ഇത് അനുഗ്രഹമാരിയുടെ 21 ദിനങ്ങള്‍

ദൈവം അറിയാതെ യാതൊന്നും സംഭവിക്കുന്നില്ല. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ദൈവം എല്ലാം നന്മയ്ക്കായി മാറ്റുന്നു എന്ന് ബൈബിള്‍ ഉറപ്പു നല്‍കുന്നു. ഇപ്പോള്‍ ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് ഭീഷണിയെ പോലും നമ്മുടെ ജീവിതത്തില്‍ നന്മയാക്കി മാറ്റുവാന്‍ കെല്‍പുള്ളവനാണ് നമ്മുടെ ദൈവം. സത്യമാണ്. നമുക്ക് പളളികളില്‍ പോകാന്‍ സാധിക്കുന്നില്ല. ഈ സഹചര്യത്തില്‍, വിശുദ്ധ വാരത്തിന് പോലും നമുക്ക് തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ല. ഈസ്റ്റര്‍ നാം വീടുകളില്‍ ഇരുന്നു കൊണ്ട് ആചരിക്കേണ്ടി വരും. ഇതെല്ലാം സത്യമാണ്. എങ്കിലും ദൈവം നാം കാണാത്തത് കാണുന്നവനാണ്. നാം അറിയാത്തത് അറിയുന്നവനാണ്.

21 ദിവസം ഇന്ത്യാരാജ്യം മുഴുവന്‍ അടച്ചു പൂട്ടിയിരിക്കുകയാണല്ലോ. കോവിഡിന്റെ പശ്ചാതത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ഒരു നല്ല പൗരന്‍ എന്ന നിലയിലും നമ്മുടെയും സഹജീവികളുടെയും ആരോഗ്യനന്മ ആഗ്രഹിക്കുന്നവര്‍ എന്ന നിലയിലും നാം അനുസരിക്കാനും അക്ഷരം പ്രതി പാലിക്കാനും കടമയുള്ളവരാണ്. ഇനി ചോദ്യം ഈ 21 ദിവസം നാം എപ്രകാരം ചെലവഴിക്കും എന്നതാണ്.

ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ 10ാം അധ്യായത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. ‘ദാനിയേലെന്ന ഞാന്‍ മൂന്നാഴ്ചക്കാലത്തേക്ക് വിലാപം ആചരിക്കുകയായിരുന്നു. ആ മൂന്നാഴ്ച കാലം ഞാന്‍ രുചികരമായ ഭക്ഷണം കഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്ധലേപനം നടത്തുകയോ ചെയ്തില്ല’ (ദാനിയേല്‍ 10. 2-3). ഈ മൂന്നാഴ്ചക്കാലം എന്നു പറയുന്നത് 21 ദിവസമാണ്. ആ 21 ദിവസം ദാനിയേല്‍ പ്രവാചകന്‍ എന്താണ് ചെയ്തത്? അദ്ദേഹം രുചികരമായ ഭക്ഷണം വേണ്ടെന്നു വച്ചു. മാംസവും വീഞ്ഞും കഴിച്ചില്ല. സുഗന്ധലേപനം നടത്തിയില്ല.

പ്രധാന മന്ത്രിയിലൂടെ പ്രഖ്യാപിക്കാന്‍ ദൈവം ഇടയാക്കിയ ഈ 21 ദിവസങ്ങള്‍ ഈ നോമ്പുകാലത്ത് നാം ഉപവാസം അനുഷ്ഠിക്കുന്നതിന് വേണ്ടിയാണ്. ഉപവാസം എന്ന വാക്കിന് കൂടെ വസിക്കുക എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ഈ 21 ദിവസം നാം ദൈവത്തിന്റെ കൂടെ ആയിരിക്കണം. അതിനു വേണ്ടി ദൈവം പ്രത്യേകം ഒരുക്കിയ ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. പ്രാര്‍ത്ഥനയിലും സ്‌നേഹിത്തിലും പരിത്യാഗത്തിലും ഇഷ്ടമുള്ള കാര്യങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ഉപവാസത്തിലും നാം ഈ മൂന്നാഴ്ചക്കാലം കഴിച്ചു കൂട്ടണം.

ദാനിയേല്‍ സമ്പൂര്‍ണ ഉപവാസം എടുത്തില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രുചികരമായ ഭക്ഷണസാധനങ്ങളാണ് അദ്ദേഹം ഉപേക്ഷിച്ചത്. ഈ 21 ദിവസങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇഷ്ടമുള്ളതെല്ലാം കിട്ടിയെന്നു വരില്ല. അപ്പോള്‍ നാം എന്തു ചെയ്യണം. ഇഷ്ടമുള്ളത് ഭക്ഷിക്കാന്‍ കഴിയാത്ത ഈ സാഹചര്യം ദൈവസന്നിധിയില്‍ മനസ്സറിഞ്ഞുള്ള ത്യാഗമായി ഏറ്റെടുക്കണം. അത് ആത്മാക്കളുടെ രക്ഷയ്ക്കായും കൊറോണ ബാധിതരുടെ സൗഖ്യത്തിനായും ദൈവത്തിന് സമര്‍പ്പിക്കണം. നാം നമ്മെ തന്നെ എളിമപ്പെടുത്തണം. എളിയ കാര്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെടണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണം. ഉള്ളതിനെ ഓര്‍ത്ത് ദൈവത്തിന് നന്ദി പറയണം.

കൂടുതല്‍ നേരം പ്രാര്‍ത്ഥിക്കാനും ബൈബിള്‍ വായിക്കാനും നാം ഈ 21 ദിവസം സമയം കണ്ടെത്തണം. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചു കൂടുന്ന അപൂര്‍വ അവസരമായി ഇതിനെ കാണുക. ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുക, ഒരുമിച്ചിരുന്നത് ഭക്ഷണം കഴിക്കുക, ഒരുമിച്ച് സന്തോഷം പങ്കുവയ്ക്കുക. ഹൃദയം തുറന്ന് സംസാരിക്കുക. ഓരോരുത്തരും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുക.

ഉപവാസത്തിന് വലിയ ശക്തിയുണ്ട്. ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ടല്ലാതെ ഈ വര്‍ഗം പുറത്തു പോകുകയില്ല’ (മത്തായി 17.21) എന്ന് യേശു ഒരു പ്രത്യേക തരം ദുഷ്ടാരൂപികളെ കുറിച്ച് സുവിശേഷത്തില്‍ പറയുന്നത് നാം വായിക്കുന്നുണ്ട്. കൊറോണ വൈറസിനെതിരെ നമുക്ക് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും കോട്ട മതിലുകള്‍ ഉയര്‍ത്താം. നമ്മെയോ നമ്മുടെ കുടുംബാംങ്ങളെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ സ്പര്‍ശിക്കാന്‍ കഴിയാത്ത വിധം ദൈവത്തിന്റെ ദൂതന്മാര്‍ കൊറോണ വൈറസിനെ എന്നേക്കുമായി അകറ്റിക്കളയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles