വത്തിക്കാന്‍ മ്യൂസിയത്തിന്റെ കാവല്‍ക്കാരനെ കുറിച്ചറിയാമോ?
നിശബ്ദത തളംകെട്ടിയ ഇടനാഴികളിലൂടെ, സൂര്യന്റെ വെളിച്ചം ചെന്നെത്താത്ത ഉള്ളറകളിലൂടെ പുലര്‍ച്ചെ അതിവേഗം നടന്നുനീങ്ങുകയാണ് നാല്പത്തിനാലുകാരനായ ആ ഇറ്റലിക്കാരന്‍. ഞൊടിയിടയില്‍ വിരലമര്‍ത്തുന്ന ഒരു ശബ്ദം. മുന്നില്‍ തെളിയുന്നത് റിനൈസന്‍സ് ചിത്രരചനകളും, അമൂല്യമായ ചിത്രക്കമ്പളങ്ങളുമടങ്ങിയ ചുവരുകള്‍. ഒരിക്കല്‍ ഈജിപ്ഷ്യന്‍ ഫറവോമാരുടെയും, റോമന്‍ ചക്രവര്‍ത്തിമാരുടെയും സ്വന്തമായിരുന്ന പല അമൂല്യശേഖരങ്ങളും അനാവരണം ചെയ്യുന്ന കട്ടികൂടിയ മരത്താലും, ഇരുമ്പിനാലും നിര്‍മ്മിതമായ അനേകം വാതായനങ്ങള്‍ അദ്ദേഹത്തിന്റെ വരവിനായി കാത്തുനില്‍ക്കുന്നു. ഗാംഭീര്യം മുറ്റിനില്‍ക്കുന്ന ഈ കമനീയ ശേഖരങ്ങളുടെ കാവല്‍ക്കാരനാണ് ജിയാനി ക്രിയ എന്ന വത്തിക്കാന്‍ മ്യൂസിയത്തിലെ പ്രധാന താക്കോല്‍സൂക്ഷിപ്പുകാരന്‍.
വത്തിക്കാന്‍ നഗരാതിര്‍ത്തിക്കുള്ളില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു വത്തിക്കാന്‍ മ്യൂസിയം. ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പ പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥാപിച്ച വത്തിക്കാന്‍ മ്യൂസിയം ഇന്ന് അതിവേഗം വളര്‍ന്ന് ഏറ്റവും ശ്രേഷ്ഠമായ ശില്പകലകളുടെയും, ചിത്രകലകളുടെയും അമൂല്യ ശേഖരമായി മാറി. പ്രതിവര്‍ഷം ആറ് ദശലക്ഷം സന്ദര്‍ശകര്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നു എന്നാണ് കണക്ക്. അന്‍പത്തിനാല് ഗാലറികള്‍, സിസ്‌റ്റൈന്‍ ദേവാലയം, പൂന്തോട്ടങ്ങള്‍, വിവിധ മുറികള്‍, പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റസ്, പാപ്പമാരുടെ ചിത്രകലാശേഖരങ്ങളടങ്ങിയ പിനാകോട്ടിക്കൊ, ബ്രമാന്റെ പടവുകള്‍, എന്നിവയെല്ലാം ഈ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
വത്തിക്കാന്‍ മ്യൂസിയത്തിന്റെ അടിഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന ബങ്കറില്‍ നിന്നും താക്കോല്‍വളയം എടുത്തുകൊണ്ട് പുലര്‍ച്ചെ കൃത്യം അഞ്ചരമണിക്ക് ജിയാനി തന്റെ ജോലി ആരംഭിക്കുകയായി. രണ്ടായിരത്തിഎഴുന്നൂറ്റിതൊണ്ണൂറ്റിയേഴ് താക്കോലുകളുടെ ചുമതലയുള്ള ജിയാനിയുടെ കീഴില്‍ ഒന്‍പത് താക്കോല്‍സൂക്ഷിപ്പുകാരുണ്ട്. മ്യൂസിയം തുറക്കാനും അടക്കാനും മാത്രം മുന്നൂറുതാക്കോലുകളുണ്ട്. താക്കോല്‍വളയത്തിലെ ഓരോ താക്കോലും ക്രീയയ്ക്ക് ഹൃദ്ദിസ്ഥമാണ്. ഏറ്റവും പ്രധാനപ്പെട്ട താക്കോല്‍ സിസ്‌റ്റൈന്‍ ചാപ്പലിന്റേതാണ്. മറ്റു താക്കോലുകളില്‍ നിന്നും വിഭിന്നമായി ഒരു വെളുത്ത എന്‍വലിപ്പിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. പാപ്പല്‍ ഇലക്ഷന്റെ അവസരത്തില്‍ കാര്‍ഡിനലുകള്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തുന്നത് ഈ ചാപ്പലില്‍ വച്ചാണ്. ലോകപ്രശസ്തമാണ് സിസ്റ്റൈന്‍ ചാപ്പലിന്റെ മുകള്‍വശം. ഈര്‍പ്പമുളള ചുവരില്‍ വരയ്ക്കുന്ന ചിത്രങ്ങളാണ് ഫ്രസ്‌കോസ് എന്നറിയപ്പെടുന്നത്. സൃഷ്ടിയെക്കുറിച്ചും, അന്ത്യവിധിയെക്കുറിച്ചുമുളള ഫ്രസ്‌കോസുകളാല്‍ സമ്പന്നമാണ് പ്രസ്തുത ചാപ്പലിന്റെ മുകള്‍ത്തട്ട്. അപ്പസ്‌തോലിക് കൊട്ടാരത്തിലെ ഏറ്റവും പുരാതനഭാഗത്തെ േവാലയമാണ് നിക്കോലൈന്‍ ചാപ്പല്‍. ചിത്രകാരനായ ആഞ്ചലിക്കോയുടേയും സഹായികളുടേയും ചിത്രരചനകളുടെ അമൂല്യകലവറയാണിത്. വി. സ്റ്റീഫന്‍ന്റെയും, വി. ലോറന്‍സിന്റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ അപ്പാടെ പകര്‍ത്തിയിരിക്കുകയാണ് ഫ്രസ്‌കോകളിലൂടെ. നിക്കോളാസ് അഞ്ചാമന്‍ തന്റെ പ്രൈവറ്റ് ചാപ്പലായി ഉപയോഗിച്ചിരുന്ന നിക്കോലൈന്‍ ചാപ്പലില്‍ സാധാരണ സന്ദര്‍ശകരെ അനുവദിക്കാറില്ല. ഓരോ നൂറ്റാണ്ടിന്റെയും സംസ്‌കാരം പേറുന്ന മ്യൂസിയത്തിലെ റൂമുകളില്‍ പ്രവേശിച്ചാല്‍ ഒരു നിമിഷം നാം നമ്മെ തന്നെ വിസ്മരിച്ചുപോകും.
പോപ്പ് ജൂലിയസ് രണ്ടാമന്റെ പ്രൈവറ്റ് അപ്പാര്‍ട്ട്‌മെന്റ് ആയിരുന്ന റാഫേല്‍ റൂമ്‌സില്‍, ”സ്‌ക്കൂള്‍ ഓഫ് ഏഥന്‍സ്” എന്ന റാഫേലിന്റെ വിഖ്യാത കലാസൃഷ്ടി ഒരുക്കിയിരിക്കുന്നു. 1973ല്‍ സ്ഥാപിതമായതാണ് വത്തിക്കാന്‍ ഹിസ്റ്ററിക്കല്‍ മ്യൂസിയം. 16-ാം നൂറ്റാണ്ടുമുതലുളള മാര്‍പാപ്പമാരുടെ ചിത്രങ്ങളുടെ അപൂര്‍വ്വശേഖരം, അവരുപയോഗിച്ച വാഹനങ്ങള്‍ ഇവയെല്ലാം നമുക്ക് ഇതില്‍ കാണാനാകും. പുലര്‍ച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന ക്രിയയുടെ യാത്ര അവസാനിക്കുന്നത് ബ്രമാന്റെ സ്റ്റെയര്‍കേസിനടുത്തെത്തുമ്പോഴാണ്. 1505ല്‍ നിര്‍മ്മിതമായ ഈ പടവുകളിലൂടെ കയറിയാല്‍ റോമന്‍ നഗരം മുഴുവന്‍ നമുക്ക് കാണാന്‍ സാധിക്കും. ആദ്യമുണ്ടാക്കിയതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 1932ല്‍ ഗെസിപ്പി മെമൊ നിര്‍മ്മിച്ച പുതിയ ബ്രമാന്റെ സ്റ്റെയര്‍കേസിന്റെ ആകര്‍ഷണം അതിന്റെ ഡബിള്‍ ഹെലിക്‌സ് ഡിസൈനാണ്. സന്ദര്‍ശകര്‍ക്ക് പരസ്പരം മുട്ടാതെ കയറാനും ഇറങ്ങാനും സാധിക്കും എന്നത് ഇതിന്റെ ഒരു വലിയ സവിശേഷതയാണ്.
ലോകത്തിലെ അമൂല്യകലാസമ്പത്ത് മറ്റുളളവര്‍ക്ക് ദൃശ്യവേദ്യമാക്കുക എന്ന അതിവിശിഷ്ടവും, അസാധാരണവുമായ കര്‍മ്മം നിര്‍വ്വഹിക്കുന്ന ജിയാനി സ്വര്‍ഗ്ഗകവാടത്തിലെ താക്കോല്‍സൂക്ഷിപ്പുകാരന്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ്. അതിരില്ലാത്ത ഈ പൈതൃകത്തിന സാക്ഷികളാകുവാന്‍ ഏവരേയും ക്രീയ ക്ഷണിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.