്രങ്ങൾ ചാക്കുടുത്ത് ചാരത്തിലിരുന്ന് ഉപവസിച്ചു (യോന 3:4-10). ചരിത്രഗതിയുടെ മാറ്റത്തിൽ, നവീകരണത്തിന്റെ കാലഘട്ടമാണ് ഈ നാല്പതുകളെല്ലാം എടുത്തുകാട്ടുന്നത്.
നാല്പതു നാളിലെ ഉപവാസംകൊണ്ട് ഇസ്രായേൽ ജനത്തിന്റെ നാല്പതു ദിനങ്ങളുടെയും വർഷങ്ങളുടെയും അനുഭവങ്ങൾക്കു പൂർത്തീകരണം നല്കുകയാണ് ഈശോ ചെയ്തത്. തന്നിൽ വിമോചിക്കപ്പെടുന്നവരെ ഒരു പുതിയ ‘നാല്പതനുഭവ’ത്തിലേക്ക് നയിക്കാനായിരുന്നു ഇത്. ഉയിർപ്പുതിരുനാളിനൊരുക്കമായ നോന്പുകാലത്തിന് നാല്പതാമത് എന്നർഥമുള്ള ക്വാദ്രജേസിമ, തേസരക്കോസ്ത എന്നിങ്ങനെയാണ് റോമൻ, ഗ്രീക്ക് പാരന്പര്യങ്ങൾ പറയുന്നത്.
ഉയിർത്തെഴുന്നേറ്റ ഈശോ നാല്പതാംനാൾ സ്വർഗാരോഹണം ചെയ്തു (നട 1:3). ഈശോയുടെ മരുഭൂമിയനുഭവത്തിലും ഉത്ഥാനത്തിലും സ്വർഗാരോഹണത്തിലും പങ്കുപറ്റാനുള്ള ഒരു ആത്മീയ ഒരുക്കമാണ് സഭയുടെ നാല്പതുനാൾ/അന്പതുനാൾ ഉപവാസമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഉപവാസം സ്വർഗത്തിലേക്കുള്ള ഒരു രഥമാണെന്ന് സുറിയാനി സഭാപിതാവായ മാർ അപ്രേം വിശേഷിപ്പിക്കുന്നത്.
അതുകൊണ്ട് നോന്പുകാലം മനുഷ്യാത്മാവിന്റെ ഒരു തുടർശിക്ഷണകാലമാണ്; ഒരു ആത്മീയ ‘ക്വാറന്റൈൻ’ (രോഗപ്രതിരോധത്തിനു നിശ്ചയിച്ചിരുന്ന നാല്പതുനാൾ- ‘ക്വാറന്റീന’ എന്ന വാക്ക് മലയാളത്തിനു പരിചയപ്പെടുത്തിക്കൊടുത്ത പ്രഥമ യാത്രാവിവരണക്കാരൻ പാറേമാക്കൽ തോമ്മാ കത്തനാരെയും ഇവിടെ ഓർക്കാം).
ബിബ്ലിക്കൽ നാല്പത് ഒരു പുതുയുഗത്തിന്റെ സൂചനയായിരിക്കുന്നതുപോലെ ഈശോയുടെ ഉത്ഥാനത്തിലും സ്വർഗാരോഹണത്തിലും നവജീവനിലും പങ്കുപറ്റാനുള്ള ഒരു ആത്മീയ സാധനയാകട്ടെ ഇടമുറിയാത്ത നമ്മുടെ നോന്പനുഭവവും.
~റവ. ഡോ. ജോസ് കൊച്ചുപറന്പിൽ ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.