ആരാധനക്രമം എങ്ങനെ പരിഷ്‌കരിക്കാനാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിച്ചത്?

ആരാധനക്രമപരിഷ്കരണം

ഖണ്ഡിക – 21
പൊതുപ്രമാണങ്ങൾ

ക്രൈസ്തവജനത വിശുദ്ധ ആരാധനക്രമത്തിൽനിന്ന് കൃപാവരങ്ങളുടെ സമൃദ്ധി കൂടുതൽ എളുപ്പം ആർജിക്കാൻവേണ്ടി ആരാധനക്രമത്തിന്റെതന്നെ സമഗ്രമായ ഒരു പുനരുദ്ധാരണം ശ്രദ്ധാപൂർവം നടത്താൻ വത്സലമാതാവായ തിരുസഭ അഭിലഷിക്കുന്നു. തീർച്ചയായും ആരാധനക്രമത്തിൽ ദൈവസ്ഥാപിതമെന്ന നിലയിൽ വ്യതിയാനവിധേയമല്ലാത്ത ഭാഗങ്ങളുണ്ട്. കാലത്തിന്റെ പുരോഗതിയിൽ വ്യത്യാസപ്പെടുത്താവുന്നതും വ്യത്യാസപ്പെടുത്തേണ്ടതുമെന്ന നിലയിൽ വ്യതിയാനവിധേയമായ ഭാഗങ്ങളുമുണ്ട്. ആരാധനക്രമത്തിൽ അതിന്റെ ആന്തരികസ്വഭാവത്തിന് അപര്യാപ്തമോ, അനുചിതമോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് വ്യതിയാനവിധേയമാണ്.

ഈ പരിഷ്കാരത്തോടെ കുർബാന പുസ്തകവും കർമ്മവിധികളും അവ സൂചിപ്പിക്കുന്ന വിശുദ്ധ കാര്യങ്ങൾ സുവ്യക്തമായി പ്രകടമാക്കുകയും അവ ക്രൈസ്തവജനത കഴിവതും സുഗമമായി മനസ്സിലാക്കുകയും സമ്പൂർണവും സജീവവുമായ കൂട്ടായ്മയ്ക്കു ചേർന്നവിധം അവയിൽ ആഘോഷമായി പങ്കുവഹിക്കുകയും ചെയ്യാൻ കഴിയുംവിധം ക്രമപ്പെടുത്തുകയും വേണം. ഇക്കാരണത്താൽ ഈ പരിശുദ്ധസൂനഹദോസ് വളരെ പൊതുവായ ഈ നിയമങ്ങൾ നിർണയിക്കുന്നു:

A

ഖണ്ഡിക – 22
ആരാധനക്രമപരിപാലനം ഹയരാർക്കിയിൽ നിക്ഷിപ്തം

  1. വിശുദ്ധ ആരാധനക്രമത്തിന്റെ നിയന്ത്രണം സഭാധികാരത്തെ മാത്രം അതായത്, പരിശുദ്ധസിംഹാസനത്തെയും, നിയമം അനുവദിക്കുന്നിടത്തോളം, മെത്രാനെയും ആശ്രയിച്ചിരിക്കുന്നു.
  2. നിയമദത്തമായ അധികാരത്താൽ, നിർദിഷ്ട പരിധികൾക്കുള്ളിൽ ആരാധനക്രമത്തിന്റെ ക്രമവത്കരണം നൈയാമികമായി സ്ഥാപിക്കപ്പെട്ട വിവിധ തരത്തിലുള്ള പ്രാദേശികമെത്രാൻ സംഘങ്ങൾക്കും ഉണ്ട്.
  3. അതുകൊണ്ട് ഒരു കാരണവശാലും മറ്റാരും ഒരു വൈദികൻപോലും, സ്വയമേവ ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്തുകൂടാത്തതാകുന്നു.

ഖണ്ഡിക – 23
പാരമ്പര്യവും പുരോഗതിയും

ശരിയായ പാരമ്പര്യം സംരക്ഷിക്കുന്നതിനും എങ്കിലും നിയമാനുസൃതമായ പുരോഗതിക്ക് വഴിതുറക്കുന്നതിനും വേണ്ടി, ആരാധനക്രമത്തിന്റെ ഓരോ ഭാഗത്തെ സംബന്ധിച്ചും പുനരവലോകനം ചെയ്യുന്നതിന് കൃത്യമായ ദൈവശാസ്ത്രപരവും ചരിത്രപരവും അജപാലനപരവുമായ സൂക്ഷ്മപരിശോധന ആദ്യമേ നടത്തേണ്ടിയിരിക്കുന്നു. മാത്രമല്ല, ആരാധനക്രമത്തിന്റെ ഘടനയുടെയും അഭിരുചിയുടെയും പൊതുനിയമങ്ങളും അടുത്തകാലങ്ങളിലെ ആരാധനക്രമനവീകരണങ്ങളിൽനിന്നും അവിടവിടെ നല്കിയിട്ടുള്ള അനുവാദങ്ങളിൽനിന്നും ഉദ്ഭൂതമാകുന്ന തെളിവുകളും പരിഗണിക്കേണ്ടതുണ്ട്. സഭയുടെ ശരിയും സുനിശ്ചിതവുമായ പ്രയോജനത്തിന് ആവശ്യമായിവരുമ്പോഴല്ലാതെ ഒരു പുതുമയും ആവിഷ്കരിക്കരുത്. പുതിയകമം, നിലവിലുള്ള ക്രമങ്ങളിൽനിന്ന് ഏതെങ്കിലും രീതിയിൽ ഘടനാപരമായി വളർന്നുവരുന്നതായിരിക്കാൻ ശ്രദ്ധചെലുത്തിക്കൊണ്ടുവേണം നവീകരണങ്ങൾ വരുത്താൻ. കഴിവതും, സമീപപ്രദേശങ്ങളിലുള്ള കർമങ്ങൾ തമ്മിൽ ഗണ്യമായ വ്യത്യാസങ്ങൾ വരാതിരിക്കാനും ശ്രദ്ധിക്കണം.

ഖണ്ഡിക – 24
വിശുദ്ധ ലിഖിതവും പാരമ്പര്യവും

ആരാധനക്രമാനുഷ്ഠാനങ്ങളിൽ വിശുദ്ധലിഖിതങ്ങളുടെ പ്രാധാന്യം അദ്വിതീയമാണ്. അവയിൽനിന്നാണ് വിശുദ്ധഗ്രന്ഥപാഠങ്ങൾ (lessons) പാരായണം ചെയ്യപ്പെടുന്നതും സുവിശേഷപ്രസംഗത്തിൽ വിശദീകരിക്കപ്പെടുന്നതും സങ്കീർത്തനങ്ങളിൽ ആലപിക്കപ്പെടുന്നതും. ഇവയുടെ പ്രചോദനത്താലും ഉൾപ്രേരണയാലുമാണ് പ്രാർത്ഥനകളും യാചനകളും ആരാധനക്രമകീർത്തനങ്ങളും നിർഗളിക്കുന്നത്. ഇവയിൽ നിന്നാണ് ആംഗ്യങ്ങളും അടയാളങ്ങളും അർത്ഥദ്യോതകമായിത്തീരുന്നത്. അതുകൊണ്ട്, വിശുദ്ധ ആരാധനക്രമത്തിന്റെ നവീകരണവും വളർച്ചയും അനുരൂപണവും കരഗതമാകാൻ, വിശുദ്ധ ഗ്രന്ഥത്തോടുള്ള ഹൃദ്യവും സജീവവുമായ സ്നേഹം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. പൗരസ്ത്ര്യവും പാശ്ചാത്യവുമായ ആരാധനാനുഷ്ഠാനങ്ങളുടെ ആദരണീയമായ പാരമ്പര്യം ഇതിനു സാക്ഷ്യംവഹിക്കുന്നുണ്ട്.

ഖണ്ഡിക – 25
ആരാധനകമ്രഗ്രന്ഥങ്ങൾ

ലോകത്തിന്റെ നാനാഭാഗങ്ങളിലും നിന്നു വിദഗ്ധരെ നിയോഗിച്ചു കൊണ്ടും മെത്രാന്മാരോട് ആലോചിച്ചും ആരാധനകമ്രഗ്രന്ഥങ്ങൾ എത്രയും വേഗം നവീകരിക്കേണ്ടതാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles