നിങ്ങള്‍ ആരായാലും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു

അധ്യായം 5
സഭയില്‍ വിശുദ്ധിയിലേക്കുള്ള സാര്‍വത്രികവിളി

താഴ്ന്നപട്ടം ലഭിച്ചിട്ടുള്ള ശുശ്രൂഷകളും പ്രത്യേകവിധത്തല്‍ ഉന്നതപുരോഹിതന്റെ ദൗത്യത്തിലും കൃപാവരത്തിലും ഭാഗഭാക്കുകളാണ്. അവരില്‍ പ്രധാനമായി ഡീക്കന്മാര്‍ മിശിഹായുടെയും സഭയുടെയും രഹസ്യങ്ങളുടെ ശുശ്രൂഷകരെന്ന നിലയില്‍ എല്ലാ തിന്മകളിലും നിന്നും വിശുദ്ധീകൃതരായി തങ്ങളെത്തന്നെ സൂക്ഷിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും മനുഷ്യരുടെ മുമ്പില്‍ സര്‍വനന്മയും നിര്‍വഹിക്കുകയും ചെയ്യണം (1 തിമോ 1:8-10; 12-13)

ദൈവത്താല്‍ വിളിക്കപ്പെട്ടവരും അവിടത്തെ ഓഹരിയായി വേര്‍തിരിക്കപ്പെട്ടവരും അജപാലകന്മാരുടെ ശിക്ഷണത്തില്‍ ശുശ്രൂഷകളുടെ ജോലികള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുമായ ശുശ്രൂഷകള്‍ തങ്ങളുടെ മനസ്സും ഹൃദയവും ഇത്ര മഹത്തായ ഒരു തിരഞ്ഞെടുപ്പിന് അനുരൂപമാക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഇതിനായി തദനുസൃതമായ പ്രാര്‍ത്ഥനയിലും തീക്ഷ്ണമായ സ്‌നേഹത്തിലും സത്യവും നീതിയും മാന്യവുമായവയെക്കുറിച്ചെല്ലാം ചിന്തിച്ചുകൊണ്ട്, എല്ലാം ദൈവമഹത്വത്തിനും ബഹുമാനത്തിനുമായി ചെയ്യുകയും വേണം. ഇവരെക്കൂടാതെ, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ചില അല്മായര്‍ ശ്ലൈഹകജോലികള്‍ക്കായി പൂര്‍ണമായി സ്വയം സമര്‍പ്പിക്കാന്‍ വേണ്ടി മെത്രാന്മാരാല്‍ വിളിക്കപ്പെടുകയും ദൈവത്തിന്റെ വയലില്‍ ഏറെ ഫലദായകമായവിധം അദ്ധ്വാനിക്കുകയും ചെയ്യുന്നുണ്ട്.

വിശേഷിച്ച് മാതാപിതാക്കന്മാരും ക്രിസ്തീയ ദമ്പതികളും സ്വകീയമായ ജീവിതരീതി അനുവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വിശ്വസ്തമായ സ്‌നേഹത്തില്‍ ജീവിതകാലം മുഴുവന്‍ പരസ്പരം പ്രസാദവരത്തില്‍ നിലനില്‍ക്കാനും ദൈവത്തില്‍നിന്നു സ്‌നേഹപൂര്‍വം ലഭിച്ച സന്താനങ്ങളെ ക്രസ്തീയ പ്രബോധനങ്ങളാലും സുവിശേഷപുണ്യങ്ങളാലും നിറയ്ക്കാനും കടപ്പെട്ടിരിക്കുന്നു. അതുവഴി, അവര്‍ എല്ലാ മനുഷ്യര്‍ക്കും അക്ഷീണവും ഉദാരവുമായ സ്‌നേഹത്തിന്റെ മാതൃക കൊടുക്കുകയും സ്‌നേഹത്തിന്റെ സാഹോദര്യം പടുത്തുയര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ മിശിഹാ തന്റെ മണവാട്ടിയെ സ്‌നേഹിക്കുകയും അവള്‍ക്കുവേണ്ടി തന്നത്തന്നെ സമര്‍പ്പിക്കുകയും ചെയ്ത ആ സ്‌നേഹത്തിന്റെ അടയാളവും ഭാഗഭാഗിത്വവുമായി അവര്‍ നിലകൊള്ളുകയും ചെയ്യുന്നു.

ഇതിനു സമാനമായ മാതൃകതന്നെയാണ് വേറൊരു രീതിയില്‍ വിധവകളും അവിവാഹിതരും നല്കുന്നത്. അവര്‍ക്കും സഭയിലെ വിശുദ്ധിക്കും പ്രവര്‍ത്തനക്ഷമതയ്ക്കും അനല്പമായ സംഭാവനകള്‍ നല്കാന്‍ കഴിയും. തൊഴില്‍ ചെയ്യുന്നവര്‍, അതും പലപ്പോഴും കഠിനാദ്ധ്വാനം ചെയ്യുന്നവര്‍, മനുഷ്യ പ്രയത്‌നങ്ങള്‍ വഴി തങ്ങളെത്തന്നെ പൂര്‍ണരാക്കുന്നതിനും, സഹപൗരന്മാരെ സഹായിക്കുന്നതിനും സമൂഹത്തെയും സൃഷ്ടികളെയും മുഴുവന്‍ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് ഉയര്‍ത്തുന്നതിനും കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, പണിയായുധങ്ങള്‍കൊണ്ട് കരങ്ങള്‍ പ്രവര്‍ത്തനനിരതമാക്കുകയും സ്വപിതാവിനോടൊത്ത് സര്‍വരുടെയും രക്ഷയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത മിശിഹായെ അനുകരിച്ച്, പ്രത്യാശയില്‍ സന്തോഷിക്കുകയും, പരസ്പരം ഭാരങ്ങള്‍ വഹിക്കുകയും അനുദിനാധ്വാനം വഴി കൂടുതല്‍ ഉന്നതമായ വിശുദ്ധിയിലേക്ക് ശ്ലൈഹിക വിശുദ്ധിയിലേക്കുതന്നെ ഉയരുകയും ചെയ്യേണ്ടിയിരിക്കുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles