വിറകും അഗ്നിയും
മാനസികമായി തകർന്നവനായിരുന്നു ആ യുവാവ്. ഏതാനും വർഷങ്ങൾക്കു ശേഷമാണ് അവനെ ഞാൻ കാണുന്നത്.
ഇത്രമാത്രം മനോവ്യഥ അനുഭവിക്കാനുള്ള കാരണം അവൻ വിശദമാക്കി:
”അച്ചനറിയാലോ,
വർഷങ്ങൾക്കു മുമ്പ് ധ്യാനം
കൂടിയതിനു ശേഷം പ്രാർത്ഥനയും
വചന വായനയും കുർബാനയുമെല്ലാം മുടക്കമില്ലാതെ നടത്തിയിരുന്നു.
ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ തീക്ഷ്ണതയിൽ മങ്ങലേറ്റു.
ഒരു തെറ്റായ ബന്ധത്തിൽ
വീണ്ടും അകപ്പെടാൻ ഇടവന്നു. പ്രാർത്ഥനയുടെയും വചന വായനയുടെയും സമയമെല്ലാം മൊബൈൽ ഫോൺ അപഹരിച്ചു. രാത്രിയിൽ ഏറെ നേരമുള്ള ഫോൺ വിളികൾ എൻ്റെ നിദ്ര അപഹരിച്ചു. തന്മൂലം നേരത്തെ എഴുന്നേൽക്കാനോ കുർബാനയ്ക്ക് പോകാനോ കഴിയാതെയായി.
കുമ്പസാരം വരെ ഏറെ നീണ്ടുപോയി. കുറ്റബോധത്താൽ എൻ്റെ മനസ്സ്
വല്ലാതെ ഭാരപ്പെടുന്നു…..”
ആ യുവാവുമായി സംസാരിച്ചു.
തിരിച്ചുവരവ് സാധ്യമാണെന്ന് ഓർമപ്പെടുത്തി. മനസുതുറന്ന് കുമ്പസാരിച്ച് വലിയ സന്തോഷത്തോടെയാണ് അവൻ മടങ്ങിയത്.
ചിലപ്പോഴെല്ലാം പ്രാർത്ഥന, വചനവായന എന്നിവയിലുള്ള തീക്ഷ്ണതക്കുറവ്
നമ്മിലും ഇതുപോലെ വന്നുചേരുന്നില്ലേ?
ഒരിക്കൽ ഉപേക്ഷിച്ച തിന്മകളിലേക്ക്
നമ്മളും നടന്നടുക്കാറില്ലെ?
ഇവിടെയാണ് ക്രിസ്തുവിൻ്റെ വാക്കുകൾ പാഠമാകേണ്ടത്:
“നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍;
ഞാന്‍ നിങ്ങളിലും വസിക്കും.
മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല”
(യോഹന്നാന്‍ 15 : 4).
ക്രിസ്തുവുമായുള്ള സഹവാസം കുറയുമ്പോഴാണ് നമ്മൾ
ഫലം ചൂടാത്തത്.
അടുപ്പിലെ കനലിനോട് ചേർന്നിരിക്കുന്ന വിറകിനെ തീ പിടിക്കൂ….. അല്ലാത്തത്…. വിറകായി അവശേഷിക്കും.
തീരുമാനിക്കുക;
വിറകാകണോ അഗ്നിയാകണോ?
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.