സ്വര്‍ഗവാസികളും തീര്‍ത്ഥാടക സഭയായ നമ്മളും തമ്മിലുള്ള ഐക്യത്തെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എന്തു പറയുന്നു?
49) സ്വർഗീയസഭയ്ക്ക് തീർത്ഥാടകസഭയോടുള്ള ഐക്യം
കർത്താവ് തന്റെ മഹത്ത്വത്തിൽ സകല മാലാഖമാരുമൊത്ത് ആഗതനാകുകയും (മത്താ 25:31) മരണത്തെ നശിപ്പിച്ച് സർവവും തനിക്കു കീഴ്പ്പെടുത്തുകയും ചെയ്യുന്നതുവരെ (1 കോറി 15:26,27) തന്റെ ശിഷ്യരിൽ ചിലർ ഈ ഭൂമിയിൽ പരദേശവാസികളായിരിക്കുകയും ചിലർ ഈ ജീവിതം അവസാനിപ്പിച്ച് ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചിലർ മഹത്ത്വീകൃതരായി “ത്രിയേകദൈവത്തെ അവൻ ആയിരിക്കുന്നതുപോലെ തെളിവായി കാണുകയും ചെയ്യും. എങ്കിലും, എല്ലാവരും തന്നെ, പല നിലകളിലും രീതികളിലും ആണെന്നിരുന്നാലും ദൈവത്തോടും അയല്ക്കാരനോടുമുള്ള ഒരേ സ്നേഹത്തിൽ പങ്കുപറ്റുകയും നമ്മുടെ ദൈവത്തിന് ഒരേ മഹത്ത്വകീർത്തനം ആലപിക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ, മിശിഹായ്ക്കുള്ളവരെല്ലാം അവന്റെ ആത്മാവിനെ സ്വീകരിച്ച്, ഒരേ സഭയിൽ ഒന്നാകുകയും അവനിൽ പരസ്പരം ഇഴുകിച്ചേരുകയും ചെയ്യുന്നു
(എഫേ 4:16). തീർത്ഥാടകസഭയ്ക്ക് മിശിഹായിൽ നിദ്രചെയ്യുന്നവരോട് മിശിഹായുടെ സമാധാനത്തിലുള്ള ഐക്യം ഒരിക്കലും ഇടമുറിയുകയില്ലെന്നു മാത്രമല്ല, സഭയുടെ ചിരകാലവിശ്വാസമനുസരിച്ച് ആധ്യാത്മികനന്മകളുടെ പങ്കുപറ്റലാൽ അത് ശക്തിപ്രാപിച്ചുകൊണ്ടുമിരിക്കുന്നു. സ്വർഗവാസികൾ മിശിഹായോടു കൂടുതൽ ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നുവെന്നതിനാൽ, സഭയെ മുഴുവൻ അവർ വിശുദ്ധിയിൽ കൂടുതലായി ഉറപ്പിക്കുന്നു.
സഭ ഈ ലോകത്തിൽ ദൈവത്തിനർപ്പിക്കുന്ന ആരാധന അവർ കൂടുതൽ ധന്യമാക്കുകയും പലവിധത്തിൽ അവളുടെ ഉന്നതിക്കു ശക്തിപകരുകയും ചെയ്യുന്നു (1കോറി 12:12-27); എന്തുകൊണ്ടെന്നാൽ സ്വർഗരാജ്യത്ത് സ്വീകരിക്കപ്പെട്ട് കർത്താവിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് (2കോറി 5:8) അവൻ വഴിയും അവനോടുകൂടെയും അവനിലും നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നതിൽനിന്ന് അവർ വിരമിക്കുന്നില്ല.
” ദൈവവും മനുഷ്യനും തമ്മിലുള്ള ഏകമധ്യസ്ഥനായ ഈശോമിശിഹാവഴി (1തിമോ 2:5) അവർ ലോകത്തിൽ സമ്പാദിച്ച് യോഗ്യതകൾ കാഴ്ചവച്ചുകൊണ്ടും കർത്താവിന് എല്ലാറ്റിലും ശുശ്രൂഷ ചെയ്തുകൊണ്ട് സഭയാകുന്ന അവന്റെ ശരീരത്തിനുവേണ്ടി (കൊളോ 1:24)” മിശിഹായുടെ സഹനങ്ങളിൽ കുറവുള്ളത് സ്വന്തം ശരീരത്തിൽ പൂർത്തിയാക്കിക്കൊണ്ടുമാണ് അവർ ജീവിച്ചിരുന്നത്. അവരുടെ ഭാതൃസഹജമായ ഔൽസുക്യം നിമിത്തം നമ്മുടെ ബലഹീനതയിൽഅവർ പരമാവധി നമ്മെ സഹായിക്കുകയും ചെയ്യുന്നു.
(തുടരും)