നമുക്ക് വിശുദ്ധരുടെ സ്വര്‍ഗീയ സഭയുമായുള്ള ഐക്യത്തെ പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

50)     തീർത്ഥാടകസഭയ്ക്ക് സ്വർഗീയസഭയോടുള്ള ഐക്യം, ഗാഢബന്ധം

മിശിഹായുടെ ഭൗതികശരീരത്തിനു മുഴുവനുമുള്ള ഈ സംസക്തി സർവോപരി അംഗീകരിച്ചുകൊണ്ട്, തീർത്ഥാടകസഭ ക്രിസ്തുമതത്തിന്റെ ആരംഭകാലഘട്ടം മുതൽ, മരിച്ചവരുടെ ഓർമ വലിയഭക്തിയോടുകൂടെ ആചരിച്ചിരുന്നു. മാത്രമല്ല “മരിച്ചവർ അവരുടെ പാപങ്ങളിൽനിന്നു മോചിതരാകാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് വിശുദ്ധവും ശ്രേയസ്കരവുമായ ചിന്തയാകുന്നു” (2മക്ക 12:46) എന്നതിനാൽ അവർക്കുവേണ്ടി സഭ പരിഹാരമർപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രക്തംചിന്തി പരമാവധി വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷ്യം നല്കിയവരായ മിശിഹായുടെ ശ്ലീഹന്മാരും രക്തസാക്ഷികളും മിശിഹായിൽ നമ്മോടു ഗാഢമായി ബന്ധിതരാണെന്ന് സഭ എക്കാലവും വിശ്വസിക്കുന്നു. അവരെ ഭാഗ്യവതിയായ കന്യകാമറിയത്തോടും പരിശുദ്ധ മാലാഖമാരോടും

ചേർത്ത് പ്രത്യേക സ്നേഹത്തോടെ വണങ്ങിയിരുന്നു. അവരുടെ മധ്യസ്ഥസഹായം ഭക്തിപൂർവം യാചിച്ചിരുന്നു. മിശിഹായുടെ വിരക്തജീവിതവും ദാരിദ്ര്യവും കൂടുതൽ കർക്കശമായി അനുകരിച്ചവരും ഇവരോടൊപ്പം താമസിയാതെ എണ്ണപ്പെട്ടു. അതുപോലെ തന്നെ, അതിവിശിഷ്ടമായ ക്രിസ്തീയപുണ്യങ്ങളുടെ പരിശീലനവും ദൈവവരങ്ങളും ലഭിച്ച മറ്റു പലരും പിന്നീട് വിശ്വാസികളുടെ ഭക്തിപൂർവമായ വണക്കത്തിനും അനുകരണത്തിനുംവേണ്ടി നിർദേശിക്കപ്പെടുകയും ചെയ്തു.

വിശ്വസ്തതയോടെ അനുകരിച്ചവരുടെ ജീവിതം നാം പരിശോധിക്കുമ്പോൾ നൂതന സങ്കല്പങ്ങളോടുകൂടെ വരാനുള്ള നഗരത്തെ അന്വേഷിക്കാൻ (ഹെബാ 13:14; 11:10) നാം പ്രചോദിതരാകുന്നു. അതോടൊപ്പം, ഭൗതികവൈവിധ്യങ്ങളുടെ മധ്യേ

ഓരോരുത്തർക്കുമുള്ള പ്രത്യേകമായ ജീവിതാന്തസ്സിനും പരിതഃസ്ഥിതിക്കും അനുരൂപമായി മിശിഹായോടുള്ള സമ്പൂർണമായ ഐക്യത്തിലേക്ക്, അതായത്, വിശുദ്ധിയിലേക്ക് നടന്നടുക്കുന്നതിന് നമുക്കു സാധിക്കുന്ന ഏറ്റവും സുരക്ഷിതമായ വഴിയും നമ്മെ പഠിപ്പിക്കുന്നു.” നമ്മുടെ മനുഷ്യത്വത്തിന്റെ പങ്കുകാരും എന്നാൽ മിശിഹായുടെ പ്രതിരൂപത്തോടു സമ്പൂർണമായി ആനുരൂപ്യം പ്രാപിച്ചവരുമായ അവരുടെ ജീവിതത്തിൽ (2കോറി 3:18)

ദൈവം തന്റെ സാന്നിദ്ധ്യവും സാദൃശ്യവും മനുഷ്യർക്കു വ്യക്തമായി വെളിപ്പെടുത്തുന്നു. അവിടന്നുതന്നെ അവരിൽ നമ്മോടു സംസാരിക്കുന്നു. തന്റെ രാജ്യത്തിന്റെ അടയാളം നമുക്കു നല്കുന്നു. അതിന് സാക്ഷികളുടെ ഒരു വലിയ സഞ്ചയവും നമുക്കു ചുറ്റുമുണ്ട് (ഹെബാ 12:1). സുവിശേഷസത്യത്തിന്റെ ഈ ദശസാക്ഷ്യത്താൽ നാം ശക്തമായി ആകർഷിക്കപ്പെടുകയും ചെയ്യുന്നു.

സ്വർഗസ്ഥരുടെ ഓർമ നാം വിലപ്പെട്ടതായി കരുതുന്നത് മാതൃകയുടെ പേരിൽ മാത്രമല്ല, അതിലുപരി സഭ മുഴുവന്റെയും പരിശുദ്ധാത്മാവിലുള്ള ഐക്യം സഹോദരസ്നേഹത്തിന്റെ പ്രവർത്തനം വഴി കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നതുകൊണ്ടുമാണ് (എഫേ 4:1-6). എന്തുകൊണ്ടെന്നാൽ, തീർത്ഥാടകരായ നമ്മുടെ ക്രിസ്തീയകൂട്ടായ്മ മിശിഹായോടു നമ്മെ കൂടുതൽ അടുപ്പിച്ചിരിക്കുന്നതുപോലെ, വിശുദ്ധരോടുള്ള നമ്മുടെ സംസർഗം മിശിഹായോടു നമ്മെ ഒന്നിപ്പിക്കുന്നു; ഉറവിടവും ശിരസ്സും എന്ന നിലയിലുള്ള എല്ലാ കൃപാവരത്തിന്റെയും ദൈവജനത്തിന്റെ ജീവന്റെ തന്നെയും പ്രഭവസ്ഥാനമായ മിശിഹായോടുതന്നെ. അതിനാൽ ഈശോമിശിഹായുടെ സ്നേഹിതരും കൂട്ടവകാശികളും നമ്മുടെ സഹോദരരും അതിവിശിഷ്ട ഉപകാരികളുമായവരെ സ്നേഹിക്കുകയും അവർക്കുവേണ്ടി അർഹമായ പ്രതിനന്ദി ദൈവത്തിനു സമർപ്പിക്കുകയും* “അവരോടു വിനയപൂർവം

അപേക്ഷിക്കുകയും നമ്മുടെ കർത്താവും നമ്മുടെ ഏക പരിത്രാതാവും രക്ഷകനുമായ ഈശോമിശിഹാവഴി ദൈവത്തിൽനിന്നു ലഭിക്കേണ്ട നന്മകൾക്കായി അവരുടെ പ്രാർത്ഥനയിലും സംരക്ഷണത്തിലും സഹായത്തിലും ആശയം തേടുകയും ചെയ്യുന്നത് ഏറ്റവും ഉചിതമാണ്. എന്തുകൊണ്ടെന്നാൽ, സ്വർഗീയരോട് നാം പ്രദർശിപ്പിക്കുന്ന എല്ലാ യഥാർത്ഥ സ്നേഹപ്രകടനങ്ങളും സ്വഭാവത്താൽത്തന്നെ മിശിഹായെ ലക്ഷ്യം വയ്ക്കുകയും “സകലവിശുദ്ധരുടെയും മകുട”മായ മിശിഹായിലും അവൻ വഴി തന്റെ വിശുദ്ധരിൽ വിസ്മയനീയനായവനും അവരിൽ മഹത്ത്വപ്പെടുന്നവനുമായ ദൈവത്തിലും ചെന്നുചേരുന്നു. 

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles