ദൈവമാതാവിനെ പ്രകീര്‍ത്തിക്കാത്തവര്‍ യേശുവിന്റെ ശത്രുക്കളാണ്‌

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 17

ചിലര്‍ മരിയഭക്തിയെപ്പറ്റി പ്രസംഗിക്കാറുണ്ട്. എന്നാല്‍, വിശ്വാസികളെ അതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനുമല്ല, അവരെ അതില്‍ സ്ഥിരീകരിക്കാനുമല്ല അവര്‍ അപ്രകാരം ചെയ്യുന്നത്. പ്രത്യുത മരിയഭക്തിയുടെ ‘ദുരുപയോഗങ്ങള്‍’ അവസാനിപ്പിക്കുക, അതാണ് അവര്‍ പ്രസംഗങ്ങള്‍ കൊണ്ടുദ്ദേശിക്കുക. എന്നാല്‍ നാഥാ, അങ്ങയോട് ആര്‍ദ്രമായ സ്‌നേഹമോ ഭക്തിയോ അവര്‍ക്കില്ല. ജപമാലയും ഉത്തരീയവും മറ്റും വൃദ്ധര്‍ക്കും അജ്ഞര്‍ക്കും മാത്രം ചേര്‍ന്നതാണെന്നും നിത്യരക്ഷയ്ക്കാവശ്യമല്ലെന്നും അവര്‍ പ്രസംഗിക്കും. മരിയദാസരില്‍ ആരെങ്കിലും കൊന്ത ജപിക്കുകയോ മറ്റേതെങ്കിലും ഭക്തകൃത്യം അനുഷ്ഠിക്കുകയോ ചെയ്യുന്നതു കണ്ടാല്‍ , അതില്‍നിന്ന് അയാളെ പിന്തിരിപ്പിക്കുവാന്‍ എല്ലാ ശ്രമവും നടത്തും. ജപമാലയ്ക്കു പകരം അനുതാപസങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ അവര്‍ അനുശാസിക്കും. ദൈവമാതൃഭക്തിക്കു പകരം ക്രിസ്തുഭക്തി അവര്‍ ഉപദേശിക്കും.

ഓ സ്‌നേഹനിധിയായ യേശുവേ, ഇവരാണോ അങ്ങേ ചൈതന്യമുള്ളവര്‍? ഇപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ അങ്ങയെ പ്രീതിപ്പെടുത്തുന്നെന്നോ ? അങ്ങേ അപ്രീതിയെ ഭയപ്പെട്ട് അന്ന മാതാവിനെ ബഹുമാനിക്കാത്തത് അങ്ങേക്ക് പ്രീതികരമോ? അങ്ങയുടെ മാതാവിനോടുള്ള ഭക്തി അങ്ങയോടുള്ള ഭക്തിക്കു വിഘാതമാകുമെന്നോ? ഞങ്ങള്‍ മാതാവിനു സമര്‍പ്പിക്കുന്ന ബഹുമാനമെല്ലാം സ്വന്തമായി അവള്‍ സൂക്ഷിക്കുകയാണെന്നോ ? അവള്‍ തന്റെ അനുയായികളുടെ നേതൃത്വം തനിക്കുതന്നെയായി സൂക്ഷിക്കുമോ? മറിയം അങ്ങക്ക് അന്യയോ? മറിയത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ആഗ്രഹം അങ്ങക്ക് അതൃപ്തികരമെന്നോ ? മറിയത്തിനു ഞങ്ങളെത്തന്നെ സമര്‍പ്പിക്കുകയും അവളെ സ്‌നേഹിക്കുകയും ചെയ്താല്‍ അതുവഴി ഞങ്ങള്‍ അങ്ങയുടെ സ്‌നേഹത്തില്‍നിന്നു വേര്‍പെടുമെന്നോ?

പ്രിയ നാഥാ, ഒരു വലിയ ഗണം പണ്ഡിതന്മാര്‍ മരിയഭക്തിയോട് ഇതില്‍ കൂടുതല്‍ നിസ്സംഗരാകാനില്ല, അവര്‍ അങ്ങേ മാതാവിനോടുള്ള ഭക്തിയില്‍നിന്ന് ഇതില്‍ കൂടുതല്‍ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താനുമില്ല . അവരുടെ അഹങ്കാരത്തിന് അവിടുന്നു നല്കുന്ന ശിക്ഷയായി രിക്കുമോ ഇത്! നാഥാ , അവരുടെ അഭിപ്രായങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഞാന്‍ പിന്തുടരാതിരിക്കട്ടെ. അങ്ങയുടെ മാതാവിനോട് അങ്ങേയ്ക്കുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും മതിപ്പിലും കൃതജ്ഞതയിലും എനിക്കു ഓഹരി തന്നാലും. അപ്രകാരം ഞാന്‍ അവളെ കൂടുതല്‍ അനുകരിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് അങ്ങയെ കൂടുതല്‍ സ്‌നേഹിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യട്ടെ.

നാഥാ , ഇതുവരെ അങ്ങേ മാതാവിന്റെ മഹത്ത്വത്തെ വേണ്ടവിധത്തില്‍ ഞാന്‍ പ്രകീര്‍ത്തിച്ചിട്ടില്ലെങ്കില്‍ അവളെ യോഗ്യമാംവിധം പുകഴ്ത്തുവാനുള്ള അനുഗ്രഹം എനിക്കു നല്കിയാലും. അങ്ങേ മാതാവിനെ പ്രകീര്‍ത്തിക്കാത്ത അവളുടെ ശത്രുക്കള്‍ അങ്ങയുടേതുമാണല്ലോ ! ‘ദൈവമാതാവിനെ ദ്രോഹിക്കുന്ന ഒരുവനും ദൈവകാരുണ്യം പ്രാപിക്കുമെന്നു കരുതേണ്ട എന്ന്’വിശുദ്ധാത്മാക്കളോടുകൂടി സധൈര്യം ഉദ്‌ഘോഷിക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles