യാമപ്രാര്‍ത്ഥനകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ടോ?
യാമപ്രാർത്ഥനകൾ – 1/3
ഖണ്ഡിക – 83
യാമപ്രാർത്ഥനകൾ: മിശിഹായുടെയും സഭയുടെയും പ്രവൃത്തി
പുതിയതും സനാതനവുമായ ഉടമ്പടിയുടെ ഉന്നതപുരോഹിതനായ ഈശോമിശിഹാ മനുഷ്യസ്വഭാവം സ്വീകരിച്ചുകൊണ്ട്, സർവയുഗങ്ങളിലും സ്വർഗീയവസതികളിൽ ആലപിക്കപ്പെടുന്ന അതേ സ്തോത്രഗീതം ഈ ഭൗമിക്രപവാസത്തിലും അവതരിപ്പിച്ചു. മനുഷ്യസമൂഹം മുഴുവൻ അവിടന്ന് തന്നോടു സംയേജിപ്പിച്ച്, ഈ ദിവ്യസ്തുതികീർത്തനാലാപത്തിൽ തന്നോട് ഒന്നാക്കിത്തീർക്കുന്നു. ഈ പൗരോഹിത്യധർമം തന്റെ സ്വന്തമായ സഭവഴി തുടർന്നുകൊണ്ടിരിക്കുന്നു. സഭയാകട്ടെ, വിശുദ്ധകുർബാനയാഘോഷിച്ചുകൊണ്ടു മാത്രമല്ല, മറ്റു മാർഗങ്ങളിലൂടെയും പ്രത്യേകിച്ച്, യാമപ്രാർത്ഥനകൾ ചൊല്ലിക്കൊണ്ട് കർത്താവിനെ അനുസ്യൂതം സ്തുതിക്കുകയും ലോകം മുഴുവന്റെയും രക്ഷയ്ക്കായി മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു.
ഖണ്ഡിക – ഖണ്ഡിക – 84
യാമപ്രാർത്ഥനകൾ പുരാതനകിസ്തീയപാരമ്പര്യത്താൽ തന്നെ ദിനരാതചകം മുഴുവനെയും ദൈവസ്തുതികൊണ്ട് വിശുദ്ധീകരിക്കത്തക്കവിധം രൂപവത്കരിക്കപ്പെട്ടിരിക്കുന്നു. ഈ അദ്ഭുതകരമായ സ്തുതിയുടെ കീർത്തനം വേണ്ടവിധം നടത്തുമ്പോൾ വൈദികരും ഇക്കാര്യത്തിനുവേണ്ടി സഭയുടെ ക്രമവത്കരണത്താൽ നിയോഗിക്കപ്പെട്ടവരും വൈദികനോടുകൂടെ അംഗീകൃതരീതിയിൽ പ്രാർത്ഥിക്കുന്ന ക്രിസ്തീയവിശ്വാസികളും ദിവ്യമണവാളനെ വിളിക്കുന്ന വിശുദ്ധമണവാട്ടിയുടെ സ്വരമായിത്തീരുന്നു. മാത്രമല്ല, അത് മിശിഹാ സ്വന്തം (നിഗൂഢ) ശരീരത്തോടൊത്ത് പിതാവിനോടു ചെയ്യുന്ന പ്രാർത്ഥനയായിത്തീരുകയും ചെയ്യുന്നു.
ഖണ്ഡിക – 85
അതിനാൽ ഇതിൽ സംബന്ധിക്കുന്നവരെല്ലാം, ഒരുവശത്ത് സഭയുടെ ജോലി നിർവഹിക്കുമ്പോൾ മറുവശത്ത് മണവാട്ടിയുടെ അത്യുന്നതബഹുമാനത്തിൽ ഭാഗഭാക്കാകുകയാണ്. കാരണം, അവർ ദൈവത്തിന് സ്തുതികളർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പിൽ സഭാമാതാവിന്റെ നാമത്തിൽ നിലകൊള്ളുകയാണ്.
ഖണ്ഡിക – 86
യാമപ്രാർത്ഥനയുടെ അജപാലനപ്രാധാന്യം
വിശുദ്ധ അജപാലനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികർ “ഇടവിടാതെ പ്രാർത്ഥിക്കുവിൻ” (1 തെസ്സ 5:17) എന്ന വിശുദ്ധ പൗലോസിന്റെ ഉദ്ബോധനം തങ്ങൾ പാലിക്കേണ്ടതാണെന്ന വ്യക്തമായ അവബോധത്തോടെ, തദനുസൃതമായ തീക്ഷതയോടുകൂടെ യാമപ്രാർത്ഥനകൾ നടത്തേണ്ടതാണ്. അവർ വ്യാപൃതരായിരിക്കുന്ന ജോലിക്ക്, “എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുക സാദ്ധ്യമല്ല” (യോഹ 15:5) എന്നരുൾചെയ്ത കർത്താവിനു മാത്രമേ ഫലപ്രാപ്തിയും അഭിവൃദ്ധിയും നല്കാൻ കഴിയുകയുള്ളു. ഇതുകൊണ്ടാണ് ഡീക്കന്മാരെ നിയമിച്ചു കൊണ്ട് ശ്ശീഹന്മാർ പറഞ്ഞത്, “ഞങ്ങൾ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും വിശ്വസ്തതയോടെ വ്യാപരിക്കാം” (ശ്ലീഹ. നട 6:4).
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.