സഭ പരിശുദ്ധ അമ്മയുടെ ഏതെല്ലാം സുകൃതങ്ങളാണ് അനുകരിക്കേണ്ടത്?

ഖണ്ഡിക – 65
സഭ അനുകരിക്കേണ്ട മറിയത്തിന്റെ സുകൃതങ്ങൾ
സഭ, സർവസുഭഗയായ ഈ കന്യക, കറയും മുഖച്ചുളിവുമില്ലാത്തവളായിത്തീർന്ന് (എഫേ 5:27) പൂർണത പ്രാപിച്ചുകഴിഞ്ഞെങ്കിലും ക്രിസ്തീയവിശ്വാസികൾ ഇനിയും പാപം ജയിച്ച് വിശുദ്ധിയിൽ വളരാൻവേണ്ടി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, അവർ തിരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹത്തിനു മുഴുവൻ പുണ്യങ്ങളുടെ മാതൃകയായി പ്രശോഭിക്കുന്ന മറിയത്തിന്റെ പക്കലേക്കു കണ്ണുകളുയർത്തുന്നു.
സഭ അവളെക്കുറിച്ചു ഭക്തിപൂർവം ധ്യാനിച്ചുകൊണ്ട്, അവളിൽ മനുഷ്യനായ വചനത്തിന്റെ വെളിച്ചത്തിൽ ചിന്താമഗ്നയായി മനുഷ്യാവതാരത്തിന്റെ മഹോന്നതരഹസ്യത്തിലേക്ക് ആദരപൂർവം ആഴ്ന്നിറങ്ങുന്നു; തന്റെ മണവാളനോട് ഉത്തരോത്തരം അനുരൂപപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, രക്ഷാചരിത്രത്തിൽ ആഴ്ന്നിറങ്ങിയ മറിയം വിശ്വാസത്തിന്റെ മഹത്തായ സത്യങ്ങൾ ഒരു വിധത്തിൽ തന്നിൽത്തന്നെ സംഗ്രഹിക്കുകയും പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്നു. അവൾ പ്രഘോഷിക്കപ്പെടുകയും വണങ്ങപ്പെടുകയും ചെയ്യുമ്പോൾ, തന്റെ മകനിലേക്കും അവിടത്തെ ബലിയിലേക്കും പിതാവിന്റെ സ്നേഹത്തിലേക്കും വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
സഭയാകട്ടെ, മിശിഹായുടെ മഹത്ത്വം പിഞ്ചന്ന്, നിരന്തരം വിശ്വാസത്തിലും സ്നേഹത്തിലും പുരോഗതി പ്രാപിച്ച്, സകലതിലും ദൈവേഷ്ടം അന്വേഷിച്ച്, അവളുടെ മഹനീയപ്രതിരൂപത്തിനു കൂടുതൽ അനുരൂപയായിത്തീരുന്നു. അതുകൊണ്ട് സഭ പ്രേഷിതപ്രവർത്തനങ്ങളിലും പരിശുദ്ധാത്മാവാൽ ഗർഭസ്ഥനും കന്യകയിൽനിന്നു ജാതനുമായ മിശിഹായുടെ ജനയിതിയിലേക്കു സകാരണം ദൃഷ്ടിതിരിക്കുന്നു. അങ്ങനെ സഭവഴി ഹൃദയങ്ങളിലും അവൻ ജനിക്കേണ്ടതിനും വളരേണ്ടതിനുമാണത്. സഭയുടെ ശ്ലൈഹികദൗത്യത്തിൽ സഹകരിക്കുന്നവരെയെല്ലാം മനുഷ്യരുടെ പുനർജനിക്കുവേണ്ട ചൈതന്യമുള്ളവരാക്കാനാവശ്യകമായ ആ മാതൃവാത്സല്യത്തിന്റെ മാതൃകയായി ഈ കന്യക ജീവിതത്തിൽ നിലകൊണ്ടു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.