ദൈവത്തിന്റെ വാഗ്ദാനം പൂര്‍ണഹൃദയത്തോടെ അനുസരിക്കാന്‍ തക്ക വിശ്വാസം നിങ്ങള്‍ക്കുണ്ടോ? (Sunday Homily))

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

മംഗളവാര്‍ത്താക്കാലം ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം

ഏറെ നാളായി കുട്ടികളില്ലാതിരുന്നവരായിരുന്നെങ്കിലും സഖറിയായും എലിസബത്തും തങ്ങളുടെ വിശ്വാസം കൈവെടിഞ്ഞില്ല. ദൈവത്തോട് വിശ്വാസ്തത പുലര്‍ത്തിക്കൊണ്ട് അവര്‍ ദൈവത്തെയും ജനത്തെയും സേവിച്ചു. എലിസബത്ത് വന്ധ്യയാണെന്ന് അറിഞ്ഞിരുന്നെങ്കിലും സഖറിയാ ഭാര്യയെ വെറുത്തില്ല എന്നത് ശ്രദ്ധേയമാണ്. അവരുടെ വിശ്വാസം പരീക്ഷിച്ച ശേഷം ദൈവം അവര്‍ക്ക് ഒരു പുത്രനെ നല്‍കി അനുഗ്രഹിക്കുന്നു. ആ പുത്രനാകട്ടെ മിശിഹായുടെ മുന്നോടിയും ആകുന്നു. ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനകള്‍ക്കു മുമ്പില്‍ നമുക്ക് വിശ്വാസം കാത്തു സൂക്ഷിക്കാം.

ഇന്നത്തെ സുവിശേഷ വായന
ലൂക്ക 1. 5 – 25

“ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്നൊരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍ പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ. അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റ വിധം അനുസരിക്കുന്നവരും ആയിരുന്നു. അവര്‍ക്ക് ്മക്കളുണ്ടായിരുന്നില്ല. എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരും ആയിരുന്നു…തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തി വരവേ, പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് ധൂമം സമര്‍പ്പിക്കാന്‍ സഖറിയാക്ക് കുറി വീണു. ധൂപാര്‍പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലതു ഭാഗത്ത് പ്രത്യക്ഷപ്പെട്ടു. അവനെ കണ്ട് സഖറിയാ അസ്വസ്ഥനാകുകയും ഭയപ്പെടുകയും ചെയ്തു. ദൂതന്‍ അവനോട് പറഞ്ഞു: ഭയപ്പെടേണ്ട. നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയും ഉണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കുകയും ചെയ്യും. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവന്‍ ആയിരിക്കും. വീഞ്ഞോ മറ്റു ലഹരി പാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും. ഇസ്രായേല്‍ മക്കളില്‍ വളരെപേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും. പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചു വിടാനും സജ്ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിന് വേണ്ടി ഒരുക്കാനും ഏലിയായുടെ തീക്ഷണതയോടെ അവന്‍ കര്‍ത്താവിന് മുമ്പേ പോകും. സഖറിയാ ദൂതനോട് ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ദൂതന്‍ മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്ത നിന്നെ അറിയിക്കാനും ഞാന്‍ അയക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂര്‍ത്തിയാക്കേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതു വരെ നിനക്ക് സംസാരിക്കാന്‍ സാധിക്കുകയില്ല.”

ബൈബിള്‍ വിചിന്തനം

യേശുവിന്റെ ജനനകാലത്ത് യൂദയായുടെ രാഷ്ടീയ പശ്ചാത്തലം വിവരിച്ചു കൊണ്ടാണ് ലൂക്കാ തന്റെ സുവിശേഷം ആരംഭിക്കുന്നത്. യൂദയായുടെ രാജാവ് ഹെറോദേസ് ആയിരുന്നു. റോമാ ചക്രവര്‍ത്തിയായ അഗസ്റ്റസ് സീസറിന്റെ അംഗീകാരത്തോടു കൂടിയാണ് അയാള്‍ വാണിരുന്നത്. തുടര്‍ന്ന് സഖറിയായുടെ കുടുംബ പശ്ചാത്തലവും ലൂക്കാ വിവരിക്കുന്നു. യേശുവിന്റെ അമ്മയുടെ വളര്‍ത്തു പിതാവും ദാവീദിന്റെ വംശത്തില്‍ പെട്ടവര്‍ ആയിരുന്നതു പോലെ സ്‌നാപക യോഹന്നാന്റെ മാതാപിതാക്കള്‍ അഹറോന്റെ പുരോഹിത കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. മറിയവും എലിസബത്തും ബന്ധുക്കളായിരുന്നുവെങ്കിലും അവര്‍ വെവ്വേറെ വംശങ്ങളില്‍ നിന്നുള്ളവരായിരുന്നു.

നീതിമാന്മാരായിരുന്നെങ്കിലും സഖറിയായും എലിസബത്തും സന്താനമില്ലാത്തവരായിരുന്നു. അക്കാലത്ത് കുട്ടികളില്ലാത്തത് ദൈവശാപത്തിന്റെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുകയും ചെയ്തിട്ടില്ലായിരുന്നു. ഇതു പോലെ വൈകി ജനിച്ച പല പ്രമഖരെയും നാം ബൈബിളില്‍ കാണുന്നുണ്ട്. ഇസഹാക്ക്, യാക്കോബ്, ജോസഫ്, സാംസണ്‍, സാമുവേല്‍ തുടങ്ങിയവരെല്ലാം പ്രകൃതിയെ അതിശയിക്കും വിധം ജനിച്ചവരാണ്.

യഹൂദരുടെ മൂന്ന് പ്രധാനപ്പെട്ട തിരുനാളുകളായ പെസഹാ, പെന്തക്കുസ്താ, കൂടാരത്തിരുനാള്‍ എന്നിവ നടക്കുമ്പോള്‍ വളരെ തിരക്കുള്ളതിനാല്‍ എല്ലാ പുരോഹിതന്മാരും ശുശ്രൂഷയില്‍ പങ്കെടുത്തിരുന്നു. മറ്റു സമയങ്ങളില്‍ മാറിമാറിയാണ് പൗരോഹിത്യ കടമകള്‍ നിര്‍വഹിച്ചിരുന്നത്. അങ്ങനെയിരിക്കെ സഖറിയായ്ക്ക് ശുശ്രൂഷ ചെയ്യാന്‍ നറുക്കു വീണു.

സഖറിയാ ശുശ്രൂഷ ചെയ്തു കൊണ്ടു നില്‍ക്കേ, കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു. ആ മാലാഖയുടെ പേര് ഗബ്രിയേല്‍ എന്നായിരുന്നു. ദാനിയേല്‍ പ്രവാചകന് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്നതായി നാം വായിക്കുന്നു. മറിയത്തിനും ഈ ദൂതന്‍ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.

ദൂതന്‍ അള്‍ത്താരയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതു കണ്ട് സഖറിയാ പേടിച്ചരണ്ടു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അയാള്‍ ഒരു ദൂതനെ കാണുന്നത്. താന്‍ എന്തെങ്കിലും തെറ്റു ചെയ്‌തോ എന്ന് ഭയന്നതു കൊണ്ടുമാകാം. എന്നാല്‍ പേടിക്കാനൊന്നുമില്ല എന്ന് ദൂതന്‍ അയാളെ അറിയിക്കുന്നു.

എന്തു കൊണ്ട് ദൈവം കുട്ടി ജനിക്കുന്നതിന് മുമ്പ് അത് ഒരു ദൂതന്‍ മുഖേന അറിയിക്കുന്നു? മുന്നറിയിപ്പു കൂടാതെയും കുട്ടിയെ കൊടുക്കമായിരുന്നല്ലോ. അതിന്റെ കാരണം ഇതാണ്. ആ കുട്ടിയുടെ ജനനം അത്രമേല്‍ പ്രധാനപ്പെട്ടതാണ് എന്ന് അറിയിക്കാന്‍ ദൈവം ആഗ്രഹിച്ചു. വിശ്വസ്തരായിരിക്കേണ്ടതിന് ആദ്യം ദൈവം അവരുടെ വിശ്വാസം പരീക്ഷിച്ചു ഉറപ്പിച്ചു. ആ കുഞ്ഞിന് അസാധാരണായ ഒരു ദൗത്യം നിറവേറ്റാനുണ്ട് എന്നതിന്റെ സൂചനയാണ് ആ ദൂതന്റെ പ്രത്യക്ഷപ്പെടലും അറിയിപ്പും.

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് മുന്‍കൂട്ടി തന്നെ ദൂതന്‍ അറിയിക്കുന്നു. പരമ്പരാഗതമായി, കുടുംബത്തിലെ പൂര്‍വപിതാക്കന്മാരുടെ പേരുകളാണ് കുഞ്ഞിന് നല്‍കിയിരുന്നത്. എന്നാല്‍ കുഞ്ഞ് ആണ്‍കുഞ്ഞായിരിക്കുമെന്നും അവന് യോഹന്നാന്‍ എന്ന് പേരിടണം എന്നും ദൂതന്‍ വ്യക്തമായി അറിയിക്കുന്നു. ഗര്‍ഭം ധരിക്കും മുമ്പേ പേര് നല്‍കപ്പെട്ടവനാണ് സ്‌നാപക യോഹന്നാന്‍.

ഒരു വ്യക്തിയുടെ വ്യക്തിത്വം പ്രകാശിപ്പിക്കുന്നതാണ് ആ വ്യക്തിയുടെ പേര്. യോഹന്നാന്റെ അര്‍ത്ഥം ദൈവം ദൈവം കൃപ കാണിച്ചിരിക്കുന്നു എന്നാണ്. ആ കൃപ യോഹന്നാന്റെ മാതാപിതാക്കളോട് മാത്രമല്ല, സകല മനുഷ്യവംശത്തോട് കൂടിയാണ്.

വാര്‍ദ്ധക്യ കാലത്ത് ജനിച്ചവനായതിനാല്‍ യോഹന്നാന്‍ അവന്റെ മാതാപിതാക്കള്‍ക്ക് സന്തോഷ ഹേതുവായി തീരും. അവന്‍ നാസീര്‍ വ്രതം അനുഷ്ഠിക്കുന്നവനായിരിക്കും. മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ അവന്‍ കഴിക്കുകയില്ല. അവന്‍ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ പരിശുദ്ധാത്മാവ് നിറഞ്ഞവനായിരിക്കും എന്നായിരുന്നു മറ്റൊരു പ്രവചനം.

യോഹന്നാന്റെ പ്രഭാഷണങ്ങള്‍ വഴി അനേകര്‍ പശ്ചാത്തപിച്ച് ദൈവത്തിങ്കലേക്ക് തിരിഞ്ഞു. അവന്‍ അവര്‍ക്ക് ജോര്‍ദാന്‍ നദിയില്‍ വച്ച് ജ്ഞാനസ്‌നാനം നല്‍കി.

എന്നാല്‍ ദൂതന്‍ പറഞ്ഞ വാകുകള്‍ സഖറിയായ്ക്ക് വിശ്വാസമായില്ല. എന്നാല്‍ സഖറിയായുടെ സംശയം സ്വാഭാവികമായിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മറിയവും സംശയിച്ചു ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സഖറിയായ്ക്ക് മാലാഖയില്‍ നിന്ന് ശിക്ഷ ലഭിക്കുന്നുണ്ട്. സഖറിയായുടെ മൂകത അവനെ കാത്തു നിന്നവര്‍ക്ക് ഒരു അടയാളം കൂടിയായിരുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ ദൈവദൂതനെ കണ്ടുവെന്ന് അവര്‍ വിശ്വസിക്കേണ്ടതിന് അതൊരു അടയാളമായി തീര്‍ന്നു.ആ അടയാളം ഇല്ലാതിരുന്നെങ്കില്‍ സഖറിയായുടെ അവകാശവാദം ജനങ്ങള്‍ സംശയിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

ദൈവദൂതന്റെ അറിയിപ്പിന് ശേഷമാണ് എലിസബത്ത് ഗര്‍ഭം ധരിച്ചതെന്ന് സുവിശേഷം വ്യക്തമായി പറയുന്നു. സഖറിയാ മൗനിയായി ദേവാലയത്തില്‍ നിന്നു മടങ്ങി വന്നതിനാലാണ് എലിസബത്ത് സഖറിയാ ദൈവദൂതനെ കണ്ടു എന്ന് വിശ്വസിച്ചത്.

സന്ദേശം

കുട്ടികളില്ലായിരുന്നെങ്കിലും, സമൂഹമധ്യേ അപമാനം സഹിച്ചുവെങ്കിലും എലിസബത്തും സഖറിയായും തങ്ങളുടെ വിശ്വാസം കൈവെടിഞ്ഞില്ല. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടാതെ വരുമ്പോഴും നമുക്ക് ദൈവത്തില്‍ ആശ്രയിക്കാം, വിശ്വാസം കൈവിടാതിരിക്കാം.

ദൈവത്തിന്റെ സമയം നമ്മുടെ ഗ്രാഹ്യത്തിനപ്പുറമാണ്. സഖറിയായും എലസബത്തും ചെയ്തതു പോലെ ദൈവം പ്രവര്‍ത്തിക്കാന്‍ വേണ്ടി നമുക്ക് കാത്തിരിക്കാം.

അവിശ്വാസം മൂലം ശിക്ഷ ലഭിച്ചെങ്കിലും സഖറിയാ ദൈവത്തില്‍ ആശ്രയിക്കുക തന്നെ ചെയ്തു. ദൈവത്തിന് നമ്മുടെ ജീവിതത്തെ കുറിച്ച് ഒരു പദ്ധതിയുണ്ട് എന്നു വിശ്വസിച്ച് മുന്നോട്ടു പോകാം.

സത്യപ്രകാശമായ ദൈവമേ,

ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് സ്‌നാപക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള സദ്വാര്‍ത്ത അറിയിച്ചപ്പോള്‍ സഖറിയാ പ്രവാചകന്‍ സംശയിക്കുകയാണ് ചെയ്തത്. അതു പോലെ പലപ്പോഴും ഞങ്ങളുടെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ദൈവത്തിന്റെ ഇടപെടലുകള്‍ ഞങ്ങള്‍ സംശയത്തോടെ വീക്ഷിച്ചിട്ടുണ്ട്. ഞങ്ങളില്‍ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറന്നു തരേണമേ. അവിടുത്തെ വചനങ്ങളില്‍ സംശയമേതുമില്ലാതെ വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കൃപ നല്‍കിയരുളണമേ. അവിടുത്തെ പുത്രനായ യേശു ക്രിസ്തുവിന്റെ വരവിനായി ഞങ്ങളുടെ ആത്മാവും ശരീരവും വിശുദ്ധിയോടെ സംരക്ഷിച്ച് പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles