എല്ലാ വിശുദ്ധരെയും രക്തസാക്ഷികളെയുംകാള്‍ മറിയം ദൈവത്തെ മഹത്വപ്പെടുത്തി

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 71

ഈ ഭക്തി വിശ്വസ്തതയോടെ ഒരു മാസം അഭ്യസിച്ചാല്‍ ക്ലേശകരമായ മറ്റേതു ഭക്തിയും വളരെക്കൊല്ലങ്ങള്‍ അഭ്യസിക്കുന്നതിലുമധികം നീ ഈശോയെ മഹത്ത്വപ്പെടുത്തും. ഇതിനുള്ള തെളിവുകള്‍ :

ഈ ഭക്തിയനുസരിച്ചു മറിയം വഴി എല്ലാ പ്രവൃത്തികളും ചെയ്യുമ്പോള്‍, നിന്റെ നല്ല നിയോഗങ്ങള്‍ പോലും നീ വിസ്മരിക്കുന്നു ; മറിയത്തിന്റെ അജ്ഞാതമായ നിയോഗങ്ങള്‍ക്കു നിന്നെത്തന്നെ സമര്‍പ്പിക്കുന്നു. അപ്പോള്‍ അവളുടെ ഉത്കൃഷ്ടനിയോഗങ്ങളില്‍ ഭാഗഭാക്കാവുകയാണു നീ . ഏറ്റവും നിസ്സാരമായ പ്രവൃത്തികള്‍കൊണ്ട് – നൂലു നൂല്‍ക്കലോ ഒരൊറ്റ തുന്നലോകൊണ്ട്, ഇരുമ്പടുപ്പില്‍ ക്രൂരതരമായി രക്തസാക്ഷിത്വം വരിച്ച വി . ലോറന്‍സിനെയും വീരകൃത്യങ്ങള്‍ ചെയ്ത എല്ലാ വിശുദ്ധരെയുംകാള്‍ അധികം ദൈവത്തെ മഹത്ത്വപ്പെടുത്തുവാന്‍ മറിയത്തിനു കഴിഞ്ഞു.
തന്മൂലം ഐഹികജീവിതത്തിലെ ചുരുങ്ങിയ കാലംകൊണ്ട് അവാച്യമായ കൃപാവരങ്ങളുടെയും യോഗ്യതകളുടെയും ഒരു വലിയ ശേഖരത്തിന് അവള്‍ ഉടമയായി.

അവയെ എണ്ണിത്തിട്ടപ്പെടുത്തുക എന്നതിനെക്കാള്‍ ആകാശത്തിലെ നക്ഷത്രങ്ങളെയോ , സമുദ്രത്തിലെ വെള്ളത്തുള്ളികളെയോ കടല്‍ത്തീരത്തെ മണല്‍ത്തരികളെയോ എണ്ണുകയാണ് എളുപ്പം. അങ്ങനെ എല്ലാ മാലാഖമാരും വിശുദ്ധരും നല്കിയതും ഇനി നല്കാനിരിക്കുന്നതുമായ മഹത്ത്വത്തെക്കാള്‍ അധികം മഹത്ത്വം അവള്‍ ദൈവത്തിനു നല്കി .

ഓ , മറിയത്തിന്റെ അദ്ഭുതാവഹമായ ശക്തിയെ ! പരിപൂര്‍ണ്ണ മായി നിന്നില്‍ വിലയം പ്രാപിക്കുവാനാഗ്രഹിക്കുന്ന ആത്മാക്കളില്‍ കൃപാവരത്തിന്റെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുക അങ്ങേക്ക് അസാദ്ധ്യം!

ഈ ഭക്തി അഭ്യസിക്കുന്നവന്‍ തന്റെ വിചാരങ്ങളെയും പ്രവര്‍ത്തികളെയും നിസ്സാരമായാണ് എണ്ണുക. ഈശോയെ സമീപിക്കുവാനോ അവിടുത്തോടു സംസാരിക്കുവാനോ മറിയത്തിന്റെ യോഗ്യതകളെ മാത്രമേ അവന്‍ ആശ്രയിക്കുന്നുള്ളൂ . അവയിലേ അവന്‍ സന്തോഷം കണ്ടെത്തുന്നുള്ളൂ . അങ്ങനെ, സേച്ഛാനുസാരം പ്രവര്‍ത്തിക്കുകയും തിരിച്ചറിയുവാന്‍ പറ്റാത്തവിധത്തില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും ചെയ്യുന്ന മറ്റുള്ളവരെക്കാളധികം എളിമ അവന്‍ സമ്പാദിക്കുന്നു . തന്നിമിത്തം അവനാണു ദൈവത്തെ കൂടുതല്‍ മഹത്ത്വപ്പെടുത്തുന്നത് . കാരണം, ഹൃദയത്തില്‍ എളിമയുള്ളവര്‍ക്കും ചെറിയവര്‍ക്കും താഴ്ചയുള്ളവര്‍ക്കും മാത്രമേ ദൈവത്തെ പരിപൂര്‍ണ്ണമായി മഹത്ത്വം ടുത്തുവാന്‍ കഴിയൂ.

അവാച്യമായ സ്‌നേഹവായ്‌പോടെ ദിവ്യനാഥ നമ്മുടെ പ്രവൃത്തികളാകുന്ന കാഴ്ചവസ്തുക്കളെ തന്റെ വിമലകരങ്ങളില്‍ സ്വീകരിച്ച് അനുപമമായ അഴകും ശോഭയും അവയ്ക്കു നല്കുന്നു. അവള്‍ തന്നെ അവ ഈശോയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു. സമര്‍പ്പിച്ചാല്‍, കുറ്റങ്ങള്‍ ചെയ്ത നമ്മുടെ കരങ്ങള്‍കൊണ്ട് അവ സമര്‍പ്പി ക്കുന്നതിനെക്കാള്‍ അധികം മഹത്ത്വം ദൈവത്തിനു ലഭിക്കും , സംശയമില്ല.

അവസാനമായി , നിനക്കുവേണ്ടി മറിയം ഒന്നാമതായി ദൈവത്തെ ധ്യാനിച്ചെങ്കില്‍ മാത്രമേ നിനക്കു മറിയത്തെ ധ്യാനിക്കാനാകൂ. മറിയം നിനക്കൊപ്പം ദൈവത്തെ വാഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്യാതെ നീ ഒരിക്കലും മറിയത്തെ വാഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്യില്ല. മറിയം ദൈവത്തോടു പരിപൂര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു . ഞാന്‍ അവളെ ദൈവത്തിന്റെ ബന്ധുവെന്ന് ധൈര്യപൂര്‍വ്വം വിളിക്കാം. അവള്‍ ഉണ്ടായിരിക്കുന്നത് ദൈവത്തിനുവേണ്ടി മാത്രം. അവള്‍ ദൈവത്തിന്റെ പ്രതിധ്വനിയാണ്. ദൈവം എന്നല്ലാതെ അവള്‍ ഒന്നും പറയുന്നില്ല , ആവര്‍ത്തിക്കുന്നില്ല. നീ ‘ മറിയം ‘ എന്നു പറഞ്ഞാല്‍ അവള്‍ ‘ ദൈവം ‘ എന്നുപറയും. മറിയം വിശ്വസിച്ചതുകൊണ്ട്, വി . എലിസബത്ത് അവളെ അനുഗൃഹീത എന്നു വിളിച്ചു. അപ്പോള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതിധ്വനിയായ മറിയം പാടി : ‘ എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു ‘ എന്ന് ( ലൂക്കാ 1:46 ) .

അന്ന് മറിയം ചെയ്തത് ഇന്നും അവള്‍ അനുദിനം വീണ്ടും ആവര്‍ത്തിക്കുന്നു. നാം അവളെ സ്തുതിക്കുകയോ , സ്‌നേഹിക്കുകയോ, ബഹുമാനിക്കുകയോ , എന്തെങ്കിലും അവള്‍ക്ക് നല്കുകയോ ചെയ്യുമ്പോള്‍ മറിയം വഴിയും മറിയത്തിലൂടെയും ദൈവമാണ് സ്തുതിക്കപ്പെടുക , സ്‌നേഹിക്കപ്പെടുക , ബഹുമാനിക്കപ്പെടുക , അവിടുത്തേക്കാണ് നാം എല്ലാം നല്‍കുക.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles