രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 5

7) സഭ: മിശിഹായുടെ ശരീരം

ദൈവത്തിന്റെ പുത്രന്‍ തന്നത്തന്നെ മനുഷ്യസ്വഭാവത്തോടു യോജിപ്പിച്ചുകൊണ്ട് തന്റെ മരണവും ഉത്ഥാനവും വഴി മരണത്തെ കീഴടക്കി മനുഷ്യനെ വീണ്ടെടുക്കുകയും പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തുകയും ചെയ്തു (ഗലാ 6:15, 2 കോറി 5:17). തന്റെ ആത്മാവിനെ പകര്‍ന്നുകൊണ്ട് സര്‍വജാതികളിലും നിന്നു വിളിച്ചുകൂട്ടപ്പെട്ട സ്വസഹോദരരെ തന്റെ ശരീരമെന്നവിധം രഹസ്യാത്മകമായ രൂപവത്കരിച്ചു.

ഈ ശരീരത്തില്‍ മിശിഹായുടെ ജീവന്‍ വിശ്വാസികളിലെക്കു പ്രവഹിക്കുന്നു. സഹിച്ച് മഹത്വീകൃതനായ മിശിഹായോട് അതീവരഹസ്യാത്മകവും എന്നാല്‍ യഥാര്‍ത്ഥവുമായവിധം അവര്‍ കൂദാശകളാല്‍ ഒന്നായി ബന്ധിതരാകുകയും ചെയ്യുന്നു. മാമ്മോദീസാ വഴിയാണ് നാം മിശിഹായോടു സാരൂപ്യം പ്രാപിക്കുന്നത്: ‘ഒരേ ആത്മാവില്‍ ഒരേ ശരീരത്തിലേക്ക് നാം സ്‌നാനപ്പെട്ടിരിക്കുന്നു.’ (1 കോറി 12:13). ഈ വിശുദ്ധകര്‍മംവഴി മിശിഹായുടെ മരണത്തോടും ഉത്ഥാനത്തോടുമുള്ള നമ്മുടെ പങ്കുചേരല്‍ സുചിതമാക്കപ്പെടുകയും ഫലവത്താക്കപ്പെടുകയും ചെയ്യുന്നു. ‘അങ്ങനെ, അവന്റെ മരണത്തോട് ഐക്യപ്പെടുത്തിയ സ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. അത് ക്രിസ്തു മരിച്ചവരില്‍നിന്ന് പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റപോലെ നാമും ജീവന്റെ പുതുമയില്‍ നടക്കേണ്ടതിനാണ്. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചെങ്കില്‍ ഉത്ഥാനത്തോടും ഏകീഭവിക്കും.’ (റോമ 6:4-5). പരിശുദ്ധ കുര്‍ബാനയിലെ അപ്പത്തിന്റെ വിഭജനത്തില്‍ കര്‍ത്താവിന്റെ ശരീരത്തില്‍ യഥാര്‍ത്ഥമായി പങ്കുപറ്റിക്കൊണ്ട്, അവനോടും തമ്മില്‍ത്തമ്മിലുള്ള ഐക്യത്തിലേക്കും നാം ഉയര്‍ത്തപ്പെടുന്നു. ‘എന്തുകൊണ്ടെന്നാല്‍ അപ്പം ഒന്നേയുള്ളു. നാം പലരാണെങ്കിലും ഒരു ശരീരമാണ്. കാരണം നാമെല്ലാവരും ഒരേ അപ്പത്തിലാണു പങ്കുചേരുന്നത് (1 കോറി 10:17). അങ്ങനെ നാമെല്ലാവരും അവന്റെ ശരീരത്തിന്റെ അവയവങ്ങളാക്കപ്പെടുന്നു.’ (1കോറി 12:27). ‘ഓരോരുത്തരും പരസ്പരം ബന്ധമുള്ള അവയവങ്ങളും’ (റോമ 12:5).

മനുഷ്യശരീരത്തിന്റെ അവയവങ്ങള്‍ പലതാണെങ്കിലം അവ ഒരേ ശരീരമായിത്തീരുന്നതുപോലെ, വിശ്വാസികളും മിശിഹായില്‍ ഒരു ശരീരമാകുന്നു (1 കോറി 12:12). മിശിഹായുടെ ശരീരത്തിന്റെ നിര്‍മിതിക്ക് അവയവങ്ങളുടെയും കര്‍ത്തവ്യങ്ങളുടെയും വൈവിധ്യം വളരെയാണ്. തന്റെ സമ്പന്നതയ്ക്കനുസൃതമായും ശുശ്രൂഷകളുടെയും ആവശ്യമനുസരിച്ചും സഭയുടെ നന്മയ്ക്കുവേണ്ടി തന്റെ ദാനങ്ങള്‍ പങ്കുവയ്ക്കുന്ന ദൈവാത്മാവ് ഒരുവന്‍ മാത്രം (1 കോറി 12:1-11). ഈ ദാനങ്ങളില്‍ പ്രധാനം ശ്ലീഹന്മാര്‍ക്കുള്ള ദാനമാണ്. അവരുടെ അധികാരത്തിന് ഈ ദൈവാരൂപിതന്നെ, സ്വന്തം പ്രവൃത്തിയാലും സ്വശക്തിയാലും അംഗങ്ങളുടെ ആന്തരികബന്ധത്താലും ശരീരത്തെ സംയോജിപ്പിച്ച് വിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹമുളവാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഒരു അവയവം വേദനിക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതൊടൊപ്പം വേദനിക്കുന്നു. ഒരു അവയവം ബഹുമാനിക്കപ്പെടുമ്പോള്‍ അതൊടൊപ്പം എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു (1 കോറി 12:26)

ഈ ശരീരത്തിന്റെ ശിരസ്സ് മിശിഹായാണ്. അവിടന്ന് അദൃശ്യദൈവത്തിന്റെ പ്രതിച്ഛായയാണ്. അവനില്‍ വിശ്വം മുഴുവനും അസ്തിത്വം പ്രാപിച്ചു. അവന്‍ എല്ലാറ്റിനും മുമ്പു തന്നെ ഉള്ളവനാണ്. സര്‍വവും അവനിലാണു നിലനില്ക്കുന്നത്. സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ് അവന്‍. ആദിയും മൃതരില്‍നിന്നുള്ള ആദ്യജാതനുമാണവന്‍. അവന്‍ എല്ലാറ്റിലും പ്രഥമസ്ഥാനീയനാകാന്‍ വേണ്ടിയാണിത് (കൊളോ 1:15-18). അവന്‍ തന്റെ ശക്തിയുടെ ആധിക്യത്താല്‍ ആകാശത്തിലും ഭൂമിയിലും സര്‍വാധിപത്യം പുലര്‍ത്തുന്നു. തന്റെ സര്‍വാതിശായിയായ സമ്പൂര്‍ണതയാലും പ്രവൃത്തിയാലും തന്റെ മഹത്വമേറിയ ശരീരം സകല സമ്പത്തുകളുംകൊണ്ട് അവന്‍ നിറയ്ക്കുന്നു (എഫേ 1:18-23).

എല്ലാ അവയവവും, അവയില്‍ മിശിഹാ രൂപം കൊള്ളുന്നതുവരെ അവനോടു സാദൃശ്യം പ്രാപിക്കേണ്ടിയിരിക്കുന്നു (ഗലാ 4:19). ഇക്കാരണത്താല്‍, അവന്റെ ഛായയില്‍ രൂപവത്കരിക്കപ്പെട്ട്, മരിച്ച്, ഉയിര്‍പ്പിക്കപ്പെട്ട്, അവനോടൊത്തു ഭരണം കൈയാളുന്നതുവരെ നാം അവന്റെ ജീവിതരഹസ്യങ്ങളിലേക്കു സംവഹിക്കപ്പെടുന്നു (ഫിലി 3:21, 2 തിമോ. 2:11, എഫേ 2:6, കൊളോ 2:12 etc.) ഇനിയും ഈ ലോകത്തില്‍ പ്രവാസികളും ക്ലേശങ്ങളിലും മര്‍ദ്ദനങ്ങളിലും അവന്റെ പാദമുദ്രകള്‍ പിന്തുടരുന്നവരുമായ നാം ശിരസ്സിനോടു ശരീരമെന്നപോലെ അവന്റെ സഹനങ്ങളില്‍ പങ്കുചേരുകയും അവനോടൊത്തു ക്ലേശങ്ങള്‍ വഹിക്കുകയും ചെയ്തുകൊണ്ട് അവനോടൊത്തു മഹത്വം പ്രാപിക്കേണ്ടിയിരിക്കുന്നു (റോമ 8:17).

അവനില്‍നിന്ന് ‘ശരീരം മുഴുവന്‍ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം വളര്‍ച്ച പ്രാപിക്കുന്നു’ (കൊളോ 2:19). അവന്‍ തന്റെ ശരീരത്തില്‍, അതായത് തിരുസഭയില്‍, ശുശ്രൂഷകളുടെ ദാനങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ദാനങ്ങള്‍ വഴി അവന്റെ തന്നെ ശക്തിയാല്‍ നമുക്കു പരസ്പരം രക്ഷയ്ക്കു വേണ്ടിയുള്ള ശുശ്രൂഷ ചെയ്യുന്നതിനും അങ്ങെ സ്‌നേഹത്തില്‍ സത്യം പ്രവര്ത്തിച്ചുകൊണ്ട് നമ്മുടെ ശിരസ്സായ അവനില്‍ എല്ല്ാവിധത്തിലും വളരുന്നതിനും വേണ്ടിയാണിത് (എഫേ 4:11-16 ഗ്രീക്കു ബൈബിള്‍).

നാം അവനില്‍ നിരന്തരം നവീകരിക്കപ്പെടുന്നതിനു വേണ്ടി (എഫേ 4:23), അവന്‍ തന്റെ ആത്മാവില്‍ നമുക്കു ഭാഗഭാഗത്വം നല്കി. ഈ ദിവ്യാത്മാവ് ശിരസ്സിലും അവയവങ്ങളിലും ഒന്നുപോലെ, ഒരേ ആത്മാവായി വര്‍ത്തിച്ചുകൊണ്ട്, ശരീരം മുഴുവനും ജീവിപ്പിക്കുകയും സംയോജിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വിശുദ്ധ പിതാക്കന്മാര്‍കക് ഈ ആത്മാവിന്റെ പ്രവര്‍ത്തനത്തെ, ശരീരത്തില്‍ ജീവചൈതന്യം അഥവാ ആത്മാവ് നിര്‍വഹിക്കുന്ന പ്രവര്‍ത്തനത്തോടു തുലനം ചെയ്യാന്‍ സാധിച്ചത്.

മിശിഹാ തിരുസഭയെ സ്വന്തം മണവാട്ടിയായി സ്‌നേഹിച്ചു. അതുവഴി ഭര്‍ത്താവ് സ്വന്തം ശരീരമെന്നവണ്ണം ഭാര്യയെ സ്‌നേഹിക്കേണ്ടതിനു മാതൃക നല്കി (എഫേ 5:25-28). ഈ തിരുസഭ സ്വന്തം ശിരസ്സിനു വിധേയമാണ് (എഫേ 5:23-24). എന്തുകൊണ്ടെന്നാല്‍, ദൈവത്വത്തിന്റെ പൂര്‍ണത മുഴുവനും ശരീരവത്തായി അവനില്‍ സ്ഥിതി ചെയ്യുന്നു (കൊളോ 2:9). അവന്റെ ശരീരവും പൂര്‍ണതയുമായ സഭയെ അവന്‍ തന്റെ വിശുദ്ധദാനങ്ങളാല്‍ നിറയ്ക്കുന്നു (എഫേ 1:22-23). അങ്ങനെ അവള്‍ ദൈവത്തിന്റെ എല്ലാ പൂര്‍ണതയിലേക്കും കടന്നുചെന്ന് അവ പ്രാപിക്കാന്‍ വേണ്ടിയാണിത് (എഫേ 3:19).

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles