ദൈവത്തിന്റെ രാജത്വം പ്രചരിപ്പിക്കാന്‍ അത്മായര്‍ക്കും കടമയുണ്ട്‌

36) അല്മായരുടെ രാജത്വം

മരണത്തോളം അനുസരണയുള്ളവനായിത്തീര്‍ന്നവനും അതിനാല്‍ പിതാവാല്‍ ഉയര്‍ത്തപ്പെട്ടവനുമായ മിശിഹാ (ഫിലി 2:8, 9) തന്റെ രാജ്യത്തിന്റെ മഹത്വത്തില്‍ പ്രവേശിച്ചു. താനും സര്‍വസൃഷ്ടികളും പിതാവിനു കീഴ്‌പ്പെടുകയും അങ്ങനെ ദൈവം എല്ലാറ്റിലും എല്ലാമായിത്തീരുകയും ചെയ്യുന്നതുവരെ (1 കോറി 15:27,28) തനിക്ക് എല്ലാം കീഴ്‌പ്പെട്ടിരിക്കുന്നു. ഈ അധികാരം തന്റെ ശിഷ്യരിലേക്ക് അവിടന്നു പകര്‍ന്നു. അവര്‍ രാജകീയ സ്വാതന്ത്ര്യത്തില്‍ ഉറപ്പിക്കപ്പെടാനും സ്വാര്‍ത്ഥപരിത്യാഗത്താലും വിശുദ്ധ ജീവിതത്താലും പാപത്തിന്റെ ഭരണം തങ്ങളില്‍ പരാജയപ്പെടുത്താനും (റോമ 6:12) വേണ്ടിയാണത്. മാത്രമല്ല, മറ്റുള്ളവരില്‍ മിശിഹായെ ശുശ്രൂഷിച്ചുകൊണ്ട് സ്വസഹോദരരെ ഈ രാജാവിന്റെ സന്നിധിയിലേക്ക് എളിമയോടും ക്ഷമയോടുംകൂടെ ആനയിക്കുന്നതിനു വേണ്ടിയുമാണിത്.

അവിടത്തെ ശുശ്രൂഷിക്കുകയെന്നാല്‍ ഭരിക്കുകയെന്നാണല്ലോ അര്‍ത്ഥം. കര്‍ത്താവ് തന്റെ രാജ്യം അല്മായ വിശ്വാസികള്‍ വഴിയും വ്യാപിപ്പിക്കാന്‍ അഭിലഷിച്ചു. അതായത്, സത്യത്തിന്റെയും ജീവന്റെയും രാജ്യം; വിശുദ്ധിയുടെയും കൃപാവരത്തിന്റെയും രാജ്യം; നീതിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രാജ്യം. ഈ രാജ്യത്തില്‍ സൃഷ്ടിതന്നെയും ജീര്‍ണതയുടെ അടമത്തത്തില്‍നിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിന്റെ മഹത്വത്തിലേക്കു വിമോചിപ്പിക്കപ്പെട്ടു (റോമ 8:21). വലിയ ഒരു വാഗ്ദാനവും വലിയ ഒരു കല്പനയും ശിഷ്യന്മാര്‍ക്കു നല്കി. ‘നിങ്ങള്‍ ക്രിസ്തുവിന്റെതും, ക്രിസ്തു ദൈവത്തിന്റെയും’ (1 കോറി 3:23).

അതിനാല്‍ വിശ്വാസികള്‍ സൃഷ്ടവസ്തുക്കളുടെയെല്ലാം ആന്തരിക സ്വഭാവവും മൂല്യവും ദൈവമഹത്വത്തിനായുള്ള അവയുടെ ക്രമവത്കരണവും അറിയാനും ലൗകിക പ്രവര്‍ത്തനങ്ങള്‍ വഴിയായി തമ്മില്‍ത്തമ്മില്‍ കൂടുതല്‍ വിശുദ്ധമായ ജീവിതത്തിനു സഹായിക്കാനും കടപ്പെട്ടിരിക്കുന്നു. ഇതുവഴി ലോകം മിശിഹായുടെ ചൈതന്യത്താല്‍ പൂരിതമായി നീതിയിലും സ്‌നേഹത്തിലും ശാന്തിയിലും അതിന്റെ ലക്ഷ്യം കൂടുതല്‍ ഫലവത്തായി നേടുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ കര്‍ത്തവ്യം സാര്‍വത്രികമായ നിറവേറ്റുന്നതില്‍ അല്മായര്‍ക്ക് സുപ്രധാനമായൊരു സ്ഥാനമുണ്ട്. അതുകൊണ്ട്, അവര്‍ തങ്ങളുടെ ഭൗതികവിജ്ഞാനത്തിലുള്ള കാര്യക്ഷമതവഴിയും കൃപാവരം വഴിയും ആന്തരികമായി ഉദ്ധരിക്കപ്പെട്ട പ്രവര്‍ത്തനം വഴിയും തീക്ഷ്ണമായ സേവനംചെയ്യട്ടെ.

ഇത് സൃഷ്ട വസ്തുക്കള്‍ സ്രഷ്ടാവിന്റെ ക്രമവത്കരണത്തിനും അവിടത്തെ വചനത്തിന്റെ പ്രകാശത്തിനുമനുസരിച്ച് മനുഷ്യപ്രയത്‌നത്താലും സാങ്കേതികവിദ്യായാലും പൗരസംസ്‌കാരത്താലും സകല മനുഷ്യരുടെയും പ്രയോജനത്തിനായി കൂടുതല്‍ മെച്ചമാക്കപ്പെടുന്നതിനും കൂടുതല്‍ അനുരൂപമായവിധം അവരുടെയിടയില്‍ അവ വിതരണം ചെയ്യപ്പെടുന്നതിനും അങ്ങനെ, മാനുഷികവും ക്രിസ്തീയവുമായ സ്വാതന്ത്ര്യത്തിലേക്കു ലോകം പ്രത്യേകവിധം സാര്‍വത്രിക പുരോഗതി പ്രാപിക്കുന്നതിനും വേണ്ടിയാണ്. അങ്ങനെ മിശിഹാ തന്റെ സഭയുടെ അംഗങ്ങള്‍വഴി മനുഷ്യസ്‌നേഹം മുഴുവന്‍ തന്റെ രക്ഷാകരമായ പ്രകാശത്താല്‍ ഉത്തരോത്തരം പ്രകാശിപ്പിക്കും.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles