ഉത്തമ മരിയഭക്തിയുടെ സ്വഭാവം

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി 33

യേശുക്രിസ്തുവിന്റെ ഹിതാനുവര്‍ത്തികളായി അവിടുത്തോട് ഐക്യപ്പെട്ടും അവിടുത്തേക്കു സമര്‍പ്പിക്കപ്പെട്ടും ജീവിക്കുന്നതിലാണല്ലോ ക്രിസ്തീയ പരിപൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്. ആകയാല്‍ ഏറ്റവും പൂര്‍ണ്ണമായ വിധം നമ്മെ ക്രിസ്തുഹിതാനുവര്‍ത്തികള്‍ ആക്കുകയും അവിടുത്തേക്കു സമര്‍പ്പിക്കപ്പെട്ടവരാക്കുകയും ചെയ്യുന്ന ഭക്തകൃത്യമാണ് ഏറ്റവും പൂര്‍ണ്ണമായത്. എല്ലാ സൃഷ്ടികളിലും വച്ച് ക്രിസ്തുവിന് ഏറ്റവും കൂടുതല്‍ വിധേയമായത് അവിടുത്തേ പരിശുദ്ധമാതാവായ മറിയമാണ്. അതിനാല്‍ കന്യാമറിയത്തോടുള്ള ഭക്തിയാണ് എല്ലാ ഭക്തികളിലും വച്ച് ഏറ്റവും കൂടുതല്‍ നമ്മെ ക്രിസ്തുനാഥനോടു വിധേയത്വം ഉള്ളവരാക്കുവാനും ഐക്യപ്പെടുത്തുവാനും അവിടുത്തേക്കു സമര്‍പ്പിതരാക്കുവാനും പര്യാപ്തമായത്. ആകയാല്‍ ക്രിസ്തുനാഥനു നമ്മെ നാം സമര്‍പ്പിക്കുന്നത് മറിയത്തിനു നമ്മെത്തന്നെ സമര്‍പ്പിക്കുന്നതിന്റെ തോതനുസരിച്ചാണ്.

അതുകൊണ്ട് ക്രിസ്തുവിനു നല്കുന്ന ഏറ്റവും പരിപൂര്‍ണ്ണമായ സമര്‍പ്പണം എന്നു പറയുന്നത് നമ്മെത്തന്നെ പൂര്‍ണ്ണമായി മറിയത്തിനു സമര്‍പ്പിക്കുന്നതുതന്നെയല്ലാതെ മറ്റൊന്നുമല്ല എന്നു വ്യക്തം. ഈ മരിയഭക്തിയാണ് ഞാനിപ്പോള്‍ പഠിപ്പിക്കാന്‍ പോകുന്നത്. അതാകട്ടെ ജ്ഞാനസ്‌നാന വതങ്ങളുടെയും വാഗ്ദാനങ്ങളുടെയും ഏറ്റവും പൂര്‍ണ്ണമായ നവീകരണമല്ലാതെ മറ്റൊന്നല്ലതന്നെ.

ഒന്ന്: പരിപൂര്‍ണ്ണമായി നമ്മ മുഴുവനും പരിശുദ്ധ കന്യകയ്ക്ക് സമര്‍പ്പിക്കുക

മാതാവുവഴി പൂര്‍ണ്ണമായി നാം ക്രിസ്തുവിന്റെ സ്വന്തമാകുവാന്‍ വേണ്ടി നമ്മെത്തന്നെ പൂര്‍ണ്ണമായി മറിയത്തിനു സമര്‍പ്പിക്കുന്നതിലാണ് ഈ ഭക്തകൃത്യം അടങ്ങിയിരിക്കുന്നത്. താഴെപ്പറയുന്നവ നാം അമ്മയ്ക്ക് നല്കണം,

1. ശരീരത്തെ അതിന്റെ അവയവങ്ങളോടും ഇന്ദ്രിയങ്ങളോടും കൂടെ
2. ആത്മാവും അതിന്റെ എല്ലാ ശക്തികളും.
3. നമുക്കിപ്പോഴുള്ളവയും ഭാവിയില്‍ ലഭിക്കാനിരിക്കുന്നതുമായ ബാഹ്യമായ എല്ലാ നന്മകളും സമ്പന്നതകളും
4 നമ്മുടെ പുണ്യങ്ങളും യോഗ്യതകളുമാകുന്ന ആത്മീയവും ആന്തരികവുമായ സമ്പത്തും, കഴിഞ്ഞ കാലങ്ങളില്‍ ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതും ഇനി ചെയ്യുവാന്‍ പോകുന്നതുമായ എല്ലാ സത്പ്രവൃത്തികളും.

ചുരുക്കത്തില്‍ പ്രകൃതിയുടെയും കൃപാവരത്തിന്റെയും തലത്തില്‍ നമ്മുക്കിപ്പോള്‍ സ്വന്തമായുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ പ്രകൃതിയുടെയും കൃപാവരത്തിന്റെയും മഹത്ത്വത്തിന്റെതുമായ എല്ലാം മുഴുവനായി അവള്‍ക്കു നല്കണം. ഒരു ചുവടുവയ്‌പ്പോ , ഒരു മുടിനാരിഴയോ, ഒരു ചില്ലിക്കാശോ വളരെ നിസ്സാരമായ സത്പ്രവരൃത്തിയോ ഒന്നുംതന്നെ മാറ്റിവയ്ക്കാതെയും, അതും നിത്യതവരെയും കൊടുക്കണം. വെറും പ്രകടനമാകരുത് ഇത്. നമ്മുടെ സമര്‍പ്പണത്തിനും ശുശ്രൂഷയ്ക്കും യാതൊരു പ്രതിഫലവും കാംക്ഷിക്കരുത്. മറിയത്തി ലൂടെയും മറിയത്തിലും യേശുവിന്റെ സ്വന്തമാകുന്ന ആ ബഹുമതി മാത്രമേ ആഗ്രഹിക്കാവൂ. മറിയം എപ്പോഴും ഔദാര്യനിധിയും കൃത്ജ്ഞതാനിര്‍ഭരയുമാണെങ്കില്‍ കൂടിയും, അവള്‍ അങ്ങനെയല്ലെന്നുള്ള മട്ടിലായിരിക്കണം നമ്മുടെ വര്‍ത്തനം.

നമ്മുടെ സത്കൃത്യങ്ങള്‍ രണ്ടു ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു – പരിഹാരപരമോ പ്രാര്‍ത്ഥനാപരമോ ആയതും യോഗ്യതാപരവും. പാപത്തിനു അര്‍ഹമായ ശിക്ഷയില്‍നിന്നു മോചനവും കൃപാവരങ്ങളും നേടിത്തരുവാന്‍ പര്യാപ്തമായതാണ് പരിഹാരപരവും പ്രാര്‍ത്ഥനാപരവുമായ ഫലം. സത്ക്യത്യങ്ങള്‍ കൃപാവരത്തിനും നിത്യമഹിമയ്ക്കും നമ്മെ യോഗ്യരാക്കുന്നു എന്നുള്ളതിലാണ് പുണ്യയോഗ്യതാഫലം അടങ്ങിയിരിക്കുന്നത്.

നമ്മെ മറിയത്തിനു സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തികളുടെ പരിഹാരപരവും പ്രാര്‍ത്ഥനാപരവും പുണ്യയോഗ്യതാപരവുമായ എല്ലാ ഫലങ്ങളും അവളെ ഏല്പ്പിക്കുകയാണു നാം ചെയ്യുന്നത്. നമ്മുടെ യോഗ്യതകളും കൃപാവരങ്ങളും സുകൃതങ്ങളും അവളെ നാം ഏല്പ്പിക്കുന്നു. ഇവ മറ്റുള്ളവര്‍ക്ക് കൈമാറുവാനല്ല – എന്തുകൊണ്ടെന്നാല്‍ ഇവ കൈമാറാവുന്നവയല്ല. പരമപിതാവിന്റെ പക്കല്‍ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്ന ക്രിസ്തുനാഥനു മാത്രമേ തന്റെ യോഗ്യതകള്‍ മറ്റുള്ളവരിലേക്കു പകരുവാന്‍ കഴിയൂ. എന്നാല്‍ നാം മറിയത്തിനു അവ നല്കുന്നത് അവള്‍ നമുക്കുവേണ്ടി അവ സൂക്ഷിക്കുവാനും വര്‍ദ്ധിപ്പിക്കുവാനും മനോഹരമാക്കുവാനുമാണ്. എന്നാല്‍ ദൈവത്തിന് കൂടുതല്‍ മഹത്വ ദായകമാം വിധം ഇഷ്ടമുള്ളവര്‍ക്ക് നല്‍കാന്‍ വേണ്ടി നാം നമ്മുടെ പരിഹാരപ്രവൃത്തികള്‍ മറിയത്തിന് സമര്‍പ്പിക്കുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles