സഭയുടെ അധികാരവും സന്ന്യാസജീവിതാന്തസ്സും

അദ്ധ്യായം 6 – സന്ന്യാസിമാര്‍
45) സഭയുടെ അധികാരവും സന്ന്യാസജീവിതാന്തസ്സും
ദൈവജനത്തെ മേയ്ക്കുന്നതിനും സമൃദ്ധമായ മേച്ചില്‍പ്പുറങ്ങളിലേക്കു നയിക്കുന്നതിനുമുള്ള (എസ 34:14) കടമ സഭയിലെ ഹയരാര്‍ക്കിയുടേതാണ്. ദൈവത്തോടും അയല്ക്കാരനോടുമുള്ള സ്‌നേഹത്തിന്റെ സമ്പൂര്‍ണ്ണത പ്രത്യേകമാംവിധം പരിപോഷിപ്പിക്കുന്ന സുവിശേഷോപദേശങ്ങളുടെ പരിശീലനം നിയമങ്ങള്‍ വഴി വിവേകപൂര്‍വം നിയന്ത്രിക്കുന്നതിനുള്ള ബാദ്ധ്യതയും അവരുടേതു തന്നെ. പരിശുദ്ധാത്മാവിന്റെ പ്രചോദനം താത്പര്യത്തോടെ പിന്തുടര്‍ന്ന്, ശ്രേഷ്ഠമായ സ്ത്രീപുരുഷന്മാരാല്‍ തയ്യാറാക്കപ്പെട്ട നിയമങ്ങള്‍ സ്വീകരിച്ച്, കൂടുതല്‍ ക്രമവത്കരിച്ച് ആധികാരികമായി അംഗീകരിക്കുന്നതും ഹയരാര്‍ക്കി തന്നെ. കൂടാതെ അത്, മിശിഹായുടെ ശരീരം പടുത്തുയര്‍ത്താന്‍വേണ്ടി അവിടവിടെ നിലവില്‍ന്ന് സമൂഹങ്ങളില്‍ സ്ഥാപകരുടെ ചൈതന്യത്തിനനുസൃതമായി അവ പുഷ്ടിപ്പെടുന്നതിനുവേണ്ടി സ്വന്തം അധികാരത്താല്‍ അവധാനതയോടും സംരക്ഷണത്തോടെ സന്നിഹിതമാവുകയും ചെയ്യണം.
കര്‍ത്താവിന്റെ അജഗണത്തിന്റെ ആവശ്യങ്ങള്‍ കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കാന്‍ വേണ്ടി പരിപൂര്‍ണതയ്ക്കുവേണ്ടിയുള്ള ഏതു സ്ഥാപനത്തെയും അതിലെ ഓരോ അംഗത്തെയും പരിശുദ്ധ മാര്‍പ്പാപ്പയ്ക്ക് ആകമാനസഭയിലുള്ള തന്റെ പരമാധികാരം കണക്കിലെടുത്ത് പൊതുനന്മയ്ക്കായി സ്ഥലത്തെ മേലദ്ധ്യക്ഷന്റെ അധികാരത്തില്‍ നിന്നൊഴിവാക്കി തന്റെമാത്രം കീഴിലാക്കാവുന്നതാണ്. ഇതുപോലെതന്നെ, അദ്ദേഹത്തിന് അവയെ പാത്രിയാര്‍ക്കാ അധികാരങ്ങള്‍ക്കു കീഴിലാക്കുകയോ ഏല്പിക്കുകയോ ചെയ്യാം. അവയുടെ അംഗങ്ങളെല്ലാം തങ്ങളുടെ പ്രത്യേക ജീവിതരീതിയില്‍ നിലനിന്നുകൊണ്ട് സഭയോടുള്ള കടമ നിറവേറ്റുന്നതൊടൊപ്പം കാനോനിക നിയമങ്ങള്‍ക്കനുസൃതമായി മെത്രാന്മാരോട് അനുസരണം പ്രകടിപ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു. പ്രാദേശികസഭയില്‍ അവര്‍ക്കുള്ള അജപാലനാധികാരവും ശ്ലൈഹികജോലിയില്‍ ആവശ്യമുള്ള ഐക്യവും യോജിപ്പും ഇതാവശ്യപ്പെടുന്നു.
തിരുസഭ സന്ന്യാസവ്രതവാഗ്ദാനം കാനോനികപദവിയുടെ മഹത്വത്തിലേക്കുയര്‍ത്തുന്നത് സ്വന്തം അംഗീകാരം കൊണ്ടു മാത്രമല്ല; പ്രത്യുത, അതു ദൈവത്താല്‍ വിശുദ്ധീകൃതമായ ജീവിതാന്തസ്സാണെന്ന് തന്റെ ആരാധനാകര്‍മങ്ങള്‍ വഴി വെളിപ്പെടുത്തുന്നുമുണ്ട്. ഈ സഭ തന്നെ, ദൈവത്താല്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരത്താല്‍ പ്രതിജ്ഞയെടുക്കുന്നവരുടെ വ്രതം സ്വീകരിക്കുകയും അവളുടെ പൊതുപ്രാര്‍ത്ഥനവഴി ദൈവത്തില്‍ നിന്നു സഹായവും കൃപയും അപേക്ഷിക്കുകയും അവരെ ദൈവത്തിനു സമര്‍പ്പിക്കുകയും അവര്‍ക്ക് ആത്മികവരപ്രസാദം നല്കുകയും അവരുടെ സമര്‍പ്പണം ദിവ്യകാരുണ്യബലിയോടു ചേര്‍ക്കുകയും ചെയ്യുന്നു.
(തുടരും)