ക്രിസ്തുവിന്റെ പക്കല്‍ പരി. മറിയം നമ്മുടെ മധ്യസ്ഥ

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി 23

മധ്യസ്ഥന്‍ വഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതല്‍ ശ്രേഷ്ടമാണ്. കാരണം, അത് കൂടുതല്‍ വിനയപൂര്‍ണ്ണമാണല്ലോ. മനുഷ്യപ്രകൃതി പാപപങ്കിലമാകയാല്‍ ദൈവത്തെ സമീപിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും നാം നമ്മുടെ പ്രവൃത്തികളെയും പ്രയത്‌നങ്ങളെയും ഒരുക്കങ്ങളെയും മാത്രം ആശ്രയിച്ചാല്‍ ദൈവതിരുമുമ്പില്‍ നമ്മുടെ സത്പ്രവൃത്തികള്‍ തീര്‍ച്ചയായും ദുഷിച്ചതും വിലയില്ലാത്തതുമായിരിക്കും. തന്നിമിത്തം നമ്മെ ശ്രവിക്കുന്നതിനും നമ്മോട് ഐക്യപ്പെടുന്നതിനും ദൈവത്തെ പ്രേരിപ്പിക്കുവാന്‍ അവയ്ക്കു കഴിയുകയില്ല. മഹത്വപൂര്‍ണ്ണനായ ദൈവം നമുക്ക് മധ്യസ്ഥന്മാരെ തന്നിരിക്കുന്നത് അകാരണമായല്ല. നമ്മുടെ അയോഗ്യതകളും അശക്തിയും കാണുന്ന ദൈവം നമ്മോടു കരുണ കാണിക്കുന്നു. തന്റെ കാരുണ്യത്തിലേക്കു നമ്മെ എത്തിക്കുവാന്‍ തന്റെ മഹത്വത്തിന്റെ മുമ്പില്‍ ശക്തിയേറിയ മധ്യസ്ഥന്മാരെ അവിടുന്ന് നമുക്ക് നല്‍കി. ആകയാല്‍ അത്യുന്നതനും പരിശുദ്ധനുമായ ദൈവത്തെ യാതൊരു ശുപാര്‍ശകരെയും കൂടാതെ നേരിട്ടു നാം സമീപിക്കുന്നുവെങ്കില്‍ അത് ദൈവസന്നിധിയില്‍ നമുക്ക് ആദരവും എളിമയും ഇല്ലെന്നു തെളിയിക്കുകയാണു ചെയ്യുന്നത്. ഒരു രാജാവിനെയോ ചക്രവര്‍ത്തിയേയോ സന്ദര്‍ശിക്കുന്നതിനുമുമ്പു നമുക്ക് വേണ്ടി മാധ്യസ്ഥം പറയുവാന്‍ ആരെയെങ്കിലും നാം അന്വേഷിക്കുന്നു. എങ്കില്‍, രാജാധിരാജനായ ദൈവത്തെ നേരിട്ടു സമീപിക്കുവാന്‍ തുനിയുന്നത് അവിടുത്തോടു നമുക്ക് വളരെക്കുറച്ചു ബഹുമാനം മാത്രമേയുള്ളു എന്ന് തെളിയിക്കുകയല്ലേ ചെയ്യുന്നത്.
ക്രിസ്തുനാഥനാണ് പരിത്രാണകര്‍മ്മത്തില്‍ പിതാവായ ദൈവത്തിന്റെ പക്കല്‍ നമ്മുടെ അഭിഭാഷകനും മധ്യസ്ഥനും. സമരസഭയോടും വിജയസഭയോടുംകൂടി ക്രിസ്തു വഴിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടതും ദൈവസിംഹാസനത്തെ സമീപിക്കേണ്ടതും. ഇസഹാക്കിന്റെ പക്കല്‍ ആശിസ്സു സ്വീകരിക്കുവാന്‍ കുഞ്ഞാടിന്റെ തോല്‍ ധരിച്ചു യാക്കോബ് ചെന്നതുപോലെ ദൈവപിതാവിന്റെ പക്കല്‍ അവിടുത്തെ പുത്രന്റെ യോഗ്യതകള്‍ ധരിച്ചും അവയുടെ സഹായത്തില്‍ ആശ്രയിച്ചും വേണം നാം ചെല്ലുവാന്‍.

എന്നാല്‍, ഈ മധ്യസ്ഥന്റെ പക്കല്‍ മറ്റൊരു മധ്യസ്ഥനെ നമുക്ക് ആവശ്യമില്ലേ? അവിടുത്തോടു നേരിട്ടു ഐക്യപ്പെടുവാന്‍ മാത്രം നിര്‍മ്മലരാണോ നാം? അവിടുന്നു പിതാവിനു സമനായ ദൈവമല്ലേ? പിതാവിനെപ്പോലെ ബഹുമാനര്‍ഹനല്ലേ? ദൈവകോപം ശമിപ്പിക്കുവാനും നമ്മുടെ കടം വീട്ടുവാനും വേണ്ടി നമ്മുടെ മധ്യസ്ഥനും ജാമ്യക്കാരനും ആകുന്നതിനു തന്റെ അനന്തസ്‌നേഹം അവിടുത്തെ പ്രചോദിപ്പിച്ചു. പക്ഷേ, അക്കാരണത്താല്‍ നാം അവിടുത്തെ മഹത്വത്തിന്റെയും വിശുദ്ധിയുടെയും മുമ്പില്‍ ആദരവും ദൈവഭയമില്ലാത്തവരുമായി പെരുമാറുകയെന്നോ?

ആകയാല്‍, മനമുക്കും വിശുദ്ധ ബര്‍ണ്ണാര്‍ദിനോടുകൂടി പറയാം, നമ്മുടെ മധ്യസ്ഥന്റെ പക്കല്‍ നമുക്കു വേറൊരു മധ്യസ്ഥന്‍ ആവശ്യമാണെന്ന്. ഈ ദൗത്യത്തിന് അര്‍ഹയായി മറിയം മാത്രമേയുള്ളു. അവള്‍ വഴിയാണ് ക്രിസ്തു നമ്മുടെ പക്കല്‍ വന്നത്. അവള്‍ വഴി തന്നെ വേണം നാം അവിടുത്തെ സമീപിക്കുവാനും. ദൈവമായ ക്രിസ്തുവിനെ നേരിട്ടു സമീപിക്കുവാന്‍ നാം ഭയപ്പെടുന്നെങ്കില്‍ അവിടുത്തെ അനന്തമഹത്വമോ നമ്മുടെ ഹീനാവസ്ഥയോ പാപമോ എന്തുമായിക്കൊള്ളട്ടെ നമ്മെ തടസപ്പെടുത്തുന്നത് നമ്മുടെ മാതാവായ മറിയത്തെ സമീപിച്ച് അവളുടെ മാധ്യസ്ഥവും സഹായവും അപേക്ഷിക്കാം. അവള്‍ നല്ലവളാണ്, കരുണാര്‍ദ്രയാണ്, കാര്‍ക്കശ്യമോ വിലക്കുകളോ അനന്തമായ ഔന്നിത്യമോ പ്രതാപമോ അവളിലില്ല. നമ്മുടേതുപോലുള്ള മനുഷ്യപ്രകൃതിയാണ് അവളില്‍ നാം കാണുന്നത്. നമുക്കു സര്‍വ്വ സ്വാതന്ത്ര്യത്തോടെ അവളുടെ പക്കല്‍ അണയാം. ബലഹീനരായ നമ്മെ തന്റെ ഉജ്ജ്വല പ്രകാശത്താല്‍ അന്ധരാക്കുന്ന സൂര്യനല്ല അവള്‍. ചന്ദ്രനേപ്പോലെ മഞ്ജുളയും മൃദലയുമാണവള്‍. മധ്യാഹ്നസൂര്യന്റെ ഉഗ്രപ്രകാശത്തെ സ്വീകരിച്ച് അതിനെ നമ്മുടെ പരിമിതമായ ശക്തിനുരൂപമാക്കി നല്‍കുക, അതാണു മറിയം ചെയ്യുന്നത്. തന്നില്‍ ആശ്രയിക്കുന്ന ആരെയും – അവര്‍ മഹാപാപികള്‍ തന്നെ ആയിരുന്നാലും സ്‌നേഹനിര്‍ഭരയായ ആ മാതാവു തിരസ്‌കരിക്കില്ല. ലോകം ലോകമായകാലം മുതലേ പരിശുദ്ധ കന്യകയോട് കോണ്‍ഫിഡന്‍സോടുകൂടി നിരന്തരം സഹായം യാചിച്ചിട്ടുള്ള ആരെയും അവള്‍ തള്ളിക്കളഞ്ഞിട്ടില്ല. അവളുടെ യാചനകള്‍ ഒന്നും ദൈവം നിരസിക്കുന്നില്ല. കാരണം അവള്‍ക്ക് അവിടുത്തേ പക്കലുള്ള സ്വാധീനശക്തി അത്രക്ക് വലുതാണ്. മറിയം അപേക്ഷയുമായി തന്റെ ദിവ്യസുതന്റെ സന്നിധിയില്‍ പ്രവേശിച്ചാല്‍ മാത്രം മതി, അവിടുന്ന് അവളുടെ അഭ്യര്‍ത്ഥന സാധിച്ചുകൊടുക്കുവാന്‍. തന്നെ ഉദരത്തില്‍ വഹിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്ത പ്രിയ മാതാവിന്‍രെ പ്രാര്‍ത്ഥന അവിടുത്തെ സ്‌നേഹപൂര്‍വം കീഴ്‌പ്പെടുത്തുന്നു.

മേല്‍പറഞ്ഞവയെല്ലാം വിശുദ്ധ ബര്‍ണാര്‍ദിന്റെയും വിശുദ്ധ ബൊനവഞ്ചറിന്റെയും ഗ്രന്ഥങ്ങളില്‍നിന്നും സ്വീകരിച്ചിട്ടുള്ളവയാണ്. അവരുടെ അഭിപ്രായത്തില്‍ ദൈവത്തെ സമീപിക്കുന്നതിനു നാം മൂന്നു പടികള്‍ കയറണം. ആദ്യത്തേത് നമുക്ക് ഏറ്റവും സമീപസ്ഥവും നമ്മുടെ കഴിവുകള്‍ക്ക് അനുരൂപവുമാണ്. അതു മറിയമത്രേ. രണ്ടാമത്തേത് ക്രിസ്തുവും, മൂന്നാമത്തേതു പിതാവായ ദൈവവും. ക്രിസ്തുവിന്റെ പക്കല്‍ ചെന്നുചേരുവാന്‍ നാം മറിയത്തെ ആശ്രയിക്കണം. അവളാണ് നമ്മുടെ പ്രാര്‍ത്ഥനകളുമായി ക്രിസ്തുസമക്ഷം മാധ്യസ്ഥം വഹിക്കുന്നത്. പിതാവിലെത്തുവാന്‍ നാം ക്രിസ്തുവിനെ സമീപിക്കണം. അവിടുന്നാണു നമ്മുടെ പരിത്രാണത്തിനു മധ്യവര്‍ത്തി.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles