തന്നെ സ്‌നേഹിക്കുന്ന അടിമയ്ക്ക് മറിയം തന്നെതന്നെ നല്‍കുന്നു

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 35

പരിശുദ്ധ കന്യക സൗമ്യതയുടെയും കരുണയുടെയും മാതാവാണ്. സ്‌നേഹത്തിലും ഔദാര്യത്തിലും അവള്‍ മറ്റാരുടെയും പിന്നിലല്ല. അവളെ മഹത്വപ്പെടുത്തുവാനും സേവിക്കാനും വേണ്ടി പൂര്‍ണമായി തന്നെ തന്നെ സമര്‍പ്പിക്കുന്നവനും അതിനു വേണ്ടി തനിക്കു പ്രിയങ്കരമായ സമസ്തവും ത്യജിച്ചു കൊണ്ട് അവളെ മഹത്വപ്പെടുത്തുന്നവനുമായ ഒരുവനെ മറിയം അതെ ചൈതന്യത്തോടെ സമീപിക്കും. അവന് തന്നെ തന്നെ പൂര്‍ണമായും അവര്‍ണ്ണനീയമായ വിധത്തിലും അവള്‍ നല്‍കും. തന്റെ കൃപാ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ത്തും. അവനെ തന്റെ യോഗ്യതകള്‍ കൊണ്ട് അലങ്കരിക്കും. തന്റെ ശക്തി കൊണ്ട് അവനെ താങ്ങും. അവനെ തന്റെ പ്രഭാകിരണങ്ങള്‍ കൊണ്ട് പ്രകാശിപ്പിക്കും. സ്‌നേഹം കൊണ്ടവനെ ജ്വലിപ്പിക്കും. എളിമ, വിശ്വസ്തത, ശുദ്ധത തുടങ്ങിയ തന്റെ എല്ലാ സുകൃതങ്ങളിലും അവനെ ഭാഗഭാഗാക്കും. ഈശോയുടെ മുന്പില്‍ അവന്റെ ജാമ്യക്കാരിയും, അവന്റെ എല്ലാക്കുറവുകളെയും നികത്തുന്നവളും, അവന്റെ സര്‍വ്വസ്വവുമായി അവള്‍ മാറും. ചുരുക്കത്തില്‍ അവള്‍ക്കു തന്നെ തന്നെ സമര്‍പ്പിചിരിക്കുന്നവന്‍ പരിപൂര്‍ണ്ണമായി അവളുടേതായിരിക്കുന്നത് പോലെ അവള്‍ മുഴുവന്‍ അവന്റേതുമായിരിക്കും. വി.യോഹന്നാന്‍ ശ്ലീഹാ പരിശുദ്ധ കന്യകയെ തന്റേതായി സ്വീകരിച്ചു എന്ന് പറഞ്ഞത് മറിയത്തിന്റെ ഉത്തമ ദാസനും സുതനുമാകുന്ന ഏതൊരാളെ പറ്റിയും പറയാം.

അവന്‍ വിശ്വസ്തനാണ് എങ്കില്‍ ഇതിന്റെ ഫലമായി തന്നില്‍ തന്നെ അവിശ്വാസവും അവജ്ഞയും വെറുപ്പും അവനില്‍ ഉളവാകും. അതോടൊപ്പം തന്റെ നല്ല നാഥനായ പരിശുദ്ധ കന്യകയെ പരി പൂര്‍ണമായി വിശ്വസിക്കുകയും തന്നെ തന്നെ മുഴുവനായി അവള്‍ക്കു ഭരമേല്‍പ്പിക്കുകയും ചെയ്യും. അവന്‍ ഇനി ഒരിക്കലും തന്റെ പ്രവണതകളെയും താല്പര്യങ്ങളെയും അഭിപ്രായങ്ങളെയും യോഗ്യതകളെയും ആശ്രയിക്കുകയില്ല. ദാസോചിതാമോ സന്ദേഹാസ്പദമോ ഭയമെന്യെ , വളരെ പ്രതാശയോടും കൂടി ദിവ്യ നാഥനെ സമീപിക്കുവാനും അവിടത്തോട് പ്രാര്‍ഥിക്കുവാനും ഇത് അവന് പ്രചോദനമരുളുന്നു. ഭക്തനും പണ്ഡിതനുമായ ആബട്ട് രൂപ്പര്‍ട്ട് പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കുക.യാക്കോബിന് മാലാഖയുടെ മേലുണ്ടായ വിജയത്തെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം പരിശുദ്ധ കന്യകയോട് പറയുന്നു. ഓ മറിയമേ എന്റെ രാജ്ഞി , ദൈവ മനുഷ്യന്റെ അമലോല്‍ഭവ ജനനി ഞാന്‍ ദൈവ വചനമായ ഈശോ മിശിഹായോട് മല്‍ പ്പിടിത്തം നടത്താന്‍ ആഗ്രഹിക്കുന്നു. എന്റെ യോഗ്യത ആകുന്ന ആയുധം കൊണ്ടല്ല പ്രത്യുതാ, അമ്മയുടെ യോഗ്യതകളില്‍ ആശ്രയിച്ചു കൊണ്ടാണ് ഇപ്രകാരം ആഗ്രഹിക്കുന്നത്.

മാതാവിന്റെ കരങ്ങള്‍ വഴി നമ്മുടെ എല്ലാ സത് കൃത്യങ്ങളും ദിവ്യ നാഥന് സമര്‍പ്പിക്കുകയാണ് ഈ ഭക്തി വഴി നാം ചെയ്യുന്നത്. ആകയാല്‍ ആ പ്രിയ നാഥ അവയെ ശുദ്ധീകരിക്കുകയും മോടി പിടിപ്പിക്കുകയും തന്റെ ദിവ്യ സുതന് സ്വീകര്യമാക്കുകയും ചെയ്യുന്നു.

1. നമ്മുടെ ഏറ്റവും നല്ല പ്രവൃത്തികളില്‍ പോലും സൃഷ്ടികളോടുള്ള അമിതമായ ആസക്തി ഒളിഞ്ഞു കിടപ്പുണ്ട്. അതില്‍ നിന്നും സ്വാര്‍ത്ഥ സ്‌നേഹത്തില്‍ നിന്നും മറിയം നമ്മുടെ സത് കൃത്യങ്ങളെ പവിത്രീകരിക്കുന്നു. കറയോ അലസതയോ തീണ്ടിയിട്ടില്ലാത്ത ഏറ്റവും പരിപാവനവും ഫല ദായകവുമായ ആ കരങ്ങളില്‍ അവ ചെന്നെത്തുന്ന നിമിഷത്തില്‍ തന്നെ വിശുദ്ധമാകും. പരി പാവനമായ ആ കരങ്ങള്‍ അവയിലെ എല്ലാ മാലിന്യവും അപൂര്‍ണ്ണതയും തുടച്ചു നീക്കുകയും ചെയ്യും.

2. പിന്നെ, അവള്‍ സ്വന്തം യോഗ്യതകളും സുകൃതങ്ങളും കൊണ്ട് അവയെ അലങ്കരിച്ചു മനോഹരമാക്കുന്നു. രാജാവിന്റെ സ്‌നേഹവും സൗമനസ്യവും സമ്പാദിക്കുവാന്‍ കൊതിക്കുന്ന ഒരു കൃഷീവലന്‍ തന്റെ വരുമാനത്തിന്റെ ആകെ ത്തുകയായ ഒരു ആപ്പിള്‍ പഴം രാജാവിനു കാഴ്ച സമര്‍പ്പിക്കുവാന്‍ രാജ്ഞിയെ ഏല്‍പ്പിക്കുന്നത് പോലെയാണ് അത്. ആ ചെറിയ സമ്മാനം അയാളില്‍ നിന്നും വാങ്ങി , വലുതും മനോഹരവുമായ ഒരു സുവര്‍ണ പാത്രത്തില്‍ വച്ചേ രാജ്ഞി അവനു വേണ്ടി അത് രാജാവിന് സമര്‍പ്പിക്കുകയുള്ളൂ. രാജാവിന് തീര്‍ത്തും അയോഗ്യമാണ് ആ പഴമെങ്കിലും അത് വച്ചിരിക്കുന്ന പാത്രവും സമര്‍പ്പിക്കുന്ന വ്യക്തിയും അതിനെ, രാജാവിനു തിരുമുല്‍ കാഴ്ച വയ്ക്കുവാന്‍ യോഗ്യമാക്കുന്നു.

3. ഇപ്രകാരം നാം അവളെ ഭരമേല്‍പ്പിക്കുന്ന നമ്മുടെ സത് കൃത്യങ്ങള്‍ അവള്‍ ക്രിസ്തു നാഥന് സമര്‍പ്പിക്കും. നമ്മുടെ ലക്ഷ്യം താനെന്നതു പോലെ അവയിലൊന്നും അവള്‍ തനിക്കായി സൂക്ഷിക്കുന്നില്ല. എല്ലാം വിശ്വസ്തതയോടെ ഈശോയ്ക്കു സമര്‍പ്പിക്കുന്നു. അവള്‍ക്കു നല്‍കുക എന്നാല്‍ തീര്‍ച്ചയായും ഈശോയ്ക്കു നല്‍കുന്നത് തന്നെയാണ്. അവളെ നാം വാഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നെങ്കില്‍ ,ഉടനെ അവള്‍ ഈശോയെ വാഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യും. പണ്ട് വിശുദ്ധ എലിസബത്ത് അവളെ പുകഴ്ത്തിയപ്പോള്‍ ചെയ്തത് പോലെ ഇപ്പോള്‍ നാം അവളെ പുകഴ്ത്തുകയും അനുഗ്രഹീത എന്ന് വിളിക്കുകയും ചെയ്യുമ്പോള്‍ അവള്‍ ഏറ്റു പാടും. ‘ എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു”എന്ന്.

4. ഏറ്റവും വലിയ പരിശുദ്ധനും രാജാക്കന്മാരില്‍ രാജാവുമായ ഈശോയ്ക്കു നമ്മുടെ സത് കൃത്യങ്ങള്‍ ഏറ്റവും എളിയവനും നിസാരനുമായ സമ്മാനവുമത്രേ. പക്ഷെ അവ സ്വീകരിക്കാന്‍ മറിയം അവിടത്തെ പ്രേരിപ്പിക്കും. സ്വാര്‍ത്ഥമതികളായ യഹൂദരുടെ ബലികളെ ഒരിക്കല്‍ ദൈവം തിര്‌സക്കരിച്ചു. അത് പോലെ നമ്മുടെ യോഗ്യതകളിലും ഒരുക്കങ്ങളിലും ആശ്രയിച്ചു കൊണ്ട് നാം സമര്‍പ്പിക്കുമ്പോള്‍ ഈശോ അതിനെ പരിശോധിക്കുകയും സ്വാര്‍ത്ഥ സ്‌നേഹമാകുന്ന മാലിന്യം മൂലം അയോഗ്യനായി കരുതി നിരാകരിക്കുകയും ചെയ്യുന്നു. പക്ഷെ അവിടത്തെ സ്‌നേഹ നിധിയായ മാതാവിന്റെ വിശുദ്ധവും പരി പാവനവുമായ കരങ്ങള്‍ വഴി നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോള്‍ അവിടത്തെ ദൗര്‍ബല്യത്തെ പ്രയോജനപ്പെടുത്തി കൊണ്ട് ഇങ്ങനെ പറയാമെങ്കില്‍ നാം അവിടത്തെ വശീകരിക്കുയാണ് ചെയ്യുന്നത്. സമ്മാനത്തെ എന്നതിനേക്കാള്‍ ,അത് സമര്‍പ്പിക്കുന്ന തന്റെ മാതാവിനെയാണ് അവിടന്ന് പരിഗണിക്കുന്നത്. അവിടന്നു നോക്കുന്നത് അത് എവിടെ നിന്ന് വരുന്നു എന്നതിനേക്കാള്‍ ആര് വഴി വരുന്നുവെന്നാണ്. അവിടന്ന് അവളെ ഇപ്പോഴും ഹൃദയപൂര്‍വ്വം സ്വീകരിക്കും. തിര്‌സകൃതയാകുന്ന പ്രശ്‌നം അവള്‍ക്കില്ല. തന്മൂലം വലുതോ ചെറുതോ ആയ എന്തുമാകട്ടെ അവള്‍ അവിടത്തേക്ക് സ്വീകാര്യമാക്കി മാറ്റും. മറിയം എന്തെങ്കിലും കാഴ്ച നല്‍കിയാല്‍ ഈശോ അത് സന്തോഷത്തോടെ സ്വീകരിക്കും.

5. നാം മുന്‍പ് കണ്ടത് പോലെ ചെറിയവരും വലിയവരും തമ്മിലുള്ള സമീപന രീതി പ്രകൃതി തന്നെ പഠിപ്പിക്കുന്നില്ലേ? ദൈവത്തോടും അത് പോലെ തന്നെ വര്‍ത്തിക്കുവാന്‍ കൃപാവരം എന്ത് കൊണ്ട് കൊണ്ട് നമ്മെ പ്രേരിപ്പിച്ചു കൂടാ? ദൈവം നമ്മെക്കാള്‍ അനന്തമാം വിധം ഉന്നതന്‍: അവിടത്തെ തിരുമുന്‍പില്‍ എത്ര ചെറുതാണ് നാം. എന്നാല്‍ നമ്മുടെ മദ്ധ്യസ്ഥ ഒരിക്കലും നിരാകരിക്കപ്പെടാത്തവളും. ദൈവത്തിന്റെ ഹൃദയം കവരാന്‍ ആവശ്യമായ എല്ലാ രഹസ്യ വഴികളും മനസിലാക്കാന്‍ മാത്രം സാമര്‍ത്ഥ്യം അവള്‍ക്കുണ്ട്. ഏറ്റവും നിസ്സാരനെയും ഏറ്റവും വലിയ നീചനെ പോലും തള്ളി കളയാത്ത സ്‌നേഹ സമ്പന്നയും ദയാലുവും ആണവള്‍. പിന്നെ എന്തുകൊണ്ട് അവള്‍ വഴി നമുക്ക് ദൈവത്തെ സമീപിച്ചു കൂടാ?

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles