പരിശുദ്ധാത്മാവ് മറിയത്തോട് പറയുന്നത്

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 5

പരിശുദ്ധാത്മാവ് തനിക്കായി തെരഞ്ഞെടുത്തവരെ മറിയത്തിലും മറിയം വഴിയും രൂപീകരിക്കാന്‍ ആഗ്രഹിച്ചു കൊണ്ട് അവളോട് പറഞ്ഞു: സ്‌നേഹഭാജനമേ, എന്റെ മണവാട്ടി, എന്റെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്റെ പുണ്യങ്ങളുടെ വേരുകള്‍ നീ ഉറപ്പിക്കുക’ (പ്രഭാ. 24. 13). അവര്‍ അതുവഴി പുണ്യങ്ങളിലും കൃപാവരത്തിലും ഉപര്യുപരി അഭിവൃദ്ധി പ്രാപിക്കട്ടെ. ഏറ്റവും ഉത്കൃഷ്ടമായ സുകൃതങ്ങള്‍ അഭ്യസിച്ചു നീ ലോകത്തില്‍ ജീവിച്ചപ്പോള്‍ ഞാന്‍ നിന്നില്‍ അതിയായി സംപ്രീതനായി. സ്വര്‍ഗത്തില്‍ ഇന്ന് ആനന്ദം അനുഭവിക്കുന്ന നീ സ്വര്‍ഗത്തിലായി കൊണ്ട് ഭൂമിയിലും പുണ്യങ്ങളുടെ സൗരഭ്യം പരത്തി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതു കൊണ്ട് എന്റെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ നീ നിന്നെ തന്നെ ആവിഷ്‌കരിക്കുക.

നിന്റെ സുശക്തമായ വിശ്വാസവും അഗാധമായ എളിമയും നിരന്തരമായ ഇന്ദ്രിയ നിഗ്രവും വിശിഷ്ടമായ പ്രാര്‍ത്ഥനയും തീക്ഷണമായ സ്‌നേഹവും ദൃഢമായ ശരണവും മറ്റു സകല പുണ്യങ്ങളും ഞാന്‍ അവരില്‍ കണ്ട് നിര്‍വൃതി അടയട്ടെ. മറിയമേ, നീ എന്നും എന്റെ മണവാട്ടിയാണ്. നീ നിര്‍മലയാണ്. വിശ്വസ്തയാണ്. നീ എന്നും ഫലം ചൂടി നില്‍ക്കുന്നവളാണ്. നിന്റെ വിശ്വാസം വിശ്വാസികളെയും നിന്റെ നൈര്‍മല്യം കന്യകകളെയും നിന്റെ സമൃദ്ധി തെരഞ്ഞെടുക്കപ്പെട്ടവരെയും എന്റെ ആലയങ്ങളുമായവരെയും ഒരുക്കട്ടെ’.

മറിയം ഒരാത്മാവില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അവള്‍ക്കു മാത്രം സാധിക്കുന്ന കൃപാവരത്തിന്റെ വിസ്മയകരമായ അത്ഭുതങ്ങള്‍ അവിടെ സംഭവിച്ചു തുടങ്ങും. കാരണം, മറിയം മാത്രമേ സര്‍വ സമൃദ്ധിയും നിറഞ്ഞവളായിട്ടുള്ളൂ. നൈര്‍മല്യത്തിലും സമൃദ്ധിയിലും അവള്‍ക്ക് തുല്യരായി ആരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല.

പരിശുദ്ധാത്മാവിനോട് സഹകരിച്ചു കൊണ്ട് മറിയം ഇതുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകുകയില്ലാത്തതുമായ മഹത്തമമായ ഒന്നിനെ ഉത്പാദിപ്പിച്ചു – ദൈവമനുഷ്യനെ മാത്രമല്ല, യുഗാന്തത്തിലും ഉത്കൃഷ്ടരായ വിശുദ്ധരെ അവള്‍ തന്നെയാണ് ജനിപ്പിക്കേണ്ടത്. ലോകാവസാനത്തില്‍ ഉണ്ടാകാനിരിക്കുന്ന എല്ലാ മഹാവിശുദ്ധരുടെയും ശിക്ഷണവും രൂപവല്‍ക്കരണവും സര്‍വശക്തന്‍ അവള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. എന്തു കൊണ്ടെന്നാല്‍, അതുല്യവും അദ്ഭുതകരവുമായ സൃഷ്ടിയായ മറിയത്തിന് മാത്രമേ പരിശുദ്ധാത്മാവിനോടുള്ള ഐക്യത്തില്‍ അതുല്യവും അസാധാരണവുമായവ പുറപ്പെടുവിക്കാന്‍ കഴിയൂ.

മറിയം അവിഭക്ത മണവാട്ടി

പരിശുദ്ധാത്മാവ്, തന്റെ വധുവായ മറിയത്തെ ഒരാത്മാവില്‍ ദര്‍ശിക്കുമ്പോള്‍ അവിടുന്ന് അവിടെ പറന്നെത്തുകയായി. തന്റെ മണവാട്ടിക്ക് ഔന്നത്യമേറിയ സ്ഥാനം ലഭിക്കത്തക്ക വിധത്തില്‍ അവിടുന്ന് ആ ആത്മാവിനോട് പൂര്‍ണമായി ഐക്യപ്പെടുകയും അതിന് സമൃദ്ധമായി തന്റെ ദാനവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് ആത്മാക്കളില്‍ വിസ്മയകരമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന് ഒരു പ്രധാനകാരണം തന്റെ വിശ്വസ്തയും അവിഭക്തയുമായ മണവാട്ടിയോടുള്ള ഗാഢമായ ഐക്യം അവരില്‍ ദര്‍ശിക്കാത്തതാണ്.

അതേ, മറിയം ഒരു അവിഭക്ത മണവാട്ടിയാണ്. എന്തെന്നാല്‍, പിതാവിന്റെയും പുത്രന്റെയും സ്‌നേഹം തന്നെയായ പരിശുദ്ധാത്മാവ് തെരഞ്ഞെടുക്കപ്പെട്ടവരുടെ ശിരസ്സായ ക്രിസ്തുവിന് രൂപം നല്‍കാനും ക്രിസ്തുവിനെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ രൂപപ്പെടുത്താനും മറിയത്തെ വധുവായി സ്വീകരിച്ച ക്ഷണം മുതല്‍ അവളെ ഒരിക്കലും നിരാകരിച്ചിട്ടില്ല. കാരണം, അവള്‍ എന്നെന്നും വിശ്വസ്തയും ഫലം നല്‍കുന്നവളുമാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles