രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 2

3 പുത്രന്റെ ദൗത്യവും പ്രവര്‍ത്തനവും
അതിനാല്‍, പിതാവിനാല്‍ അയയ്ക്കപ്പെട്ടവനായി ദൈവപുത്രന്‍ ആഗതനായി. പിതാവ് അവനില്‍ സര്‍വവും പുനരുദ്ധരിക്കാന്‍ തിരുമനസ്സായതുകൊണ്ട്, നമ്മെ ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവനില്‍ തിരഞ്ഞെടുക്കുകയും മക്കളായി ദത്തെടുക്കുവാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. (എഫേ. 1-4-5:10). അതിനാല്‍ മിശിഹാ പിതാവിന്റെ ഇഷ്ടം നിറവേറ്റാനായി ഭൂമിയില്‍ സ്വര്‍ഗരാജ്യം ഉദ്ഘാടനം ചെയ്യുകയും നമുക്കു പിതാവിന്റെ രഹസ്യം വെളിപ്പെടുത്തുകയും തന്റെ അനുസരണം വഴി വീണ്ടെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തു. തിരുസഭ, അഥവാ മിശിഹായുടെ രാജ്യം ഇപ്പോഴും നിഗൂഢതയില്‍ സ്ഥിതി ചെയ്യുന്നെങ്കിലും, ദൈവശക്തിയില്‍ ഭൂമിയില്‍ ദൃശ്യമാംവിധം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഈ ഉദ്ഭവവും വളര്‍ച്ചയുമാണ്, ക്രൂശിതനായ ഈശോയുടെ പാര്‍ശ്വത്തില്‍നിന്നു നിര്‍ഗളിച്ച രക്തവും ജലവുംകൊണ്ടു സൂചിപ്പിക്കപ്പെട്ടത് (യോഹ. 19:34). കര്‍ത്താവ് തന്റെ കുരിശുമരണത്തെപ്പറ്റി പറഞ്ഞ, ‘ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും’ (യോഹ. 12:32) എന്ന വാക്കുകളാല്‍ മുന്‍കൂട്ടി ബലിയര്‍പ്പിക്കപ്പെട്ടതും ഇതുതന്നെ. ‘കാരണം നമ്മുടെ പെസഹാക്കുഞ്ഞാടാ മിശിഹാ ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു’ (1 കോറി 5:7). കുരിശിലെ ആ ബലിയര്‍പ്പണം ബലിപീഠത്തില്‍ ആചരിക്കപ്പെടുമ്പോഴെല്ലാം നമ്മുടെ രക്ഷാകര്‍മ്മം അനുഷ്ഠിക്കപ്പെടുകയാണ്. അതോടൊപ്പം, പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന (1കോറി 10:7) വിശ്വാസികളുടെ ഐക്യത്തിന് പ്രതിനിധാനം ചെയ്യുകയും ഉളവാക്കുകയും ചെയ്യുന്നു. മിശിഹായാണ് ലോകത്തിന്റെ പ്രകാശം, അവനില്‍ നിന്നാണ് നാം മുന്നേറുന്നത്. അവന്‍ വഴിയാണ് നാം ജീവിക്കുന്നത്. അവനിലേക്കാണ് നാം ചരിക്കുന്നത്. ഇങ്ങനെയുള്ള മിശിഹായോടുള്ള ഈ ദൃശ്യഐക്യത്തിനായി സകല മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു.
4 സഭയെ പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവ്
ലോകത്തില്‍ നിറവേറ്റുന്നതിനായി പതാവ് പുത്രനെ ഭരമേല്‍പ്പിച്ച ഭൂമിയിലെ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ട ശേഷം (യോഹ. 17:4), സഭയെ നിരന്തരം വിശുദ്ധീകരിക്കുന്നതിനും വിശ്വസിക്കുന്നവര്‍ മിശിഹാ വഴി ഒരേ ആത്മാവില്‍ പിതാവിന്റെ സന്നിധിയില്‍ സ്വീകാര്യത നേടുന്നതിനും വേണ്ടി (എഫേ 2:18) പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവ് അയയ്ക്കപ്പെട്ടു. അവിടുന്നാണ് ജീവന്റെ ‘ആത്മാവ്’ അഥവാ, നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന നീരുറവ (യോഹ 4:14, 7:38-39). ഈ ആത്മാവുവഴിയാണ് പാപത്താല്‍ മൃതരായ മനുഷ്യരെ പിതാവു ജനിപ്പിച്ച് അവസാനം അവരുടെ മരണമുള്ള ശരീരങ്ങളെ മിശിഹായില്‍ ഉയിര്‍പ്പിക്കുന്നത് (റോമ 8:10-11). ആത്മാവ് തിരുസഭയിലും വിശ്വാസികളുടെ ഹൃദയങ്ങളിലും ഒരു ദേവാലയത്തിലെന്നപോലെ വസിച്ചുകൊണ്ട് (1 കൊറി 3:16, 6:19) പ്രാര്‍ത്ഥിക്കുകയും ദത്തുപുത്രസ്വീകരണത്തിന്റെ സാക്ഷ്യം നല്‍കുകയും ചെയ്യുന്നു. (ഗലാ 4:6 റോമാ 8:15-16, 26). ഈ ആത്മാവ് സര്‍വസത്യത്തിലും സഭയെ നയിച്ചുകൊണ്ടും (യോഹ 16:3) കൂട്ടായ്മയിലും ശുശ്രൂഷാസംവിധാനത്തിലും ഐക്യപ്പെടുത്തിക്കൊണ്ടും ഭരണക്രമപരമായ വിവിധ ദാനങ്ങളാലും സിദ്ധികളാലും സജ്ജീകരിക്കുകയും നിയന്ത്രിക്കുകയും തന്റെ ദിവ്യ ഫലങ്ങളാല്‍ അലങ്കരിക്കുകയും ചെയ്യുന്നു. (എഫേ 4:11-12, 1 കോറി 12:4, ഗലാ 5:22). സുവിശേഷത്തിന്റെ ധാര്‍മികശക്തിയാല്‍ തിരുസഭയെ നവയൗവനയുക്തയാക്കുകയും അവളെ നിത്യം നവീകൃതയാക്കുകയും അവളുടെ ദിവ്യമണവാളനോടുള്ള സമ്പൂര്‍ണ്ണമായ ഐക്യത്തിലേക്കാനയിക്കുകയും ചെയ്യുന്നു. അങ്ങനെ, അരൂപിയും മണവാട്ടിയും കര്‍ത്താവുമായ ഈശോയുടു പറയുന്നു: ‘വരുക’ (വെളി. 22:17).
‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തില്‍ ഒന്നാക്കപ്പെട്ട ഒരു ജനതയായി’ സാര്‍വത്രിക തിരുസഭ അങ്ങനെ സജ്ജീകൃതയായിരിക്കുന്നു.
(തുടരും)