ക്ലേശങ്ങള്‍ നിങ്ങളുടെ വിശുദ്ധീകരണത്തിനാണ്
കൂടാതെ, ദാരിദ്ര്യത്താലും കായികവൈകല്യത്താലും രോഗത്താലും മറ്റു പലവിധ ക്ലേശങ്ങളാലും ഞെരുക്കപ്പെടുന്നവരും കര്‍ത്താവ് ഭാഗ്യവാന്മാരെന്നു സുവിശേഷത്തില്‍ പ്രഖ്യാപിച്ച നീതിയെപ്രതി പീഡിപ്പിക്കപ്പെടുന്നവരും ‘തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന സകലകൃപയുടെയും ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം ഉദ്ഭവിപ്പിക്കുകയും സ്ഥിരീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്തു’ (1 പത്രോ 5:10) എന്നു പറയപ്പെട്ടവരും ലോകത്തിന്റെ രക്ഷയ്ക്കായി സഹിക്കുന്ന മിശിഹായോട് തങ്ങളെത്തന്നെ സവിശേഷമായി ഒന്നിപ്പിക്കുകയാണെന്നു മനസ്സിലാക്കട്ടെ.
അതുകൊണ്ട്, എല്ലാ ക്രിസ്തീയവിശ്വാസികളും സ്വജീവിതസാഹചര്യങ്ങളിലും ജോലികളിലും സാഹചര്യങ്ങളിലും അവയെല്ലാം വഴിയായി അനുദിനം വിശുദ്ധീകരിക്കപ്പെടും. അതിനായി സര്‍വവും സ്വര്‍ഗീയപിതാവിന്റെ കരങ്ങളില്‍നിന്നു വിശ്വാസത്തോടെ സ്വീകരിക്കുകയും ദൈവേഷ്ടത്തോടു സഹകരിക്കുകയും ദൈവം ലോകത്തെ സ്‌നേഹിച്ച ആ സ്‌നേഹം സ്വന്തം ഭൗതികസേവനത്തില്‍ സകലരോടും പ്രകടിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
42) വിശുദ്ധിയുടെ വഴികളും മാര്‍ഗങ്ങളും
‘ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈപം അവനിലും വസിക്കുന്നു’ (1 യോഹ 4:16). കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവം തന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിഞ്ഞിരിക്കുന്നു (റോമ 5:5). അതിനാല്‍, പ്രഥമഗണനീയവും സര്‍വോപരി, അവശ്യാവശ്യകവുമായ ദാനം സ്‌നേഹമാണ്. അതുവഴിയായി മറ്റെല്ലാറ്റിനെയുകാള്‍ ദൈവത്തെയും അവിടത്തെപ്രതി അയല്ക്കാരനെയും നാം സ്‌നേഹിക്കുന്നു. സ്‌നേഹം നല്ല വിത്തുപോലെ ആത്മാവില്‍ വളരാനും ഫലം പുറപ്പെടുവിക്കാനും കഴിയണമെങ്കില്‍, ഓരോ വിശ്വാസിയും ദൈവത്തിന്റെ വചനം താത്പര്യപൂര്‍വ്വം ശ്രവിക്കുകയും അവിടത്തെ ഇഷ്ടം തന്റെ കൃപാസഹായത്താല്‍ പ്രവൃത്തിപഥത്തിലാക്കുകയും കൂദാശകളില്‍ വിശേഷിച്ചും, പരിശുദ്ധ കുര്‍ബാനയിലും വിശുദ്ധകര്‍മങ്ങളിലും കൂടെക്കൂടെ പങ്കെടുക്കുകയും പ്രാര്‍ത്ഥനയിലും സ്വയംപരിത്യാഗത്തിലും ഉത്സാഹപൂര്‍വമുള്ള സഹോദരശുശ്രൂഷയിലും എല്ലാ പുണ്യങ്ങളുടെയും നിരന്തരമായ പാലനത്തിലും ഏര്‍പ്പെട്ടിരിക്കുകയും ചെയ്യേണ്ടത് അവശ്യാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ സ്‌നേഹം, പൂര്‍ണതയുടെ ബന്ധവും നിയമത്തിന്റെ സമ്പൂര്‍ണതയും (കൊളോ 3:14; റോമ 13:10) എന്ന നിലയ്ക്ക് വിശുദ്ധീകരണത്തിന്റെ എല്ലാ ഉപാധികളെയും നിയന്ത്രിക്കുകയും അവയ്ക്ക് രൂപംകൊടുക്കുകയും ലക്ഷ്യത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മിശിഹായുടെ യഥാര്‍ത്ഥ ശിഷ്യന്‍ ദൈവത്തോടും മനുഷ്യനോടുമുള്ള സ്‌നേഹത്താല്‍ തിരിച്ചറിയപ്പെടുന്നു.
ദൈവപുത്രനായ ഈശോ സ്വജീവന്‍ നമുക്കുവേണ്ടി ത്യജിച്ചുകൊണ്ട് തന്റെ സ്‌നേഹം പ്രകടമാക്കിയതിനാല്‍, അവനുവേണ്ടിയും സഹോദരര്‍ക്കുവേണ്ടിയും സ്വജീവന്‍ പരിത്യജിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല (1 യോഹ 3:16; യോഹ 15:13). സ്‌നേഹത്തിന്റെ ഈ പരമാവധി സാക്ഷ്യം സകലരുടെയും മുമ്പാകെ പ്രത്യേകിച്ച്, മര്‍ദകരുടെ മുമ്പാകെ, നല്കുന്നതിന് ആദിമകാലം മുതലേ ചില ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരുന്നു. അതുകൊണ്ട് രക്തസാക്ഷിത്വം, ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി സന്തോഷത്തോടെ മരണംവരിച്ച ഗുരുവിനോട് ശിഷ്യനെ അനുരൂപനാക്കുകയും രക്തം ചിന്തലില്‍ അവിടത്തോടു സദൃശ്വനാക്കുകയും ചെയ്യുന്നു. സഭ അതിനെ ഒരു വിശിഷ്ടദാനമായും സ്‌നേഹത്തിന്റെ അത്യൂന്നതമായ തെളിവായും വിലമതിക്കുന്നു. ചുരുക്കം ചിലര്‍ക്കുമാത്രമേ ഇതു നല്കപ്പെടുന്നുള്ളെങ്കിലും, മിശിഹായെ മനുഷ്യരുടെ മുമ്പില്‍ ഏറ്റുപറയുന്നതിനും സഭയ്ക്ക് എപ്പോഴുമുണ്ടായിരിക്കുന്ന പീഡനങ്ങളുടെ മധ്യേ കുരിശിന്റെ വഴിയില്‍ അവിടത്തെ അനുഗമിക്കുന്നതിനും എല്ലാവരും സന്നദ്ധരായിരിക്കേണ്ടതുണ്ട്.
(തുടരും)