രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 17
21) മെത്രാന്‍ പദവിയുടെ കൗദാശികത
അത്യുന്നതാചാര്യനായ നമ്മുടെ കര്‍ത്താവീശോമിശിഹാ വിശ്വാസികളുടെ മധ്യ സന്നിഹിതനായിരിക്കുന്നത് മെത്രാന്മാരിലൂടെയാണ്; വൈദികരാകട്ടെ, അവരുടെ സഹായികളും. അവിടന്ന് പിതാവായ ദൈവത്തിന്റെ വലത്തുവശത്തിരിക്കുന്നു. എങ്കിലും തന്റെ ആചാര്യന്മാരുടെ സമൂഹത്തില്‍ സന്നിഹിതനാകാതിരിക്കുന്നില്ല. പ്രത്യുത, പ്രധാനമായി, അവരുടെ ഉത്കൃഷ്ട സേവനത്തിലൂടെ സര്‍വജനപദങ്ങളോടും സുവിശേഷം പ്രസംഗിക്കുകയും വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസത്തിന്റെ കൂദാശകള്‍ നിരന്തരം പരികര്‍മം ചെയ്യുകയും ചെയ്യുന്നു. അവരുടെ പൈതൃകസേവനം വഴി (1 കോറി 4:15) പുതിയ അംഗങ്ങള്‍ സ്വര്‍ഗീയമായി പുനര്‍ജനിച്ച് തന്റെ ശരീരത്തോട് കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
തങ്ങളുടെ ബുദ്ധിയും വിവേകവും വഴി അവര്‍ പുതിയനിയമജനതയെ നിത്യസൗഭാഗ്യത്തിലേക്കുള്ള പരദേശയാത്രയില്‍ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ അജഗണത്തെ മേയ്ക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട ഈ ഇടയന്മാര്‍ മിശിഹായുടെ ശുശ്രൂഷകന്മാരും ദൈവികരഹസ്യങ്ങളുടെ കാരസ്ഥന്മാരുമാണ് (1 കോറി 4:1). ഇവര്‍ക്കാണ് ദൈവകൃപയുടെ സുവിശേഷത്തിന്റെ സാക്ഷ്യം ഭരമേല്പിക്കപ്പെട്ടിരിക്കുന്നത് (റോമ 13:16; അപ്പ 20:24). മഹത്വത്തില്‍ ആത്മാവിന്റെയും നീതിയുടെയും ശുശ്രൂഷയും അവരുടേതു തന്നെ (2 കോറി 3:8-9).
ഇത്രവലിയ കടമ നിര്‍വഹിക്കുവാന്‍ ശ്ലീഹന്മാരെ അവരുടെ മേല്‍ ഇറങ്ങിച്ചെന്ന പരിശുദ്ധാത്മവര്‍ഷത്താല്‍ മിശിഹാ സമ്പന്നമാക്കി (അപ്പ 18:24; യോഹ 20:22-23). അവരുടെ സഹായികള്‍ക്കും കൈവയ്പുവഴി ആത്മാവിന്റെ ദാനം നല്‍കി (1 തിമോ 4:14, 2 തിമോ 1:6-7). ഈ കൈവയ്പാണ് നമ്മുടെ ഇക്കാലംവരെ മെത്രാഭിഷേകത്തിലൂടെ കൈമാറ്റപ്പെട്ടിരിക്കുന്നത്. എന്നാല്‍, തിരുപ്പട്ട കൂദാശയുടെ പൂര്‍ണത മെത്രാഭിഷേകത്താല്‍ നല്കപ്പെടുന്നുവെന്ന് ഈ സുനഹദോസ് പഠിപ്പിക്കുന്നു. സഭയുടെ ആരാധനാപാരമ്പര്യത്തിലും വിശുദ്ധ സഭാപിതാക്കന്മാരുടെ പ്രസ്താവനകളിലും ഈ ഉന്നത പൗരോഹിത്യം വിശുദ്ധ ശുശ്രൂഷയുടെ ഉന്നതശ്രേണിയെന്നു വിളിക്കപ്പെടുന്നതില്‍ അത്ഭുതമില്ല.
മെത്രാഭിഷേകം വിശുദ്ധീകരിക്കാന്‍ വേണ്ടിയുള്ള ചുമതല മാത്രമല്ല, പഠിപ്പിക്കാനും ഭരിക്കാനുമുള്ള അധികാരവും പ്രദാനം ചെയ്യുന്നു. ഈ അധികാരം അതിന്റെ സ്വഭാവത്താല്‍ത്തന്നെ മെത്രാന്‍ സംഘത്തിന്റെ തലവനോടും അംഗങ്ങളോടും ചേര്‍ന്നു നിര്‍വഹിക്കേണ്ടതാണ് എന്തുകൊണ്ടെന്നാല്‍, ദൈവാരാധനാ രീതികളില്‍നിന്നു വെളിവാകുന്നത് കൈവയ്പും അഭിഷേകവചനങ്ങളും വഴി മെത്രാന്മാര്‍ പരിശുദ്ധാത്മാവിന്റെ പ്രസാദവരം പ്രാപിക്കുകയും അവരില്‍ വിശുദ്ധമുദ്ര പതിപ്പിക്കുകയും ചെയ്യുന്നുവെന്നും അതുവഴി അവര്‍ പ്രകടമാം വിധം മിശിഹായുടെതന്നെ അദ്ധ്യാപകന്‍, ഇടയന്‍, പ്രധാന പുരോഹിതന്‍ എന്നീ പദവികള്‍ സ്വീകരിക്കുന്നുവെന്നും അവിടത്തെ വ്യക്തിത്വത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ്. മെത്രാന്‍ സംഘത്തിലേക്കു പുതിയ അംഗങ്ങളെ തിരുപ്പട്ടം വഴി ഉയര്‍ത്തുകയെന്നതും മെത്രാന്മാരുടെ അധികാരസീമയില്‍പ്പെട്ട കാര്യമാണ്.
(തുടരും)