നരകത്തിന്റെമേല്‍ പരിശുദ്ധ മറിയത്തിനുള്ള അധികാരം

~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~
മരിയഭക്തി – 12

ലൂസിഫര്‍ അഹങ്കാരത്താല്‍ നഷ്ടപ്പെടുത്തിയത് പരിശുദ്ധ മറിയം എളിമകൊണ്ട് കരസ്ഥമാക്കി. ഹവ്വാ അനുസരണക്കേടിനാല്‍ കളഞ്ഞുകുളിച്ചതു പരിശുദ്ധ മറിയം വിധേയത്വംവഴി വീണ്ടെടുത്തു. സര്‍പ്പത്തിനെ അനുസരിച്ച ഹവ്വാ, തന്നെയും, തന്റെ സന്താനപരമ്പരകളെയും നശിപ്പിച്ചു. പരിശുദ്ധ മറിയം ദൈവത്തോടുള്ള തന്റെ പരിപൂര്‍ണ്ണവിശ്വസ്തതയാല്‍ തന്നോടുകൂടി സകലദാസരെയും മോചിപ്പിച്ച് ദൈവത്തിനു സമര്‍പ്പിച്ചു.ദൈവം ഒരു ശത്രുത മാത്രമല്ല പല ശത്രുതകളും ഉണ്ടാക്കി.

പരിശുദ്ധ മറിയവും ദുഷ്ടാരൂപിയുമായി മാത്രമല്ല അവളുടെ സന്താനങ്ങളും അവന്റെ അനുയായികളും തമ്മിലും അവിടുന്നു ശത്രുതയും നിഗൂഢമായ വിദ്വേഷവും സൃഷ്ടിച്ചു. ഈ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്‌നേഹമില്ല, അനുഭാവമില്ല. ബെലിയാലിന്റെ മക്കളും പിശാചിന്റെ ദാസരും ലോകസ്‌നേഹികളും, പരിശുദ്ധ കന്യകയുടെ ദാസരെ എന്നെന്നും നിരന്തരം മര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അഭൂതപൂര്‍വ്വമായ ക്രൂരതയോടെ അവര്‍ തങ്ങളുടെ മര്‍ദ്ദനങ്ങളെ ഇനി ശക്തിപ്പെടുത്തുകയും ചെയ്യും.

ആബേലും യാക്കോബും തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടു പ്രതിരൂപങ്ങളാണ്. അവര്‍ക്കെതിരായി മര്‍ദ്ദന പരിപാടികളുമായി കായേനും ഏസാവും പ്രത്യക്ഷപ്പെട്ടു. അതുപോലെ പിശാച് പരിശുദ്ധ കന്യകയുടെ ദാസരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, വിനീതയായ പരിശുദ്ധ മറിയം അഹങ്കാരിയായ സര്‍പ്പത്തിന്മേല്‍ വിജയം വരിക്കുകതന്നെ ചെയ്യും. അവന്റെ അഹങ്കാരത്തിന്റെ ആസ്ഥാനമായ ശിരസ്സിനെ അവള്‍ തകര്‍ത്തു തരിപ്പണമാക്കി വിജയം ചൂടും. അവള്‍ അവന്റെ കുടിലതയെ പരസ്യമാക്കും, നാരകീയ ദുരാലോചനകളുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തും; പൈശാചിക ഉപദേശങ്ങളെ നിഷ്പ്രയോജനമാക്കും. അങ്ങനെ, തന്റെ വിശ്വസ്തദാസരെ അവന്റെ കരാളദംഷ്ട്രങ്ങളില്‍ നിന്ന് എന്നെന്നും അവള്‍ കാത്തുരക്ഷിക്കും.

നരകത്തിന്റെമേല്‍ പരിശുദ്ധ മറിയത്തിനുള്ള അധികാരം അന്ത്യകാലങ്ങളില്‍ പൂര്‍വ്വാധികം പ്രശോഭിക്കും. അപ്പോള്‍ പിശാച്, അവളുടെ കുതികാലിനെതിരെ കെണിയൊരുക്കും. അവനോടു യുദ്ധം ചെയ്യുവാന്‍ പരിശുദ്ധ മറിയം പ്രാപ്തരാക്കിയ തന്റെ വിനീത അടിമകള്‍ക്കും മക്കള്‍ക്കും എതിരായി കെണിയൊരുക്കും എന്നു സാരം. ലോകദൃഷ്ടിയില്‍ അവര്‍ പാവങ്ങളും നിസ്സാരരുമായിരിക്കും. കുതികാലിനെ മനുഷ്യശരീരത്തിലെ മറ്റ് അവയവങ്ങള്‍ കീഴിലാക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നതുപോലെ ഏറ്റവും എളിയ അവസ്ഥയിലായിരിക്കും അവര്‍. എന്നാല്‍, ഒരു കാര്യത്തില്‍ അവര്‍ എന്നെന്നും സമ്പന്നരായിരിക്കും-കൃപാവരത്തില്‍. അത് അളവറ്റ തോതില്‍ പരിശുദ്ധ മറിയം അവരില്‍ നിക്ഷേപിക്കും. തങ്ങളുടെ വിശുദ്ധിയാല്‍ അവര്‍ ദൈവതിരുമുമ്പില്‍ സമ്പന്നരും ഉത്കൃഷ്ടരുമായിരിക്കും. സജീവ തീക്ഷ്ണതയാല്‍ സകല സൃഷ്ടികളിലും വച്ച് അവര്‍ സമുന്നതരായിരിക്കും. ദൈവസഹായം അവരെ ശക്തരാക്കും. അവര്‍ പരിശുദ്ധ മറിയത്തോടൊത്ത് വിനയമാകുന്ന കുതികാലുകൊണ്ടു പിശാചിന്റെ തല തകര്‍ക്കുകയും, യേശുവിനെ വിജയശ്രീലാളിതനാക്കാന്‍ ഇടയാക്കുകയും ചെയ്യും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles