മറിയം മനുഷ്യരക്ഷയില്‍ സഹകരിച്ചതെങ്ങനെ എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു

ഭാഗ്യവതിയായ കന്യകയും തിരുസഭയും

ഖണ്ഡിക – 60
മറിയവും ഏകമധ്യസ്ഥനായ മിശിഹായും

ശ്ലീഹയുടെ വാക്കുകൾക്കനുസൃതമായി നമ്മുടെ മധ്യസ്ഥൻ ഒരുവൻ മാത്രമാകുന്നു: “എന്തെന്നാൽ ഒരു ദൈവമേയുള്ളൂ, ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മദ്ധ്യസ്ഥനായിഒരുവനേയുള്ളൂ – മനുഷ്യനായ ക്രിസ്തുയേശു. അവൻ എല്ലാവർക്കുംവേണ്ടി തന്നെത്തന്നെ മോചനമായി നല്കി” (1തിമോ 2:5,6). മനുഷ്യരോടു മറിയത്തിനുള്ള മാതൃത്വത്തിന്റെ കടമ മിശിഹായുടെ അനന്യമായ മാധ്യസ്ഥ്യത്തെ ഒരുവിധത്തിലും മങ്ങലേല്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. പ്രത്യുത, അതിന്റെ ശക്തി വെളിവാക്കുകയാണു ചെയ്യുന്നത്.

എന്തുകൊണ്ടെന്നാൽ, ഭാഗ്യപ്പെട്ട കന്യകയ്ക്ക് മനുഷ്യരിലുള്ള രക്ഷാകരമായ സ്വാധീനം മുഴുവനും ഏതെങ്കിലും വസ്തുനിഷ്ഠമായ ആവശ്യകതയിൽനിന്നുണ്ടായതല്ല, പ്രത്യുത, ദൈവത്തിന്റെ തിരുവിഷ്ടത്തിൽനിന്നുളവാകുന്നതും മിശിഹായുടെ അതിസമൃദ്ധമായ യോഗ്യതകളിൽനിന്നു പ്രവഹിക്കുന്നതുമാണ്. അവിടത്തെ മധ്യസ്ഥതയിൽ അടിസ്ഥാനമുള്ളതും അതിൽ സർവഥാ ആശ്രയിച്ചിരിക്കുന്നതും അതിൽനിന്നുതന്നെ സകലശക്തിയും സംഭരിക്കുന്നതുമാണത്. മിശിഹായോടുള്ള ഐക്യം ഒരുവിധത്തിലും ഇതു തടസ്സപ്പെടുത്തുകയില്ല. പ്രത്യുത, വളർത്തുകയാണു ചെയ്യുന്നത്.

ഖണ്ഡിക – 61
പരിത്രാണകർമത്തിലുള്ള സഹകരണം

ദൈവവചനത്തിന്റെ മനുഷ്യാവതാരത്തോടൊപ്പം ദൈവമാതാവാകാൻ അനാദികാലം മുതൽ നിർണയം ചെയ്യപ്പെട്ടിട്ടുള്ള ഭാഗ്യവതിയായ കന്യക, ദൈവപരിപാലനത്തിന്റെ പദ്ധതിയനുസരിച്ച് ഈ ലോകത്തിൽ ദിവ്യരക്ഷകന്റെ വത്സലമാതാവായും മറ്റുള്ളവരെക്കാൾ പ്രത്യേകമാംവിധം കർത്താവിന്റെ ഔദാര്യനിധിയായ സഹകാരിണിയായും വിനീതദാസിയായും ഉയർന്നുനിന്നു. മിശിഹായെ ഗർഭം ധരിച്ച്, ജനിപ്പിച്ച്, പോറ്റിവളർത്തി പിതാവിന്റെ ആലയത്തിൽ സമർപ്പിച്ച്, കുരിശിൽ മരിക്കുന്ന തന്റെ പുത്രനോടൊത്തു പീഡയനുഭവിച്ച്, അനുസരണം, വിശ്വാസം, പ്രത്യാശ, ഉജ്ജ്വലനേഹം എന്നിവവവഴി ആത്മാക്കളുടെ പ്രകൃത്യതീതജീവൻ പുനരുദ്ധരിക്കാൻ വേണ്ടി രക്ഷകന്റെ പ്രവൃത്തിയോടു സർവഥാ സവിശേഷമായവിധം അവൾ സഹകരിച്ചു. ഇക്കാരണത്താൽ പ്രസാദവരമണ്ഡലത്തിൽ നമ്മുടെ അമ്മയായി അവൾ പരിലസിക്കുന്നു.

ഖണ്ഡിക – 62
ആശ്രിതസ്വഭാവമുള്ള സേവനം

മറിയത്തിന്റെ മാതൃത്വം, പ്രസാദവരത്തിന്റെ വ്യവസ്ഥിതിയിൽ, മംഗലവാർത്തയിൽ അവൾ വിശ്വസ്തുതാപൂർവം സമർപ്പിച്ചതും കുരിശിൻകീഴിൽ നിർവിശങ്കം നിലനിറുത്തിയതുമായ സമ്മതംമുതൽ, തിരഞ്ഞെടുക്കപ്പെട്ടവരുടെയെല്ലാം നിത്യസാഫല്യംവരെ അനുസൃതം നിലനില്ക്കുന്നു. സ്വർഗാരോപിതയായശേഷവും അവൾ ഈ രക്ഷാകർമം മാറ്റിവച്ചിട്ടില്ല; പ്രത്യുത, വൈവിധ്യമാർന്ന തന്റെ മധ്യസ്ഥതയാൽ നമുക്കു നിത്യരക്ഷയുടെ ദാനം നേടിത്തരാൻ വേണ്ടി തുടർന്നും പരിശമിക്കുന്നു. എന്നാൽ പ്രവാസികളും അപകടങ്ങളിലും പ്രയാസങ്ങളിലും വ്യാപരിക്കുന്നവരുമായ, തിരുസുതന്റെ സഹോദരരെ മാതൃസഹജമായ സ്നേഹത്താൽ മാതൃരാജ്യത്തിലെ സന്തോഷത്തിൽ കൊണ്ടെത്തിക്കുന്നതുവരെ അവൾ പരിപാലിക്കുന്നു.

അതുകൊണ്ടാണ് ഭാഗ്യപ്പെട്ട കന്യകയെ തിരുസഭ അഭിഭാഷക, സഹായക, ഉപകാരിണി, മദ്ധ്യസ്ഥ” എന്നീ അഭിധാനങ്ങളിൽ വിളിച്ചപേക്ഷിക്കുന്നത്. എങ്കിലും ഏകമധ്യസ്ഥനായ മിശിഹായുടെ സ്ഥാനത്തിനും ഫലദായകത്വത്തിനും കുറവുണ്ടാകുകയോ അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്യുന്നില്ലെന്നുമാണു നാം മനസ്സിലാക്കേണ്ടത്. എന്തുകൊണ്ടെന്നാൽ, ഒരു സൃഷ്ടിയും മനുഷ്യാവതാരം ചെയ്ത വചനത്തോടൊപ്പം പരിഗണിക്കപ്പെടുക സാദ്ധ്യമല്ല. എങ്കിലും മിശിഹായുടെ പൗരോഹിത്യത്തിൽ സഭാശുശ്രൂഷികളും വിശ്വാസികളായ ജനങ്ങളും വിവിധ രീതിയിൽ ഭാഗഭാക്കുകളാകുന്നതുപോലെയും യഥാർത്ഥത്തിൽ ദൈവത്തിന്റെ ഒരേ നന്മ സൃഷ്ടികളിൽ വിവിധരീതിയിൽ ചൊരിയപ്പെടുന്നതു പോലെയും രക്ഷകന്റെ ഒരേയൊരു മാദ്ധ്യസ്ഥ്യം ഒരേ ഉറവിടത്തിൽനിന്നു വിവിധരീതിയിലുള്ള സൃഷ്ടികളുടെ ഭാഗഭാഗിത്വം ഒഴിവാക്കുന്നില്ല, പ്രത്യുത പ്രോത്സാഹിപ്പിക്കുന്നതേയുള്ളൂ.

മറിയത്തിന്റെ ഈദൃശ ആശ്രിതസ്വഭാവമുള്ള സേവനം ഏറ്റുപറയാൻ സഭ ശങ്കിക്കുന്നില്ല. സഭ അതു നിരന്തരം അനുഭവിക്കുകയും വിശ്വാസികളുടെ ഹൃദയത്തോട് ശിപാർശചെയ്യുകയും ചെയ്യുന്നു. അങ്ങനെ ഈ മാതൃശക്തിയുടെ സംരക്ഷണത്താൽ നാം ഏകമദ്ധ്യസ്ഥനായ രക്ഷകനോട് കൂടുതൽ ഗാഢമായി ബന്ധപ്പെടാനാണിത്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles