തന്റെ നാമഹേതുകത്തിരുനാളിന് സമ്മാനമായി പാപ്പാ വെന്റിലേറ്ററുകള്‍ നല്‍കി
വത്തിക്കാന്‍ സിറ്റി: തന്റെ നാമഹേതുക തിരുനാളായ വി. ജോര്‍ജിന്റെ തിരുനാള്‍ ദിവമായ ഏപ്രില്‍ 24 ാം തീയതി ഫ്രാന്‍സിസ് പാപ്പാ കൊറോണാ ബാധയാല്‍ വലയുന്ന രാജ്യങ്ങള്‍ക്ക് വെന്റിലേറ്ററുകളും മറ്റു ചികിത്സാ ഉപകരണങ്ങളും സമ്മാനിച്ചു. ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ ശരിയായ പേര്.
കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെ ആയതിനാല്‍ വെന്റിലേറ്ററുകളാണ് ലോകത്ത് ഏറ്റവും അത്യാവശ്യമായിരിക്കുന്നത്.
അഞ്ചു വെന്റിലേറ്ററുകള്‍ റൊമേനിയയിലെ സുചിയേവയിലെ ആശുപത്രിയിലേക്കും രണ്ടു വെന്റിലേറ്ററുകള്‍ തെക്കന്‍ ഇറ്റലിയിലെ ഒരു ആശുപത്രിയിലേക്കും മൂന്നെണ്ണം സ്‌പെയിനിലെ മാഡ്രിഡിലേക്കുമാണ് അയച്ചത്.
കഴിഞ്ഞ മാസം 30 വെന്റിലേറ്ററുകള്‍ വിതരണം ചെയ്യാന്‍ മാര്‍പാപ്പാ ഓഫീസ് ഓഫ് പേപ്പല്‍ ചാരിറ്റീസിനെ ഏല്‍പ്പിച്ചിരുന്നു. പാപ്പായുടെ ഈ പ്രവര്‍ത്തി മനോഹരമായ ഒരു അടയാളമാണെന്നും ലോകത്തിനുള്ള പാപ്പായുടെ ആശ്ലേഷമാണെന്നും കര്‍ദിനാള്‍ കോണ്‍റാഡ് ക്രജേവസ്സ്‌കി പറഞ്ഞു.