ഇടവകയിലെ ആരാധനാജീവിതം എങ്ങനെ ആയിരിക്കണം?

IV – ആരാധനക്രമജീവിതം: രൂപതയിലും ഇടവകയിലും നല്കേണ്ട പ്രോത്സാഹനം

ഖണ്ഡിക – 41
മെത്രാനെ അദ്ദേഹത്തിന്റെ അജഗണത്തിന്റെ പ്രധാന പുരോഹിതനായി പരിഗണിക്കേണ്ടതാണ്. അദ്ദേഹത്തിൽനിന്നാണ് അദ്ദേഹത്തിന്റെ വിശ്വാസികളുടെ മിശിഹായിലുള്ള ജീവിതം ഒരു വിധത്തിൽ ഉറവെടുക്കുന്നത്. അദ്ദേഹത്തെയാണ് അത് ആശ്രയിച്ചുനില്ക്കുന്നതും.

തന്നിമിത്തം, മെത്രാനെ കേന്ദ്രീകരിച്ചുകൊണ്ട് മെത്രാസന ദേവാലയത്തിൽ നടക്കുന്ന രൂപതാപരമായ ആരാധനക്രമജീവിതം എല്ലാവരും സുപ്രധാനമായി കരുതേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ വിശുദ്ധജനം മുഴുവനും ഒരേ ആരാധനാഘോഷത്തിൽ; പ്രത്യേകിച്ച്, മെത്രാൻ തന്റെ വൈദികരോടും ശുശ്രൂഷികളോടും ചേർന്ന് ഒരേ കുർബാനയിലും ഒരേ പ്രാർത്ഥനയിലും, ഒരേ ബലിപീഠത്തിലും ആദ്ധ്യക്ഷ്യം വഹിച്ചുള്ള ആഘോഷത്തിൽ, മുഴുവനായും സജീവമായും പങ്കെടുക്കുമ്പോഴാണ് സഭയുടെ ഏറ്റം വലിയ ആവിഷ്കാരം നടക്കുന്നതെന്ന ബോധ്യത്തോടെ വേണം ഇതുചെയ്യാൻ.

ഖണ്ഡിക – 42
ഇടവകയിലെ ആരാധനാജീവിതം

മെത്രാന് തന്റെ സഭയിൽ എപ്പോഴും എല്ലായിടത്തും സ്വയം സന്നിഹിതനാകാൻ സാദ്ധ്യമല്ലാത്തതിനാൽ വിശ്വാസികളുടെ കൂട്ടായ്മകൾ സ്ഥാപിക്കുക അവശ്യാവശ്യകമായിത്തീരുന്നു. അവയിൽ മെത്രന്മാരുടെ പ്രതിനിധികളായി അഭിഷിക്തരായ അജപാലകന്മാരുടെ കീഴിലുള്ള ഇടവകകൾ പ്രാധാന്യമർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ലോകം മുഴുവനും വ്യാപകമായിക്കാണുന്ന ദൃശ്യസഭയെ അത് ഒരുവിധത്തിൽ പ്രതിനിധാനം ചെയ്യുന്നു. 

തന്നിമിത്തം ഇടവകയുടെ ആരാധനക്രമജീവിതവും അതിന് മെത്രാനോടുള്ള ബന്ധവും വിശ്വാസികളുടെയും വൈദികരുടെയും മനസ്സിലും നടപടിയിലും വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. ഇടവകക്കൂട്ടായ്മയെ സംബന്ധിച്ച്, പ്രധാനമായും, ഞായറാഴ്ചക്കുർബാനയുടെ സമൂഹാഘോഷത്തിലുള്ള ബോദ്ധ്യം വർദ്ധമാനമാക്കുന്നതിന് പരിശ്രമിക്കേണ്ടിയിരിക്കുന്നു.

V – ആരാധനകമപരമായ അജപാലന പ്രവർത്തനത്തിന്റെ പ്രോത്സാഹനം

ഖണ്ഡിക – 43
വിശുദ്ധ ആരാധനക്രമം പ്രോത്സാഹിപ്പിക്കാൻ വിശുദ്ധ ആരാധനക്രമം പ്രോത്സാഹിപ്പിക്കാനും നവീകരിക്കാനുമുള്ള അഭിലാഷം നമ്മുടെ ആധുനികകാലഘട്ടത്തിന്മേലുള്ള
പ്രത്യേക ദൈവപരിപാലനത്തിന്റെ അടയാളമായും തന്റെ സഭയിലുള്ള പരിശുദ്ധാത്മാവിന്റെ ഒരു പ്രയാണമായും സകാരണം പരിഗണിക്കാം. സഭാജീവിതത്തിന്റെതന്നെയും നമ്മുടെ ഇക്കാലഘട്ടത്തിലെ സാർവത്രികമതാത്മകചിന്തയുടെയും പ്രവർത്തനത്തിന്റെയും വ്യക്തമായ അടയാളമായിക്കൂടിയും ഇത് മനസ്സിലാക്കാം. തന്നിമിത്തം, ആരാധനക്രമപരമായ അജപാലനപ്രവർത്തനം സഭയിൽ കൂടുതൽ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിന് ഈ പരിശുദ്ധസൂനഹദോസ് കല്പിക്കുന്നു

ഖണ്ഡിക – 44
ആരാധനക്രമ കമ്മീഷൻ

വകുപ്പ് 22:2 – ൽ പറയുന്ന അർഹതയുള്ള പ്രാദേശിക സഭാധികാരി, ആരാധനക്രമപഠനത്തിലും വിശുദ്ധഗീതങ്ങളിലും വിശുദ്ധകലയിലും അജപാലനകാര്യങ്ങളിലും നൈപുണ്യമുള്ള ആളുകളിൽനിന്ന് സഹായിക്കാനായി ഒരു ആരാധനക്രമ കമ്മീഷൻ സ്ഥാപിക്കാൻ ഉത്സാഹിക്കണം. ഈ കമ്മീഷന് കഴിവുള്ളിടത്തോളം സഹായം നല്കാൻ ഒരു അജപാലന ആരാധനക്രമകേന്ദ്രം ഉണ്ടായിരിക്കണം. അതിന്റെ അംഗങ്ങളായി ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ പ്രാഗല്ഭ്യമുള്ള അല്ലായരെക്കൂടി ഉൾപ്പെടുത്തണം. മേല്പറഞ്ഞ പ്രാദേശികാധികാരത്തിന്റെ നിയന്ത്രണത്തിൽ, സ്വന്തം ഭരണസീമയിൽ അജപാലന-ആരാധനകമപ്രവർത്തനം നിയന്ത്രിക്കാനും, ശ്ലൈഹികസിംഹാസനത്തിനു സമർപ്പിക്കേണ്ട അനുരൂപണങ്ങൾ സംബന്ധിച്ച പഠനങ്ങളും ആവശ്യമുള്ള പരീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കാനുമുള്ള കർത്തവ്യം ഈ കമ്മീഷന്റേതായിരിക്കണം.

ഖണ്ഡിക – 45
ഇക്കാരണത്താൽത്തന്നെ, ഓരോ രൂപതയിലും മെത്രാന്റെ നിയന്ത്രണത്തിൽ ആരാധനകമപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരാധനക്രമ കമ്മീഷൻ ഉണ്ടായിരിക്കണം.
ചിലപ്പോൾ പല രൂപതകൾ ഒരുമിച്ച് ഒരു കമ്മീഷനെ നിയമിക്കുകയും ആ കമ്മീഷൻ ഒരുമിച്ച് ആലോചിച്ച്, ആരാധനക്രമകാര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ഉചിതമായെന്നു വരാം.

ഖണ്ഡിക – 46
വിശുദ്ധ ആരാധനക്രമത്തിനുവേണ്ടിയുള്ളതിനു പുറമേ, എല്ലാ രൂപതകളിലുംതന്നെ, കഴിയുന്നിടത്തോളം തിരുകർമഗീതങ്ങൾക്കും വിശുദ്ധകലയ്ക്കും വേണ്ടി കമ്മീഷനുകൾ സംഘടിപ്പിക്കാവുന്നതാണ്.
ഈ മൂന്നു കമ്മീഷനും അവയുടെ ശക്തി സ്വരൂപിച്ച് ഒരുമിച്ചു പ്രവർത്തിക്കേണ്ടതാവശ്യമാണ്. പലപ്പോഴും ഒരു കമ്മീഷനായി സംയോജിപ്പിക്കുന്നതും സമുചിതമാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles