അത്മായര്‍ സംഘടിത ശക്തി നന്മയ്ക്കായി ഉപയോഗിക്കണം

36) അല്മായരുടെ രാജത്വം
(തുടര്‍ച്ച)
അല്മായര്‍ സംഘടിതശക്തിവഴി സാധാരണഗതിയില്‍ പാപത്തിലേക്കു പ്രേരിപ്പിക്കുന്ന ലോകത്തിന്റെ വ്യവസ്ഥിതികളും പരിതോവസ്ഥകളും നീതിയുടെ നിയമങ്ങള്‍ക്കനുസൃതമാക്കി, നന്മയുടെ അനുഷ്ഠാനത്തിനു തടസ്സമാകാതെ വളര്‍ത്തുന്നവയാക്കണം. ഇങ്ങനെ ചെയ്യുന്നതുവഴി മാനവസംസ്‌കാരവും പ്രവര്‍ത്തനങ്ങളും ധാര്‍മികശക്തിയാല്‍ നിറയും. ഈ രീതിയില്‍ ലോകമാകുന്ന കൃഷിഭൂമി ദൈവജനമാകുന്ന വിത്തിനു വേണ്ടി കൂടുതല്‍ ഭംഗിയായി ഒരുക്കപ്പെടും. അതോടൊപ്പം, ലോകത്തില്‍ സമാധാനത്തിന്റെ വിളംബരം പ്രവേശിക്കത്തവിധം സഭയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടും.
രക്ഷാവ്യവസ്ഥിതിയുടെ അടിസ്ഥാനത്താല്‍ത്തന്നെ സഭയില്‍ വിശ്വാസികള്‍ ഒന്നുചേര്‍ക്കപ്പെട്ടവരെന്ന നിലയിലും മാനവസമൂഹത്തിലെ അംഗങ്ങളെന്ന നിലയിലും തങ്ങളുടെ അവകാശങ്ങളും കടമകളും തമ്മില്‍ നന്നായി വിവേചിച്ചറിയാന്‍ പഠിച്ചിരിക്കണം.
ഏതു ഭൗതികകാര്യത്തിലും ക്രിസ്തീയ മനഃസാക്ഷിയാല്‍ നയിക്കപ്പെടാന്‍ കടമയുണ്ടെന്നു മനസ്സിലാക്കിക്കൊണ്ട് അവ രണ്ടും പരസ്പരം പൊരുത്തപ്പെടുത്താന്‍ പരിശ്രമിക്കണം. കാരണം, ഒരു മനുഷ്യപ്രവര്‍ത്തനവും കേവലം ഭൗതികവ്യാപാരത്തില്‍പോലും, ദൈവത്തിന്റെ ഭരണത്തില്‍നിന്ന് അകന്നുനില്ക്കാന്‍ പോരുന്നവയല്ല. ആധുനികകാലത്ത് വിശ്വാസികളുടെ പ്രവര്‍ത്തനരീതിയില്‍ ഈ വ്യത്യാസവും അതേസമയം പൊരുത്തവും കഴിവുള്ളിടത്തോളം വ്യക്തമായി തെളിച്ചുകാട്ടുക അവശ്യാവശ്യകമാണ്. അതുവഴിമാത്രമേ ഈ ലോകത്തിന്റെ ഇന്നത്തെ പരിതഃസ്ഥിതികളോട് സഭയുടെ പ്രത്യേകദൗത്യത്തിന് കൂടുതല്‍ അനുരൂപമായി പ്രതികരിക്കാന്‍ കഴിയുകയുള്ളു.
ഭൗമിക പൗരാവകാശങ്ങള്‍ ലൗകികതാത്പര്യങ്ങളോട് നൈയാമികമായി ബന്ധപ്പെട്ടവയായതുകൊണ്ട് അവയുടെ നിയമങ്ങളാല്‍ ഭരിക്കപ്പെടേണ്ടതാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. എങ്കിലും അതുപോലെതന്നെ, മതപരമായ ചിന്തയുടെ സ്വഭാവംപോലുമില്ലാതെ സമൂഹം വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയും മതപരമായ പൗരസ്വാതന്ത്ര്യം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ തത്വം പൂര്‍ണമായും നിഷേധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
(തുടരും)