മെത്രാന്മാര്‍ സുവിശേഷവല്കരണ താല്പര്യമുള്ളവരായിക്കണം എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

27) ഭരണകര്‍ത്തവ്യം

മെത്രാന്മാര്‍ തങ്ങള്‍ക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന പ്രാദേശികസഭകളെ മിശിഹായുടെ വികാരിമാരും സ്ഥാനപതികളും എന്ന നിലയ്ക്ക് ഉപദേശവും സത്‌പ്രേരണകളും സന്മാതൃകകളുംവഴി മാത്രമല്ല, ശരിയായ അധികാരപ്രയോഗം കൊണ്ടും വിശുദ്ധസിദ്ധികൊണ്ടും ഭരിക്കുന്നു. വലിയവന്‍ ചെറയവനെപ്പോലെയും യജമാനന്‍ ദാസനെപ്പോലെയും (ലൂക്കാ 22:26-27) ആണെന്ന് അനുസ്മരിച്ചുകൊണ്ട്, സ്വന്തം ജനത്തെ സത്യത്തിലും വിശുദ്ധിയിലും പടുത്തുയര്‍ത്താന്‍ ഈ സിദ്ധി ഉപയോഗിക്കുന്നു. അവര്‍ വ്യക്തിപരമായി മിശിഹായുടെ നാമത്തില്‍ വിനിയോഗിക്കുന്ന ഈ അധികാരം സഭയുടെ പരമാധികാരത്താലാണ് അന്തിമമായി നിയന്ത്രിക്കപ്പെടുന്നത്.

അങ്ങനെ, ഇതു സഭയുടെയോ വിശ്വാസികളുടെയോ പ്രയോജനത്തിനായി, ചില പരിധികള്‍ക്കു വിധേയമാകുമെന്നിരുന്നാലും, സ്വന്തവും സ്വാധികാരത്താലുള്ളതും നേരിട്ടുള്ളതുമാകുന്നു. ഈ അധികാരത്തിന്റെ ബലത്തില്‍ത്തന്നെ മെത്രാന്മാര്‍ക്ക് തങ്ങള്‍ക്കു കീഴിലുള്ളവര്‍ക്കായി നിയമങ്ങള്‍ നിര്‍മിക്കുവാനും വിധികള്‍ പ്രസ്താവിക്കാനും ആരാധനയെയും പ്രേഷിതപ്രവര്‍ത്തനത്തെയും സംബന്ധിക്കുന്ന സര്‍വവും നിയന്ത്രിക്കാനുള്ള വിശുദ്ധമായ അവകാശവും കര്‍ത്താവിന്റെ സന്നിധിയില്‍ ചുമതലയുണ്ട്.

അജപാലന കര്‍ത്തവ്യം അഥവാ സ്വന്തം അജഗണത്തിന്റെ നിരന്തരവും ദൈനംദിനമുള്ളതുമായ സംരക്ഷണം പൂര്‍ണമായും അവര്‍ക്കു ഭരമേല്പിക്കപ്പെട്ടിട്ടുള്ളതാണ്. റോമാമാര്‍പാപ്പായുടെ വികാരിമാരായല്ല അവര്‍ പരിഗണിക്കപ്പെടേണ്ടത്. കാരണം, തങ്ങള്‍ക്കു സ്വകീയമായ അധികാരമാണ് അവര്‍ വഹിക്കുന്നത്. തികഞ്ഞ അര്‍ത്ഥത്തില്‍ അവര്‍ ഭരണീയജനങ്ങളുടെ പ്രധാനാചാര്യന്മാര്‍ എന്നു വിളിക്കപ്പെടുന്നു. അതിനാല്‍, അവരുടെ അധികാരം പരമവും സാര്‍വത്രികവുമായ അധികാരത്താല്‍ നീക്കം ചെയ്യപ്പെടുന്നില്ല. മറിച്ച്, കൂടുതല്‍ ഊന്നിപ്പറയുകയും പ്രാബല്യപ്പെടുത്തുകയും ന്യായീകരിക്കുകയുമാണ്. എന്തെന്നാല്‍, കര്‍ത്താവായ മിശിഹാ തന്റെ സഭയില്‍ സ്ഥാപിച്ച ഭരണക്രമം അഭംഗുരം പരിശുദ്ധാത്മാവ് സംരക്ഷിക്കുന്നു.

സ്വന്തം കുടുംബം ഭരിക്കാന്‍വേണ്ടി ‘കുടുംബത്തലവനാല്‍’ അയയ്ക്കപ്പെട്ട മെത്രാന്‍ ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാന്‍ (മത്താ 20:28; മാര്‍ക്കോ 10:45), സ്വജീവന്‍ ആടുകള്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ (യോഹ 10:10-11) വന്ന നല്ലിടയന്റെ മാതൃക കണ്‍മുമ്പില്‍ വയ്ക്കട്ടെ. മനുഷ്യരില്‍ നിന്ന് എടുക്കപ്പെട്ടവനും ബലഹീനതകളാല്‍ വലയം ചെയ്യപ്പെട്ടവനുമായതുകൊണ്ട് അദ്ദേഹത്തിന് അജ്ഞരോടും വഴിതെറ്റിയവരോടും സഹതപിക്കാന്‍ കഴിയും (ഹെബ്രാ 5:1-2). യഥാര്‍ത്ഥത്തില്‍ മെത്രാന്‍ തന്റെ കീഴിലുള്ളവരെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുകയും ശുഷ്‌കാന്തിയോടെ മെത്രാന്‍ തന്നോടു സഹകരിച്ചു നീങ്ങാന്‍ ഉപദേശിക്കുകയും ചെയ്യണം.

അവരെ കേള്‍ക്കാന്‍ ഒട്ടും വിസമ്മതിക്കരുത്. അവരുടെ ആത്മാക്കള്‍ക്കു കണക്കു കൊടുക്കാനുള്ളവരായതുകൊണ്ട് (ഹെബ്രാ 13:17) പ്രാര്‍ത്ഥനയാലും പ്രസംഗത്താലും എല്ലാ പരസ്‌നേഹപ്രവൃത്തികളാലും അവരുടെ മാത്രമല്ല, ഇതേവരെ ഏക അജഗണത്തില്‍പ്പെടാത്തവരെങ്കിലും തനിക്കു കര്‍ത്താവില്‍ സമര്‍പ്പിക്കപ്പെട്ടവരായുള്ളവരുടെയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യണം. അദ്ദേഹം പൗലോസ് ശ്ലീഹയെപ്പോലെ എല്ലാവരോടും കടപ്പെട്ടവനായതുകൊണ്ട്, എല്ലാവരെയും സുവിശേഷവത്കരിക്കാന്‍ ശുഷ്‌കാന്തിയുള്ളവനായിരിക്കണം (റോമ 1:14-15); സ്വന്തം വിശ്വാസികളെ ശ്ലൈഹികവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. വിശ്വാസികളാകട്ടെ, സഭ ഈശോമിശിഹായോടും ഈശോമിശിഹാ പിതാവിനോടും ചേര്‍ന്നിരിക്കുന്നതുപോലെ, എല്ലാം ഐക്യത്തില്‍ പൊരുത്തപ്പെടുന്നതിനും ദൈവമഹത്വത്തില്‍ സമൃദ്ധമാകുന്നതിനുംവേണ്ടി (2 കോറി 4:15) മെത്രാനോടു കൂറുപുലര്‍ത്തുകയും വേണം.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles