അമേരിക്കയില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന
കാലിഫോര്‍ണിയ: പൈശാചിക ശക്തികളില്‍ നിന്നുള്ള വിടുതലിനായി 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്ത് അമേരിക്കൻ വൈദികർ രംഗത്ത്. ഇന്നലെ ജൂലൈ ഏഴുമുതൽ ഓഗസ്റ്റ് 15 വരെ നാല്‍പ്പതു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കും, ഉപവാസത്തിനുമാണ് ഫാ. ബില്ല് പെക്ക്മാൻ, ഫാ. ജെയിംസ് ആൾട്ട്മാൻ, ഫാ. റിച്ചാർഡ് ഹെയിൽമാൻ എന്നീ വൈദികര്‍ ആഹ്വാനം നടത്തിയിരിക്കുന്നത്. യുഎസ് ഗ്രേസ് ഫോഴ്സ് എന്ന പ്രാർത്ഥന കൂട്ടായ്മയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. പ്രായശ്ചിത്തത്തിലൂടെയും, ഉപവാസത്തിലൂടെയും, പരോപകാര പ്രവർത്തികളിലൂടെയും, തങ്ങളിൽ നിന്നും തങ്ങളുടെ കുടുംബങ്ങളിൽ നിന്നും, ഇടവകകളിൽ നിന്നും, രൂപതകളിൽ നിന്നും, രാജ്യത്തു നിന്ന് തന്നെ പൈശാചിക ശക്തികളെ തുരത്തുന്നതിന് വേണ്ടിയുള്ള ദൈവിക ശക്തി ലഭിക്കാനായി തങ്ങൾ പ്രാർത്ഥിക്കുകയാണെന്ന് വൈദികർ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“സ്വാതന്ത്ര്യം മണി മുഴക്കട്ടെ” എന്ന പേരാണ് ഈ ആത്മീയ പോരാട്ടത്തിന് അവർ നൽകിയിരിക്കുന്നത്. ഈ നാല്‍പതു ദിവസങ്ങളിലും മൂന്നു വൈദികർ ആത്മീയ വിചിന്തനങ്ങൾ പങ്കുവെക്കും. ഭൂതോച്ചാടന പ്രാർത്ഥനയും ശുശ്രൂഷകളുടെ ഭാഗമായി നടക്കും. പാപ പരിഹാര പ്രവർത്തികളും നടത്താൻ പരിശ്രമിക്കണമെന്ന് വൈദികർ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ജപമാല ചൊല്ലുക, ഭക്ഷണത്തില്‍ നിയന്ത്രണം വെയ്ക്കുക, മധുരപലഹാരങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവ പാപപരിഹാര പ്രവർത്തികളിൽ ഉൾപ്പെടുന്നു. തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ പറ്റി ആശങ്കപ്പെടാതെ, ദൈവകൃപയിൽ ആശ്രയിച്ച് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പരിശ്രമമായിരിക്കും ഈ നാല്‍പ്പതു ദിവസം നടക്കുകയെന്ന് ഫാ. ബില്ല് പെക്ക്മാൻ വിശദീകരിച്ചു.
ലോകത്തു കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് അമേരിക്ക. ഇതിനിടെ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു രാജ്യത്തു വ്യാപക ആക്രമണങ്ങള്‍ നടന്നിരിന്നു. കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെയും രൂപങ്ങള്‍ക്ക് നേരെയും അക്രമങ്ങള്‍ നേരിട്ടിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാശുശ്രൂഷ നടക്കുകയെന്നത് ശ്രദ്ധേയമാണ്.