സഭയില്‍ അത്മായരുടെ സ്ഥാനവും ദൗത്യവും

അദ്ധ്യായം 4 – അല്‍മായര്‍

30) അല്മായര്‍ സഭയില്‍

പരിശുദ്ധ സുനഹദോസ് ഹയരാര്‍ക്കിയുടെ കടമകളെപ്പറ്റി വിശദീകരിച്ചതിനു ശേഷം, സന്തോഷത്തോടെ, അല്മായര്‍ എന്നു വിളിക്കപ്പെടുന്ന ക്രിസ്തീയ വിശ്വാസികളുടെ ജീവിതാന്തസ്സിലേക്കു ശ്രദ്ധതിരിക്കുകയാണ്. ദൈവജനത്തെപ്പറ്റി പൊതുവായി പറയപ്പെട്ടവയെല്ലാം അല്മായര്‍ക്കും സന്യാസികള്‍ക്കും വൈദികാന്തസ്സുകാര്‍ക്കും ഒന്നുപോലെ സാര്‍ത്ഥകമാണെങ്കിലും അല്മായര്‍ക്ക് – പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും – ജീവിത സാഹചര്യങ്ങളും ദൗത്യവും നിമിത്തം ചില കാര്യങ്ങള്‍ പ്രത്യേകവിധമായി ബാധകമാണ്. അവയുടെ അടിസ്ഥാനങ്ങള്‍ നമ്മുടെ കാലത്തെ പ്രത്യേക സാഹചര്യങ്ങള്‍ നിമിത്തം കൂടുതല്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അല്മായര്‍ സഭ മുഴുവന്റെയും നന്മയ്ക്കായി എത്രമാത്രം സഹകരിക്കുന്നുവെന്ന് അവരുടെ അജപാലകന്മാര്‍ക്കു വ്യക്തമായി അറിയാം.

സഭയ്ക്ക് ലോകത്തോടുള്ള രക്ഷാകരദൗത്യം മുഴുവന്‍ തങ്ങളില്‍ത്തന്നെ നിക്ഷിപ്തമയാരിക്കുന്ന തരത്തില്‍ തങ്ങള്‍ നിയമിക്കപ്പെട്ടിട്ടില്ല; പ്രത്യുത, തങ്ങളുടെ ബഹുമാന്യമായ കടമ വിശ്വാസികള്‍ മുഴുനും തങ്ങളുടെതായ രീതിയില്‍ പൊതുവായ പ്രവര്‍ത്തനത്തില്‍ ഏകമനസ്സോടെ സഹകരിക്കത്തക്കവിധം അവരെ മേയ്ക്കുകയും അവരുടെ സേവനങ്ങളും വരദാനങ്ങളും അംഗീകരിക്കുകയും ചെയ്യുകയാണെന്നും അജപാലകര്‍ക്കറിയാം. കാരണം നാമെല്ലാവരും ‘സ്‌നേഹത്തില്‍ സത്യം മുറുകെപ്പിടിച്ചുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാ വിധത്തിലും വളരേണ്ടിയിരിക്കുന്നു. ഭാഗത്തിന്റെയും പ്രവര്‍ത്തനത്തിന്റെ തോതനുസരിച്ച് ശക്തിയേകുന്ന എല്ലാ സന്ധിബന്ധങ്ങളോടും സമന്വയിപ്പിച്ചും യോജിപ്പിച്ചും ശരീരത്തിന്റെ വളര്‍ച്ച, ‘സ്‌നേഹത്തിലുള്ള അതിന്റെ തന്നെ പരിപോഷണത്തിലൂടെ, അവന്‍ വഴി സാധ്യമാകുന്നു’ (എഫേ 4:15, 16).

31) അല്മായരുടെ സ്ഥാനവും ദൗത്യവും

അല്മായര്‍ എന്ന സംജ്ഞകൊണ്ട് ഇവിടെ മനസ്സിലാക്കേണ്ടത്, തിരുപ്പട്ടമോ സഭയില്‍ അംഗീകൃതമായ സന്യാസമോ സ്വീകരിക്കാത്തവരായ ക്രിസ്തീയ വിശ്വാസികള്‍ എന്നാണ്. ക്രിസ്തീയവിശ്വാസികള്‍ എന്നുവച്ചാല്‍, മാമ്മോദീസാവഴി മിശിഹായോട് ഏകശരീരമായിത്തീര്‍ന്ന്, ദൈവജനത്തില്‍ സ്ഥാനംലഭിച്ച്, മിശിഹായുടെ പുരോഹിത, പ്രവാചക, രാജകീയകൃത്യങ്ങളില്‍ താന്താങ്ങളുടെ രീതിയില്‍ പങ്കുകാരാക്കപ്പെട്ട, സഭയിലും ലോകമെമ്പാടുമുള്ള ക്രിസ്തീയജനതയുടെ മുഴുവനും ദൗത്യത്തിന്റെ സ്വകീയമായ ഭാഗം നിറവേറ്റുന്നവരാണ്.

അല്മായര്‍ക്കുള്ള ലൗകികസ്വഭാവം സ്വകീയവും സവിശേഷവുമാണ്. തിരുപ്പട്ടസ്ഥാനികര്‍ ചിലപ്പോഴൊക്കെ ലൗകികകാര്യങ്ങളില്‍ ഏര്‍പ്പെടാമെന്നതു ശരിയാണ്; അവര്‍ക്ക് ലൗകിക ജീവിതവൃത്തി ഉണ്ടായെന്നുംവരാം. എങ്കിലും തങ്ങളുടെ പ്രത്യേക ദൈവവിളികൊണ്ട് അവര്‍ പ്രധാനമായും സ്പഷ്ടമായും വിശുദ്ധശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ടിരിക്കുന്നു. സന്യാസികളാകട്ടെ, ലോകത്തെ രൂപഭേദം വരുത്തുന്നതിനും ദൈവത്തിനു സമര്‍പ്പിക്കുന്നതിനും സുവിശേഷഭാഗ്യങ്ങളുടെ ചൈതന്യത്താലല്ലാതെ സാദ്ധ്യമല്ലെന്നതിന് തങ്ങളുടെ ജീവിതാന്തസ്സുവഴി വ്യക്തവും അനിതരസാധാരണവുമായ സാക്ഷ്യം തങ്ങള്‍ക്കു നല്കുന്നു. എന്നാല്‍, അല്മായര്‍ അവക്കു സ്വന്തമായുള്ള ദൈവവിളിയില്‍ ഭൗതികവസ്തുക്കള്‍ കൈകാര്യം ചെയ്തുകൊണ്ടും ദൈവഹിതമനുസരിച്ച് ക്രമവത്കരിച്ചുകൊണ്ടും ദൈവരാജ്യം അന്വേഷിക്കേണ്ടവരാണ്. ലോകത്തില്‍, അതായത് ലൗകികമായ ഓരോരോ ഉദ്യോഗങ്ങളിലും ജോലികളിലും സാധാരണ കുടുംബ ജീവിതത്തിലും സാമൂഹിക പരിതോവസ്ഥകളിലും അവര്‍ ജീവിക്കുന്നു.

അവരുടെ നിലനില്പുതന്നെ അവയോടു ബന്ധിതമായിരിക്കുന്നു എന്നവിധം അവിടെ സുവിശേഷചൈതന്യത്താല്‍ നയിക്കപ്പെട്ട്, ലോകവിശുദ്ധീകരണത്തിനായി പുളിമാവുപോലെ പ്രവര്‍ത്തിച്ച് തങ്ങളുടെ കടമ നിര്‍വഹിച്ചു ജീവിക്കാന്‍ അവര്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തെ ഉള്ളില്‍നിന്നു നിയന്ത്രിക്കുന്നവരെപ്പോലെ, പ്രധാനമായും വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവയില്‍ ജ്വലിക്കുന്ന ജീവിതസാക്ഷ്യം വഴി മിശിഹായെ മറ്റുള്ളവര്‍ക്ക് അവര്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. തങ്ങള്‍ അവഗാഢം ബന്ധപ്പെട്ടിരിക്കുന്ന ഭൗതികവസ്തുക്കള്‍ മിശിഹായ്ക്കു യോജിച്ചവിധം നിരന്തരം രൂപവത്കരിച്ച് അവ വളര്‍ത്തുന്നതിനും അങ്ങനെ മിശിഹായും രക്ഷകനുമായവന്റെ മഹത്വത്തിനായി അവ പ്രകാശിപ്പിക്കുന്നതിനും ക്രമവത്കരിക്കുന്നതിനും വേണ്ടിയാണിത്.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles