രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 9

11) പൊതുപൗരോഹിത്യ നിര്‍വഹണം കൂദാശകളിലൂടെ

ഈ വൈദിക സമൂഹത്തിന്റെ വിശുദ്ധവും സുസംഘടിത സംവിധാനത്തോടുകൂടിയതുമായ സ്വഭാവം കൂദാശകള്‍ വഴിയും പ്രായോഗികമാക്കപ്പെടുന്നു. മാമ്മോദീസാ വഴി സഭയിലെ അംഗത്വം സ്വീകരിക്കുന്ന വിശ്വാസികള്‍ സ്വഭാവത്താലേ ക്രിസ്തുമതാനുഷ്ഠാനത്തിനു ചുമതലപ്പെടുത്തപ്പെടുന്നു. ദൈവത്തിന്റെ മക്കളായി പുനര്‍ജനിച്ച്, തിരുസഭവഴിയായി ദൈവത്തില്‍നിന്നും സ്വീകരിച്ച വിശ്വാസം മനുഷ്യരുടെ മുമ്പില്‍ ഏറ്റുപറയുന്നതിന് അവര്‍ കടപ്പെട്ടിരിക്കുന്നു. സ്ഥൈര്യലേപനകൂദാശ വഴി തിരുസഭയോടു കൂടുതല്‍ പൂര്‍ണമായവിധം ബന്ധിക്കപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ പ്രത്യേക ശക്തിയാല്‍ സമ്പന്നരാക്കപ്പെടുന്നു. അങ്ങനെ മിശിഹായുടെ യഥാര്‍ത്ഥ സാക്ഷികളെന്ന നിലയില്‍ വിശ്വാസം വാക്കുകളാലും പ്രവൃത്തിയാലും പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവര്‍ കൂടുതല്‍ കര്‍ശനമായി കടപ്പെട്ടവരാകുന്നു. ക്രിസ്തീയ ജീവിതത്തിന്റെ മുഴുവന്‍ ഉറവിടവും ഉച്ചസ്ഥാനവുമായ പരിശുദ്ധ കുര്‍ബാനയെന്ന ബലിയില്‍ ഭാഗഭാക്കുകളായിക്കൊണ്ട് ദൈവികബലിയാടിനെയും അവനോടൊത്തു തങ്ങളെത്തന്നെയും ദൈവത്തിനു സമര്‍പ്പിക്കുന്നു. അങ്ങനെ അര്‍പ്പണം വഴിയും പരിശുദ്ധമായ ഭാഗഭാഗിത്വം വഴിയും എല്ലാവരും ആരാധനാനുഷ്ഠാനത്തില്‍ ഒരേ രീതിയിലല്ല, ഓരോരുത്തരും അവരവര്‍ക്കു യോജിച്ചരീതിയില്‍ സ്വന്തം ഭാഗം നിര്‍വഹിക്കുന്നു. സര്‍വോപരി ഈ വിശുദ്ധസമ്മേളനത്തില്‍ മിശിഹായുടെ ശരീരത്താല്‍ പോഷിപ്പിക്കപ്പെട്ട അവര്‍, ഈ അതിമനോഹരമായ കൂദാശ അന്വര്‍ത്ഥമായി സൂചിപ്പിക്കുന്നതും അദ്ഭുതകരമായി ഉളവാക്കുന്നതുമായ ദൈവജനത്തിന്റെ ഐക്യം പ്രത്യക്ഷമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

കുമ്പസാരമെന്ന കൂദാശയ്ക്കണയുവാന്‍ ദൈവത്തോടു ചെയ്ത അപരാധങ്ങള്‍ക്ക് അവിടത്തെ കരുണയാല്‍ പാപമോചനം പ്രാപിക്കുകയും അതോടൊപ്പം അവര്‍ പാപംചെയ്തു ദ്രോഹിച്ച സഭയോട് അനുരഞ്ജനപ്പെടുകയും ചെയ്യുന്നു. സഭ അവരുടെ മാനസാന്തരത്തിനുവേണ്ടി സ്‌നേഹത്തോടും സന്മാതൃകയോടും പ്രാര്‍ത്ഥനയോടുംകൂടെ അദ്ധ്വാനിക്കുകയായിരുന്നല്ലോ. വിശുദ്ധരോഗീലേപനം വഴിയും വൈദികരുടെ പ്രാര്‍ത്ഥന വഴിയും തിരുസഭ മുഴുവനും എല്ലാ രോഗികളെയും, സഹിക്കുന്നതിനും മഹത്വീകൃതനുമായ കര്‍ത്താവിനു സമര്‍പ്പിക്കുന്നു. അതുവഴി അവര്‍ക്കു സൗഖ്യവും രക്ഷയും അവിടന്നു വഴി നല്കപ്പെടുന്നതിനായാണത് (യാക്കോ 5:14-16). അതോടൊപ്പം മിശിഹായുടെ സഹനത്തോടും മരണത്തോടും തങ്ങളെത്തന്നെ സ്വമനസ്സാലെ ചേര്‍ത്തുകൊണ്ട് ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടി സഹകരിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്യുന്നു (റോമാ8:17; കൊളോ 1:24; 2 തിമോ 2:11-12; 1 പത്രോ 4:13). വീണ്ടും, വിശ്വാസികളില്‍ വിശുദ്ധ പൗരോഹിത്യത്താല്‍ മുദ്രിതരായവര്‍ വചനം വഴിയും ദൈവകൃപവഴിയും തിരുസഭയെ മേയ്ക്കാന്‍, മിശിഹായുടെ നാമത്തില്‍ നിയമിതരായിരിക്കുന്നു. അവസാനമായി, ക്രിസ്തീയ ദമ്പതികള്‍ വിവാഹമെന്ന കൂദാശയുടെ ശക്തിയാല്‍ മിശിഹായും തിരുസഭയും തമ്മിലുള്ള ഐക്യത്തിന്റെയും ഫലസമൃദ്ധമായ സ്‌നേഹത്തിന്റെയുമായ രഹസ്യത്തിന്റെ അടയാളമായിത്തീരുകയും അതില്‍ പങ്കുചേരുകയും ചെയ്യുന്നു (എഫേ 5:32). അവര്‍ ദാമ്പത്യജീവിതത്തിലും സന്താനങ്ങളുടെ വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയിലും പരസ്പരം സഹായിക്കുന്നു. അതിനാല്‍ അവരുടെ ജീവിതാവസ്ഥയ്ക്കും ദൈവജനത്തിനിടയില്‍ അവരുടെ പ്രത്യേകസ്ഥാനത്തിനും ആവശ്യകമായ ദാനങ്ങളും അവര്‍ക്കുണ്ട് (1 കോറി 7:7). ഈ വിവാഹത്തില്‍നിന്നു കുടുംബം ഉണ്ടാകുന്നു. അവിടെ മനുഷ്യസമൂഹത്തിലെ പുതിയ പൗരന്മാര്‍ ജനിക്കുന്നു. അവര്‍ പരിശുദ്ധാത്മാവിന്റെ കൃപയാല്‍ ദൈവജനത്തിന്റെ തലമുറതോറുമുള്ള നിലനില്പ് ശാശ്വതമാക്കുന്നതിനുവേണ്ടി മാമ്മോദീസാവഴി ദൈവമക്കളാക്കപ്പെടുന്നു. ഗാര്‍ഹിക സഭയെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ മാതാപിതാക്കന്മാര്‍ വാക്കുകളും മാതൃകയും വഴി തങ്ങളുടെ മക്കള്‍ക്ക് പ്രഥമാവിശ്വാസപ്രഘോഷകരാകേണ്ടിയിരിക്കുന്നു. അവരവര്‍ക്കു യോജിച്ച ദൈവവിളിയില്‍, പ്രത്യേകിച്ച് വിശുദ്ധജീവിതാന്തസ്സിലേക്കുള്ള വിളിയില്‍, സവിശേഷ ശ്രദ്ധചൊലുത്തി പ്രോത്സാഹിപ്പിക്കണം.

ഇത്രമാത്രം വിവിധവും ശ്രേയസ്‌കരവുമായ മാര്‍ഗങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ക്രിസ്തീയ വിശ്വാസികളെല്ലാവരും, ഏതു ജീവിത സാഹചര്യത്തിലും ജീവിതാന്തസ്സിലുമുള്ളവരാകട്ടെ, പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്ന അതേ പരിശുദ്ധിയുടെ പൂര്‍ണതയിലേക്ക്, ഓരോ വ്യക്തിക്കും ചേര്‍ന്നവിധത്തില്‍ കര്‍ത്താവാല്‍ വിളിക്കപ്പെട്ടിരിക്കുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles