അന്ത്യകാലത്തിലെ വലിയ വിശുദ്ധര്‍ക്ക് ഏറ്റവും അത്യാവശ്യമാണ് മരിയഭക്തി

~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 8

 

അന്ത്യകാലത്തിലെ വലിയ വിശുദ്ധര്‍ക്ക് ഏറ്റവും അത്യാവശ്യമാണ് മരിയഭക്തി

ഇത് സംഭവിക്കുന്നത് ലോകാവസാനം അടുക്കുമ്പോഴായിരിക്കും. ഇതിന് വളരെ നാള്‍ കാത്തിരിക്കേണ്ടി വരികയില്ല. ലബനോനിലെ ദേവദാരു വൃക്ഷങ്ങള്‍ ചെറുചെടികളുടെ മുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതു പോലെ വിശുദ്ധയില്‍ ഇതര പുണ്യാത്മാക്കളെ വെല്ലുന്ന വിശുദ്ധരെ സര്‍വശക്തന്‍ പരി. മാതാവിനോട് കൂടെ തനിക്കായി അക്കാലത്ത് ഉളവാക്കും. ഒരു വിശുദ്ധാത്മാവിന് വെളിപ്പെടുത്തപ്പെട്ട സത്യമാണിത്. അദ്ദേഹത്തിന്റെ ജീവചരിത്രം എംഡി റെന്‍ഡി എഴുതിയിട്ടുണ്ട്.

പരി. കന്യകയോടുള്ള ഭക്തിയില്‍ അദ്വിതീയര്‍

അത്യുഗ്രമായി പോരാടുന്ന പൈശാചിക ശക്തികളെ നേരിടുവാന്‍ കൃപാവരവും തീക്ഷണതയും നിറഞ്ഞ ഈ വിശുദ്ധാത്മാക്കളെ ആയിരിക്കും ദൈവം തെരഞ്ഞെടുക്കുന്നത്. പരി. കന്യകയോടുള്ള ഭക്തിയില്‍ അവര്‍ അദ്വിതീയരായിരിക്കും. അവളുടെ പ്രകാശത്താല്‍ അവര്‍ പ്രശോഭിതരാകും. അവളുടെ പരിപോഷണത്താല്‍ അവര്‍ ശക്തരാകും അവളുടെ ചൈതന്യത്താല്‍ അവര്‍ നയിക്കപ്പെടും. അവളുടെ ബലിഷ്ഠ കരങ്ങള്‍ അവരെ താങ്ങും. അവളുടെ സംരക്ഷണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കും. ആകയാല്‍, ഒരു കരം കൊണ്ട് യുദ്ധം ചെയ്യുമ്പോള്‍ മറുകരം കൊണ്ട് അവര്‍ പണിതുയര്‍ത്തും (എസ്ര 4.7).

യഥാര്‍ത്ഥ സോളമന്റെ ദേവാലയം

പാഷണ്ഡതയെയും പാഷണ്ഡികളെയും ശീശ്മയെയും ശീശ്മക്കാരെയും വിഗ്രഹങ്ങളെയും വിഗ്രഹാരാധകരെയും പാപികളെയും അവരുടെ വഷളത്വത്തെയും ഒറ്റക്കൈ കൊണ്ട് അവര്‍ കീഴ്‌പ്പെടുത്തും. ലോകത്തില്‍ നിന്ന് സകല മ്ലേച്ഛതകളെയും അവര്‍ തുടച്ചു നീക്കും. മറുകരം കൊണ്ട് അവര്‍ ‘യഥാര്‍ത്ഥ സോളമന്റെ ദേവാലയത്തെയും’ ‘ദൈവത്തിന്റെ മൗതിക നഗരത്തെയും’ പണിയും. സഭാ പിതാക്കന്മാര്‍ പറയുന്നു, പരിശുദ്ധ കന്യകയാണ് സോളമന്റെ ദേവാലയവും ദൈവത്തിന്റെ നഗരവും എന്ന്. പ്രവൃത്തിയും പ്രസംഗവും വഴി സകല മനുഷ്യരെയും അവര്‍ യഥാര്‍ത്ഥ മരിയഭക്തരാക്കും. അതുവഴി അവര്‍ക്ക് അനേകം ശത്രുക്കളുണ്ടാകും. പക്ഷേ, അവര്‍ ശത്രുക്കളുടെ മേല്‍ വിജയം വരിക്കുകയും ദൈവത്തിന് കൂടുതല്‍ മഹത്വം കൈവരുത്തുകയും ചെയ്യും. ഇതു വി. വിന്‍സെന്റ് ഫെററിന് ദൈവം വെളിപ്പെടുത്തിയ ഒരു സത്യമാണ്. ആ നൂറ്റാണ്ടിലെ പ്രേഷിത പ്രമുഖനായിരുന്ന അദ്ദേഹം തന്റെ ഒരു ഗ്രന്ഥത്തില്‍ ഇത് സമ്യക്കായി വിവരിച്ചിട്ടുണ്ട്.

അമ്പത്തിയെട്ടാം സങ്കീര്‍ത്തനം വഴി പരിശുദ്ധാത്മാവ് ഇതു തന്നെയാണ് നമുക്ക് വെളിപ്പെടുത്തി തരുന്നതെന്ന് ന്യായമായി അനുമാനിക്കാം. ‘ദൈവം യാക്കോബിന്റെ മേലും ഭൂമിയുടെ അതിര്‍ത്തികളിന്മേലും അധികാരമുള്ളവനാണ് എന്നവര്‍ അറിയട്ടെ. സന്ധ്യാസമയത്ത് അവര്‍ തിരിച്ചു വന്ന് നായ്ക്കളെ പോലെ ഓരിയിട്ടു കൊണ്ട് പട്ടണത്തിന് ചുറ്റും ഇര തേടി നടക്കും (സങ്കീര്‍ 58. 14, 15). ലോകാവസാനത്തില്‍ സ്വയം വിശുദ്ധീകരണം സാധിക്കുവാനും നീതിക്കായുള്ള ദാഹം ശമിപ്പിക്കുവാനും മനുഷ്യര്‍ ചുറ്റും സഞ്ചരിക്കുന്ന ഈ പട്ടണം പരിശുദ്ധാത്മാവിനാല്‍ ‘ദൈവത്തിന്റെ നഗരം’ (സങ്കീര്‍ 87. 3) എന്നു വിളിക്കപ്പെടുന്ന പരി. കന്യകയാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles